29 March Friday
മംഗളൂരുവിലെ ചികിത്സാവിലക്ക്‌

മരണം ഏഴായി; ക്രൂരതയോടെ ബിജെപി നേതൃത്വം

മുഹമ്മദ്‌ ഹാഷിംUpdated: Wednesday Apr 1, 2020
കാസർകോട്‌
മംഗളൂരുവിൽ കേരളത്തിൽനിന്നുള്ളവർക്കുള്ള വിലക്കിനെത്തുടർന്ന്‌ ചികിത്സ കിട്ടാതെ കാസർകോട്‌ ഏഴു പേർ മരിച്ചിട്ടും കൂസലില്ലാതെ  കർണാടക സർക്കാരും ബിജെപിയും. മംഗളൂരുവിൽ ശസ്‌ത്രക്രിയക്കുശേഷം തുടർചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശിയായ ഹൃദ്രോഗിയും ഒരു സ്‌ത്രീയുമാണ്‌ ചൊവ്വാഴ്‌ച മരിച്ചത്‌.തിങ്കളാഴ്‌ച മൂന്നുപേർ മരിച്ചിരുന്നു. നേരത്തെ രണ്ടുപേരും മരിച്ചു. ഇതിൽ രണ്ടുപേർ മഞ്ചേശ്വരത്ത്‌ ബന്ധുക്കളുടെ വീട്ടിൽ താമസിച്ച്‌ ചികിത്സ തേടിയിരുന്ന കർണാടക സ്വദേശികളായിരുന്നു. 
മംഗളൂരുവിലേക്കുള്ള അതിർത്തി തുറക്കില്ലെന്നാണ്‌ കേരള ഹൈക്കോടതിയിൽ കർണാടക സർക്കാർ നൽകിയ സത്യവാങ്‌മൂലത്തിലും വ്യക്തമാക്കിയിരിക്കുന്നത്‌. അതിർത്തി തുറക്കുന്നതിനെതിരെ സുപ്രീംകോടതിയിലും ഹർജി നൽകുമെന്ന്‌ ദക്ഷിണകന്നഡ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ പൂജാരി വ്യക്തമാക്കി. 
ദക്ഷിണ കന്നഡ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നളിൻകുമാർ കട്ടീലിന്റെയും കൂട്ടരുടെയും അജൻഡക്കും പിടിവാശിക്കുമനുസരിച്ചാണ്‌ കർണാടക സർക്കാരിന്റെ വിലക്ക്‌. പൗരത്വ  നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷാേഭകാലത്ത്‌ ഇവരെടുത്ത സങ്കുചിത നിലപാടിന്‌ സമാനമാണ്‌ ഇതും. ഇവരുടെ ഇംഗീതത്തിന്‌ തുള്ളുന്ന ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസാണ്‌ റോഡുകളിൽ മണ്ണിട്ട്‌ നികത്തിയും രോഗികളെ തടഞ്ഞും ക്രൂരത കാട്ടുന്നത്‌. കേരളവിരുദ്ധ വികാരമുണ്ടാക്കി രാഷ്‌ട്രീയനേട്ടം കൊയ്യാമെന്നാണ്‌ ബിജെപി കരുതുന്നത്‌. തീവ്രഹിന്ദുത്വ നിലപാടിലൂടെ വർഗീയധ്രുവീകരണമുണ്ടാക്കിയാണ്‌ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ കൈപ്പിടിയിലാക്കിയത്‌. കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ പിന്നോട്ടടിച്ചതിനെത്തുടർന്ന്‌ ആരോഗ്യമന്ത്രിയെ ചുമതലയിൽനിന്ന്‌ മാറ്റാൻ നിർബന്ധിതരായവരാണ്‌ കർണാടകത്തിലെ ബിജെപി. 
ദുരിതത്തിലായ ജനങ്ങളുടെ ക്ഷേമത്തിനായി സാമ്പത്തിക പാക്കേജൊന്നും കർണാടകം പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്കുള്ള പ്രതിഷേധം തണുപ്പിക്കാനാണ്‌ കേരളവിരുദ്ധ വികാരം പ്രചരിപ്പിക്കുന്നത്‌. എന്നാൽ ബിജെപി നേതൃത്വത്തിന്റെ കാടത്തം കർണാടകത്തിന്‌ വലിയ നാണക്കേടായതോടെ  ദക്ഷിണകന്നഡയിലെ ജനങ്ങളും വൈദ്യശാസ്‌ത്രരംഗത്തെ വിദഗ്‌ധരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്‌. കേരളത്തിലെയും കാസർകോട്‌ ജില്ലയിലെയും ബിജെപി നേതൃത്വം ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറാകാത്തും വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിന്റെ പാർടി ചുമതലയുള്ള നളിൻകുമാർ കട്ടീലിനെതിരെ മിണ്ടാൻ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ ഭയക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top