24 April Wednesday

ആശങ്കയില്ലാതെ അതിഥി തൊഴിലാളികൾ

പ്രത്യേക ലേഖകൻUpdated: Tuesday Mar 31, 2020
കണ്ണൂർ
പൊടുന്നനെയുണ്ടായ ലോക്ക്‌ഡൗണിൽ പകച്ച അതിഥി തൊഴിലാളികളെ ഇളക്കിവിടാൻ സംസ്ഥാനത്തെ പലമേഖലയിലും ശ്രമം നടക്കുമ്പോൾ  കണ്ണൂരിൽ സ്ഥിതി വ്യത്യസ്‌തം. ആശങ്കയേതുമില്ലാതെ, തികഞ്ഞ സന്തോഷത്തിലും സംതൃപ്‌തിയിലുമാണ്‌ ജില്ലയിൽ അതിഥി തൊഴിലാളികൾ. അവർക്ക്‌ ആത്മവിശ്വാസവും സുരക്ഷിതബോധവും പകരാൻ ജില്ലാ ഭരണസംവിധാനവും പൊലീസും നടത്തിയ ഇടപെടലും ഇതിൽ നിർണായകമായി.
   ഞായറാഴ്‌ച പായിപ്പാട്‌ സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ റവന്യൂ–- പൊലീസ്‌ ഉദ്യോഗസ്ഥർ ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവിധ ക്യാമ്പുകൾ സന്ദർശിച്ച്‌ സ്ഥിതിഗതികൾ പരിശോധിച്ചു. ജില്ലാ പൊലീസ് മേധാവി ജി എച്ച് യതീഷ്ചന്ദ്ര ഹിന്ദിയിൽ നടത്തിയ ബോധവൽക്കരണമാണ്‌ ഏറെ ശ്രദ്ധേയമായത്‌. തൊഴിലാളികളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ എസ്‌പി, നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കേണ്ടെന്നും എന്തുപ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാമെന്നും ഉറപ്പുനൽകി. ‘സ്വന്തം നാട്ടിലാണെന്ന ധാരണയോടെ  നിങ്ങൾക്ക്‌ ഇവിടെ താമസിക്കാം. വലിയ കരുതലാണ്‌ സർക്കാർ നിങ്ങളുടെ കാര്യത്തിൽ കാണിക്കുന്നത്‌. ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന്‌ മുഖ്യമന്ത്രി  തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌. ആർക്കും ഒരുതരത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല. മികച്ച സംവിധാനങ്ങളൊന്നും  ഒരുക്കാനാവില്ലെങ്കിലും ഭക്ഷണം, വെള്ളം, താമസം തുടങ്ങിയ അത്യാവശ്യ സംവിധാനം സർക്കാർ സൗജന്യമായി നൽകും.’ വാട്‌സ്ആപ്പിലൂടെയും മറ്റും ലഭിക്കുന്ന വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാവരുതെന്നും എസ്‌പി പറഞ്ഞു.  
വളപട്ടണം ഉൾപ്പെടെയുള്ള ക്യാമ്പുകളിൽ വൻ കരഘോഷത്തോടെയാണ്‌ എസ്‌പിയുടെ വാക്കുകൾ തൊഴിലാളികൾ സ്വീകരിച്ചത്‌. പലരും ഈ പ്രസംഗം റെക്കോഡ്‌ ചെയ്‌ത്‌ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്‌തു.
ദിവസക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികൾക്ക്‌ പണിയില്ലാതെ 21 ദിവസം ഇവിടെ കഴിയുക ദുസ്സഹമാണ്‌. ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ഇവിടെ തങ്ങുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന്‌ അവരെ ബോധ്യപ്പെടുത്താൻ അധികൃതർക്ക്‌ വലിയൊരളവോളം സാധിച്ചു.
ജില്ലയുടെ മറ്റു ഭാഗങ്ങളിൽ അതത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിവരങ്ങൾ അന്വേഷിക്കുന്നത്. ഹിന്ദി അറിയാവുന്ന പൊലീസുകാരെ ഉൾപ്പെടുത്തിയാണ് ബോധവൽക്കരണം. ഹോം ഗാർഡിന്റെ സേവനവും തേടുന്നു. 
താമസവും ഭക്ഷണവും കുടിവെള്ളവും ഉറപ്പുവരുത്തുകയെന്നതാണ് പ്രധാനമായും ചെയ്യുന്നത്. അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും എത്തിക്കാൻ ജില്ലാ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്‌. ആവശ്യമുള്ളവർക്ക് സമൂഹ അടുക്കള വഴി ഭക്ഷണവും  എത്തിക്കുന്നു.  അവശ്യസാധനങ്ങൾക്ക് ബുദ്ധിമുട്ടു നേരിടുകയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായാൽ നേരിട്ട്‌ ബന്ധപ്പെടുന്നതിന് ഫോൺ നമ്പറും നൽകിയാണ് പൊലിസ് സംഘം മടങ്ങുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top