06 February Monday
നവോത്ഥാനമൂല്യം സംരക്ഷിക്കുക, ലഹരി മാഫിയകളെ ഒറ്റപ്പെടുത്തുക

4000 കേന്ദ്രങ്ങളിൽ 
ലഹരിവിരുദ്ധ സദസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

കണ്ണൂർ

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന  സന്ദേശവുമായി 30 മുതൽ ഡിസംബർ 12 വരെ 1000 കേന്ദ്രങ്ങളിൽ നടത്തുന്ന സാംസ്കാരികസദസ്സും ലഹരിമാഫിയാസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന്‌ ഡിസംബർ മൂന്നിന് തലശേരിയിലും നാലിന് ജില്ലയിലെ 4000 കേന്ദ്രങ്ങളിലും നടക്കുന്ന ലഹരിവിരുദ്ധ സദസ്സുകളും വിജയിപ്പിക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു. 

 ലഹരിമാഫിയാസംഘം തലശേരിയിൽ നടത്തിയ ഇരട്ടക്കൊലപാതകം നാടിനെ നടുക്കിയ സംഭവമാണ്.  ലഹരിവിരുദ്ധ വാർഡ്തല ജാഗ്രതാ സമിതിയുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും ലഹരിക്കെതിരെ പ്രതികരിക്കുകയും ചെയ്തതിനാണ് ഷമീറിനെയും ഖാലിദിനെയും ക്രിമിനൽ സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നത്. ക്രൂരവും പൈശാചികവുമായ കൊലപാതകം ശക്തമായി അപലപിക്കേണ്ടതിന് പകരം ചിലർ പ്രതികളുടെ രാഷ്ട്രീയം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. നിരവധി തവണ നാർക്കോട്ടിക് കേസിൽ പ്രതിയായ ലഹരിമാഫിയാ സംഘത്തലവൻ ജാക്സന്റെ കൂട്ടുകാരാണ് കൊലയാളികൾ.  കൊലയാളി സംഘമായി മാറിയ ഇത്തരം ലഹരി മാഫിയകളെ വെള്ളപൂശുകയല്ല, നാടാകെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.

24 മണിക്കൂറിനകം മുഴുവൻ പ്രതികളെയും പിടികൂടുകയും വാഹനവും ആയുധങ്ങളും പിടിച്ചെടുക്കുകയും ചെയ്ത കേരള പൊലീസ് അഭിനന്ദനമർഹിക്കുന്നു. നിയമ നടപടികൊണ്ട് മാത്രം മാഫിയാ സംഘത്തെ ഒറ്റപ്പെടുത്താൻ കഴിയില്ല. ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തിയത് പോലെ ലഹരിമാഫിയാ സംഘങ്ങളെയും ഒറ്റപ്പെടുത്തണം. അതാണ് ലഹരിവിരുദ്ധ സദസ്സുകൾ ലക്ഷ്യമിടുന്നത്.  

വിശ്വാസികളായ വ്യക്തികളെപ്പോലും നാശത്തിലേക്ക് നയിക്കുന്നതാണ് മന്ത്രവാദവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും. മനുഷ്യജീവൻപോലും നഷ്ടപ്പെടുന്ന അനുഭവം നമ്മുടെ നാട്ടിലുണ്ടായി. പത്തനംതിട്ടയിലെ ആഭിചാരക്കൊലയും കണ്ണൂർ സിറ്റിയിൽ മന്ത്രവാദത്തിലൂടെ ഒരു കുട്ടിയുടെ ജീവൻ അപഹരിച്ചതും സമീപകാല ഉദാഹരണങ്ങളാണ്.  ഈ സാമൂഹ്യതിന്മക്കെതിരെ ലൈബ്രറി കൗൺസിലും പുരോഗമന കലാസാഹിത്യസംഘവും ശാസ്ത്രസാഹിത്യപരിഷത്തും സംയുക്തമായാണ്‌ 1000 സാംസ്കാരിക സദസ്സുകൾ സംഘടിപ്പിക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു. 

ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന സംവാദ സദസ്  കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്യും. ഡിസംബർ 12ന് വൈകിട്ട്‌ അഞ്ചിന്‌ നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാലയിലെ സമാപന പരിപാടിയിൽ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ പങ്കെടുക്കും. 

എൽഡിഎഫ് നേതൃത്വത്തിൽ ഡിസംബർ മൂന്നിന് വൈകിട്ട്‌ അഞ്ചിന്‌ തലശേരി പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് നടക്കുന്ന ലഹരിവിരുദ്ധ സദസ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും.

 

അന്ധവിശ്വാസങ്ങൾക്കെതിരെ സംവാദ സദസ്‌ ഇന്നുമുതൽ

കണ്ണൂർ

അന്ധവിശ്വാസങ്ങൾക്കും ആഭിചാരങ്ങൾക്കുമെതിരെ ജില്ലാ ലൈബ്രറി കൗൺസിലും പുരോഗമന കലാസാഹിത്യ സംഘവും ശാസ്ത്രസാഹിത്യ പരിഷത്തും സംഘടിപ്പിക്കുന്ന സംവാദസദസ്‌ ബുധനാഴ്‌ച തുടങ്ങും. വൈകിട്ട് നാലിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ  കെ ഇ എൻ കുഞ്ഞഹമ്മദ്‌ ഉദ്ഘാടനംചെയ്യും.  12 വരെ നീളുന്ന പരിപാടിയുടെ ഭാഗമായി 1500  സംവാദസദസ്‌ നടക്കും. ശാസ്ത്രാവബോധ  ചിന്തകൾ പുതുതലമുറയിലേക്ക് പകരുകയെന്ന ലക്ഷ്യത്തോടെ ലൈബ്രറി, ക്ലബ്, സ്കൂൾ, കോളേജ് എന്നിവ കേന്ദ്രീകരിച്ചാണ് സദസ്. സമാപന ദിവസം  കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ പ്രഭാഷണം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top