20 April Saturday
അസംതൃപ്‌തർ ഒരുമിച്ച്‌ എതിർപ്പുയർത്തും

കോൺഗ്രസിൽ പ്രതിഷേധം കനക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
തലശേരി
മമ്പറം ദിവാകരനെ പുറത്താക്കിയ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ നടപടിക്കെതിരെ കോൺഗ്രസിൽ പ്രതിഷേധം. ദിവാകരനോട്‌ നീതികാട്ടിയില്ലെന്ന വികാരത്തിലാണ്‌ ഗ്രൂപ്പ്‌ ഭേദമില്ലാതെ നേതാക്കളും പ്രവർത്തകരും. വിശദീകരണം ചോദിക്കാതെ ഒറ്റയടിക്ക്‌ പുറത്താക്കിയതാണ്‌ അതൃപ്‌തിക്ക്‌ പിന്നിൽ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും അനുനയനീക്കവുമായി ഫോണിൽ ബന്ധപ്പെട്ടു. കരുതലോടെയാണ്‌ മമ്പറം ദിവാകരന്റെ നീക്കം. കോൺഗ്രസുകാരനായി തുടരുമെന്നും ആശുപത്രിയെ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്നും ദിവാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 
     സുധാകരനുമായി വർഷങ്ങളായി തുടരുന്ന അഭിപ്രായഭിന്നതയാണ്‌ പുറത്താക്കലിൽ കലാശിച്ചത്‌. ദിവാകരൻ സ്ഥാനാർഥിയാകുന്നത്‌ തടയാൻ ശ്രമിച്ചതടക്കമുള്ള കാരണങ്ങൾ ഇതിന്‌ പിന്നിലുണ്ട്‌. സുധാകരന്റെ അഴിമതി തുറന്നുകാട്ടിയതോടെ മുഖ്യശത്രുവായി. ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിന്റെ മറയാക്കിയാണ്‌ സുധാകരന്റെ പ്രതികാരം.
 ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്ന കാരണം പറഞ്ഞാണ്‌ പുറത്താക്കൽ. പാനലിൽ ഉൾപ്പെടുത്താനുള്ള നിർദേശം ആരും നൽകിയില്ലെന്ന്‌ മമ്പറം ദിവാകരൻ തുറന്നു പറഞ്ഞു. 
ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കം അതൃപ്‌തരായ നേതാക്കൾ ഒന്നിച്ചുനിന്നാൽ കെപിസിസി അധ്യക്ഷനുള്ള പാർടിക്കുള്ളിലെ  ആദ്യ പ്രഹരം തലശേരിയിൽനിന്നാവും.
    ഡിസംബർ അഞ്ചിന്റെ തെരഞ്ഞെടുപ്പിന്‌ ഇതുവരെ ഇല്ലാത്ത വീറും വാശിയുമാവും ഇനി. പുറത്താക്കപ്പെട്ട  ദിവാകരൻ നയിക്കുന്ന പാനലും ഔദ്യോഗിക പാനലും തമ്മിലാണ്‌ മത്സരം. 5,800 വോട്ടർമാരാണുള്ളത്‌. നിലവിലുള്ള സാഹചര്യത്തിൽ ദിവാകരനാണ്‌ മേൽക്കൈ.  തീരുമാനത്തിൽനിന്ന്‌ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്‌ മമ്പറം ദിവാകരൻ.
12 ഡയറക്ടർമാരെ തെരഞ്ഞെടുക്കാൻ 24 പേരാണ്‌ മത്സരരംഗത്തുള്ളത്‌.
കെപിസിസി പ്രസിഡന്റാകാൻ സുധാകരൻ യോഗ്യനല്ല: മമ്പറം ദിവാകരൻ
തലശേരി 
കെപിസിസി പ്രസിഡന്റായിരിക്കാൻ കെ സുധാകരൻ യോഗ്യനല്ലെന്ന്‌ കെപിസിസി മുൻ എക്‌സിക്യൂട്ടീവംഗം മമ്പറം ദിവാകരൻ ഇന്ദിരഗാന്ധി ആശുപത്രിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത്‌ മഹത്തായ പദവിയാണ്‌.  സുധാകരൻ പ്രസിഡന്റാകാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. സ്ഥാനമേറ്റശേഷം ഒന്നും പറഞ്ഞിട്ടില്ല. ഇനി വായതുറന്നാൽ സുധാകരന്‌ താങ്ങാനാകില്ല.
പാർടിയിൽനിന്ന്‌ പുറത്താക്കിയതിനുപിന്നിൽ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണ്‌.  ചികിത്സയിൽ കഴിയുമ്പോൾ തൊട്ടടുത്ത മുറിയിൽ വന്നിട്ടും സുധാകരൻ തിരിഞ്ഞുനോക്കിയില്ല. ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലെ കോൺഗ്രസ്‌ നിലപാട്‌ അറിയില്ല. ഡിസിസിയുടെ ഒരു നേതാവും സമീപിച്ചിട്ടില്ല. കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പിലും കെപിസിസിയോ ഡിസിസിയോ ഇവിടേക്ക്‌ തിരിഞ്ഞുനോക്കിയില്ല. 1992ൽ ആശുപത്രി ചെയർമാനാകുമ്പോൾ ജൂബിലി റോഡിലെ വാടകക്കെട്ടിടത്തിലായിരുന്നു സ്ഥാപനം. ഇന്ന്‌ ആറേക്കർ സ്ഥലവും കെട്ടിടങ്ങളുമുണ്ട്‌. കുന്നോത്തുപറമ്പിൽ മെഡിക്കൽ കോളേജ്‌ സ്ഥാപിക്കാൻ ഏഴേക്കർ വേറെയുമുണ്ട്‌.  ആശുപത്രിയെ നശിപ്പിക്കാൻ ആരുവന്നാലും വിടില്ല. 
ബ്രണ്ണൻ കോളേജിൽ ചെയർമാൻ സ്ഥാനത്തേക്ക്‌ എനിക്കെതിരെ മത്സരിച്ചയാളാണ്‌ സുധാകരൻ. എനിക്ക്‌ 1400ലേറെ വോട്ടും സുധാകരന്‌ 81 വോട്ടുമാണ്‌ അന്ന്‌ ലഭിച്ചത്‌. എ കെ ബാലനാണ്‌ ജയിച്ചത്‌. 
മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടുകാരനാണ്‌. ചെത്തുതൊഴിലാളിയുടെ മക്കളാണെന്നതിൽ അഭിമാനിക്കുന്നവരാണ്‌ ഞങ്ങൾ. ധർമടം മണ്ഡലത്തിൽ ഒരുപാട്‌ വികസന പദ്ധതികൾ കൊണ്ടുവരാൻ മുഖ്യമന്ത്രിക്ക്‌ സാധിച്ചു. പുറത്താക്കലിനുശേഷം ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും പി സി ചാക്കോയും വിളിച്ചിരുന്നു. നെഹ്‌റു കുടുംബത്തിനും കോൺഗ്രസിനുമൊപ്പം ജീവിതാന്ത്യംവരെയുണ്ടാകുമെന്നും മമ്പറം ദിവാകരൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top