09 December Saturday
കോടിയേരി അനുസ്‌മരണം നാളെ

തലശേരിയിലും തളിപ്പറമ്പിലും വളന്റിയർ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023
തലശേരി
ജനഹൃദയങ്ങളിൽ ഇടം നേടിയ കോടിയേരി ബാലകൃഷ്‌ണന്റെ ഒന്നാം ചരമവാർഷികദിനമായ ഞായറാഴ്‌ച വൈകിട്ട്‌ തലശേരി ടൗണിൽ ബഹുജനറാലിയും വളന്റിയർമാർച്ചും. വൈകിട്ട്‌  മൂന്നിന് തലശേരി കോട്ട പരിസരത്തുനിന്ന് വളന്റിയർ മാർച്ച്‌ ആരംഭിക്കും. തലശേരി, പാനൂർ, പിണറായി ഏരിയ കേന്ദ്രീകരിച്ചാണ്‌ മാർച്ച്‌. വൈകിട്ട്‌ 5ന്‌ പുതിയ ബസ്‌സ്‌റ്റാൻഡിൽ ബഹുജനറാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഇ പി ജയരാജൻ, കെ കെ ശൈലജ , എം വി ജയരാജൻ, കാരായി രാജൻ എന്നിവർ സംസാരിക്കും. 
    കോടിയേരി–-സിഎച്ച്‌ കണാരൻ ചരമദിനത്തോടനുബന്ധിച്ച്‌ 20വരെ നടക്കുന്ന ‘ചിരസ്‌മരണ’  പേരിലുള്ള വിവിധ പരിപാടികൾക്കും കോടിയേരി ദിനത്തിൽ തുടക്കമാകും. ഏരിയയിലെ 13 ലോക്കലുകളിലും സെമിനാറും അനുസ്‌മരണ സമ്മേളനവും ചേരും. സി എച്ച്‌ കണാരൻ ചരമദിനമായ 20ന്‌ രാവിലെ പുന്നോലിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും വൈകിട്ട്‌ തലശേരി പുതിയ ബസ്‌സ്‌റ്റാൻഡിൽ പൊതുസമ്മേളനവും ചേരും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും.
തളിപ്പറമ്പ്‌
തളിപ്പറമ്പിൽ അനുസ്മരണ സമ്മേളനവും റെഡ് വളന്റിയർ മാർച്ചും  ഉണ്ടപ്പറമ്പ് മൈതാനിയിൽ നടക്കും. തളിപ്പറമ്പ്,  ശ്രീകണ്ഠപുരം, ആലക്കോട്,  പെരിങ്ങോം, പയ്യന്നൂർ, മാടായി ഏരിയയിൽനിന്നുള്ള  അയ്യായിരത്തിലധികം വരുന്ന റെഡ് വളന്റിയർ
മാരുടെ മാർച്ച് കാക്കാത്തോട് ബസ്‌സ്റ്റാൻഡിൽനിന്ന് 3-.30ന് ആരംഭിക്കും. 
  വളന്റിയർ മാർച്ചിന് ജില്ലാ വൈസ് ക്യാപ്റ്റൻ  സരിൻ ശശി നേതൃത്വം നൽകും. വൈകിട്ട്‌  അഞ്ചിന്‌  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. തുടർന്ന് അനുസ്മരണ സമ്മേളനം  സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ  ഉദ്ഘാടനംചെയ്യും.  നേതാക്കളായ പി കെ ശ്രീമതി, ടി വി രാജേഷ്, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, എംഎൽഎമാരായ ടി ഐ മധുസൂദനൻ, എം വിജിൻ എന്നിവർ പങ്കെടുക്കും. കാക്കാത്തോട് ബസ്‌സ്റ്റാൻഡിൽനിന്നാരംഭിക്കുന്ന വളന്റിയർ മാർച്ച് ചിറവക്ക്, നബാസ് ജങ്‌ഷൻ, കോർട്ട് റോഡ് വഴി ഉണ്ടപ്പറമ്പിലെത്തും.
‘ഓർമകളിൽ കോടിയേരി’ 
പുസ്‌തക പ്രകാശനം ഇന്ന്‌
തലശേരി
തലശേരി പ്രസ്‌ഫോറവും പത്രാധിപർ ഇ കെ നായനാർ സ്‌മാരക ലൈബ്രറിയും ചേർന്ന്‌ പ്രസിദ്ധീകരിച്ച ‘ഓർമകളിൽ കോടിയേരി’ പുസ്‌തകം ശനി വൈകിട്ട്‌ നാലിന്‌ ഡോ. വി ശിവദാസൻ എംപി പ്രകാശിപ്പിക്കും. കോൺഗ്രസ്‌ നേതാവ്‌ സജീവ്‌ മാറോളിക്ക്‌ നൽകിയാണ്‌ പ്രകാശനം. പ്രസ്‌ഫാറത്തിൽ ചേരുന്ന ചടങ്ങിൽ വിവിധ രാഷ്‌ട്രീയപാർടി നേതാക്കൾ, ഗ്രന്ഥശാല പ്രവർത്തകർ എന്നിവർ കോടിയേരിയെ അനുസ്‌മരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ, മാധ്യമപ്രവർത്തകർ എന്നിവരുടെ  കോടിയേരി സ്‌മരണയാണ്‌ ഗ്രന്ഥത്തിലുള്ളത്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top