കണ്ണൂർ
ജില്ലയിലെ കലാലയങ്ങളിൽ വീണ്ടും വിജയഗാഥയെഴുതി എസ്‌എഫ്‌ഐ. കലാലയങ്ങൾ എക്കാലവും നെഞ്ചേറ്റിയ പ്രസ്ഥാനത്തിന് ഇത്തവണയും ഉജ്വലവിജയമാണ് വിദ്യാർഥികൾ സമ്മാനിച്ചത്. വലതുപക്ഷശക്തികളും മുഖ്യധാരാമാധ്യമങ്ങളും നുണക്കോട്ടകൾ കെട്ടി എസ്‌എഫ്‌ഐയെ കടന്നാക്രമിച്ചിട്ടും കലാലയങ്ങൾ പ്രസ്ഥാനത്തെ ഹൃദയത്തോടുചേർത്തു. വിദ്യാർഥികളുടെ ശബ്‌ദമാകാനും സമരമുഖങ്ങളിൽ സന്ധിയില്ലാത്ത പോരാട്ടങ്ങൾക്കിറങ്ങാനും മറ്റൊരു പ്രസ്ഥാനമില്ലെന്ന ബോധ്യവും വിശ്വാസവും എസ്‌എഫ്‌ഐയെ വീണ്ടും വിജയത്തേരിലേറ്റുകയാണ്.
അരാഷ്ട്രീയതക്കെതിരെ സർഗാത്മക രാഷ്ട്രീയം, വർഗീയതയ്‌ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ജില്ലയിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 48 കോളേജുകളിൽ 20 കോളേജുകളിലും എതിരില്ലാതെയാണ് എസ്‌എഫ്‌ഐ വിജയിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 28ൽ 19ലും എസ്എഫ്ഐ ജയിച്ചു.
ചൊക്ലി ഗവ. കോളേജ്, മാത്തിൽ ഗുരുദേവ്, പയ്യന്നൂർ സ്വാമി ആനന്ദതീർഥ ക്യാമ്പസ്, നെസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, കുറ്റൂർ സൺറൈസ്, കുറ്റൂർ ജേബീസ് ബിഎഡ് കോളേജ്, പാപ്പിനിശേരി ആംസ്റ്റെക്, കൂത്തുപറമ്പ് എംഇഎസ്, പിലാത്തറ കോ–-ഓപ്പറേറ്റീവ് കോളേജ്, മയ്യിൽ ഐടിഎം, തളിപ്പറമ്പ് ടാസ്‌ക്, കാസ്‌പ്, മോറാഴ സ്‌റ്റെംസ്, പിലാത്തറ ലാസ്യ, തലശേരി ടിഐഎഎസ്, തോട്ടട ഐഐഎച്ച്‌ടി എന്നിവിടങ്ങളിലും കൂത്തുപറമ്പ്, നെരുവമ്പ്രം, പിണറായി, ഇരിട്ടി ഐഎച്ച്‌ആർഡി എന്നീ കോളേജുകളിലുമാണ് എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചത്. മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ ഒരു സീറ്റിൽ മാത്രമാണ് മത്സരം നടന്നത്.
കണ്ണൂർ എസ് എൻ കോളേജ്, പാലയാട് ക്യാമ്പസ്, പയ്യന്നൂർ കോളേജ്, ബ്രണ്ണൻ കോളേജ്, മാങ്ങാട്ടുപറമ്പ് ക്യാമ്പസ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളും എസ്എഫ്ഐ നേടി. കെഎസ്‌യു അക്രമത്തെ തുടർന്ന് കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് ഒഴിവാക്കിയ എസ് എന്നിൽ 25 ൽ 25 ഉം നേടിയാണ് വിജയം.
കെഎസ്‌യുവിന്റെ കോട്ടയായ നിർമലഗിരി കോളേജിൽ ഒമ്പത് മേജർ സീറ്റുകളിൽ അഞ്ചെണ്ണം നേടി യൂണിയൻ പിടിച്ചെടുത്തു. ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജിൽ ചെയർമാനടക്കം 15 സീറ്റുകൾ എതിരില്ലാതെ ജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന ബാക്കി അഞ്ചിൽ നാലും നേടി.
അങ്ങാടിക്കടവ് ഡോൺ ബോസ് കോ കോളേജ് യൂണിയൻ ഒമ്പതിൽ എട്ട് മേജർ സീറ്റ് നേടിയാണ് കെഎസ്‌യുവിൽനിന്ന് എസ്എഫ്ഐ പിടിച്ചെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..