കണ്ണൂർ
തൊണ്ണൂറുകൾവരെ നിരത്തുകളിലെ രാജാവായിരുന്നു അംബാസഡർ കാറുകൾ. രാഷ്‌ട്രപതിമുതൽ സാധാരണക്കാർവരെ ഉപയോഗിച്ച കാർ. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് പുറത്തിറക്കിയ അംബാസഡർ കാറുകളെ സമ്പന്നർ സ്വന്തമാക്കിയപ്പോൾ സാധാരണക്കാർക്കത് ടാക്‌സി വണ്ടിയായി.
മാരുതിയുടെ ചെറുകാറുകൾ അംബാസഡർ കാറുകളുടെ താരപരിവേഷം കവർന്നപ്പോൾ അപൂർവംപേരുടെ ഗൃഹാതുരതയുംപേറി ഇവ നിരത്തുകളിലെ കൗതുകക്കാഴ്‌ചയാകുന്നു.
1958ൽ പുറത്തിറക്കിയ അംബാസഡറിന്റെ രൂപകൽപ്പന ഇംഗ്ലണ്ടിലെ മോറിസ് ഓക്സ്ഫോർഡ് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ്. കുണ്ടും കുഴിയുംനിറഞ്ഞ ഇന്ത്യൻ റോഡുകളിലൂടെയുള്ള സുഗമയാത്രക്ക് ഏറ്റവും അനുയോജ്യമായിരുന്നു ഇവയുടെ രൂപകൽപ്പന. കൊൽക്കത്തയിലെ പ്ലാന്റിലാണ് കാർ നിർമിച്ചിരുന്നത്. പിന്നീട് വിവിധയിടങ്ങളിൽ പ്ലാന്റുകൾ തുറന്നു. 2002വരെ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായി. സർക്കാരിന്റേതടക്കമുള്ള മേധാവികളെല്ലാം ഉപയോഗിച്ചതും ഈ കാറുകൾതന്നെ. ആദ്യകാലത്ത് പെട്രോൾ എൻജിനിൽ മാത്രം ഇറങ്ങിയ കാറുകൾ പിന്നീട് ഡീസലിലും എൽപിജിയിലും ലഭ്യമായി. പുതുതലമുറ കാറുകളുടെയും വിദേശനിർമിത കാറുകളുടെയും വരവോടെയാണ് പതിറ്റാണ്ടുകളോളം ആശ്രയമായ അംബാസഡറുകൾ കളംവിട്ടത്. 2014ൽ കൊൽക്കത്തയിലെ അവസാന പ്ലാന്റും അടച്ചുപൂട്ടിയതോടെ ഇന്ത്യയിലെ കാറിന്റെ ഉൽപ്പാദനം പൂർണമായും നിലച്ചു.
നിലവിൽ അംബാസഡർ കാർ കൈയിലുള്ളവർ സ്വകാര്യാവശ്യത്തിനുമാത്രമാണ് ഉപയോഗിക്കുന്നത്. സ്‌പെയർ പാർട്‌സുകൾ ലഭിക്കാത്തതും ഇന്ധനക്ഷമത കുറവായതും രൂപത്തിലെ പഴമയും ഇരുമ്പുവിലയ്‌ക്ക് വിൽക്കാൻ ഉടമകളെ പ്രേരിപ്പിച്ചു.
മനസ്സുനിറച്ച 2 വ്യാഴവട്ടക്കാലം
ഇനിയുമേറെക്കാലം ഉപയോഗിക്കാനാകുമെങ്കിലും കാർ കൈയൊഴിയാനാണ് പെരളശേരിയിലെ പുനത്തുംകണ്ടി രമേശന്റെയും തീരുമാനം. 24 വർഷം ടാക്‌സിയായും അഞ്ചുവർഷമായി പ്രൈവറ്റായും ഉപയോഗിക്കുന്ന കാറിന്റെ പെർമിറ്റ് കാലാവധി അടുത്തവർഷം കഴിയും. 1981ൽ ഡ്രൈവിങ് തുടങ്ങിയതുമുതൽ ജീവിതത്തിനൊപ്പമുണ്ട്. ഇനി കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്–- രമേശൻ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..