26 April Friday

മുഖ്യമന്ത്രിയെ ഗവർണർ എതിർക്കുന്നത്‌ 
ഭരണഘടനാവിരുദ്ധം: ഡോ. സെബാസ്‌റ്റ്യൻ പോൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം കണ്ണൂരിൽ സംഘടിപ്പിച്ച ഭരണഘടനയും ഗവർണറും സെമിനാർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയ്യുന്നു

 കണ്ണൂർ

കേന്ദ്രം നിയമിക്കുന്ന ഗവർണർ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ എതിർക്കുന്നത്‌ ഭരണഘടനാവിരുദ്ധമെന്ന്‌ ഡോ. സെബാസ്‌റ്റ്യൻ പോൾ. പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘ഭരണഘടനയും ഗവർണറും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   അഞ്ച്‌ വർഷം  ഭരണം നടത്തി കൂടുതൽ അംഗബലത്തോടെ വീണ്ടും അധികാരത്തിലേറിയ മുഖ്യമന്ത്രിയെ ഗവർണർ രാഷ്‌ട്രീയതാൽപ്പര്യം മുൻനിർത്തി എതിർക്കുകയാണ്‌. മുഖ്യമന്ത്രിമാരുമായി ഏറ്റുമുട്ടിയ ഗവർണർമാരെല്ലാം പരാജയം അറിഞ്ഞിട്ടുണ്ടെന്നത്‌ ചരിത്രം. സുപ്രീംകോടതിതന്നെ ഇത്തരം വിഷയത്തിൽ പുറപ്പെടുവിച്ച ധാരാളം വിധിന്യായങ്ങളുമുണ്ട്‌. ഗവർണറായി നിയമിച്ച പാർടിയുടെ യജമാനന്മാരെ തൃപ്‌തിപ്പെടുത്താനുള്ള പ്രവൃത്തിയാണ്‌ ആരിഫ്‌ മൊഹമ്മദ്‌ഖാൻ ചെയ്യുന്നത്‌.  
   ഫെഡറൽ സംവിധാനത്തിൽ നല്ല ഉത്തരവാദിത്വം വേണ്ടയാളാണ്‌ ഗവർണർ. ഫെഡറൽ തത്വങ്ങൾ പാടെ തിരസ്‌കരിച്ച്‌ സംസ്ഥാനത്തെ കേന്ദ്രത്തിന്റെ സാമന്തദേശമാക്കാൻ ഗവർണർ ശ്രമിച്ചാൽ എതിർക്കാതിരിക്കാൻ കഴിയില്ല. ജനവിധിയുടെ കരുത്തോടെ ഭരിക്കുന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജനങ്ങൾക്കാണെന്നും സെബാസ്‌റ്റ്യൻ പോൾ പറഞ്ഞു. 
  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. പി എം സുരേഷ്‌ബാബു സംസാരിച്ചു. പി ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി പുരുഷോത്തമൻ, എൻ സുകന്യ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top