26 April Friday
അഗ്നിരക്ഷാസേന രക്ഷകരായി

അബോധാവസ്ഥയിൽ 
ചെത്തുതൊഴിലാളി തെങ്ങിൽ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

തെങ്ങിൽ കുടുങ്ങിയ ചെത്തുതൊഴിലാളിയെ താഴെയിറക്കുന്നതിനായി നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു

പിണറായി
കള്ള് ചെത്താൻ തെങ്ങിൽ കയറി കുടുങ്ങിയ ചെത്തുതൊഴിലാളിക്ക്‌ രക്ഷകരായത്‌ അഗ്നിരക്ഷാസേന. പിണറായി ചേരിക്കലിലെ ചാത്തനാണ്ടി ഹൗസിൽ സി പ്രേമൻ (60) ആണ് അബോധാവസ്ഥയിൽ തെങ്ങിൽ   കുടുങ്ങിയത്. വെങ്ങിലോട്ട് ഹൗസിൽ വി എം സുഗുണന്റെ വീട്ടുപറമ്പിലെ തെങ്ങിൽ കള്ള്‌ ചെത്താൻ ഞായറാഴ്ച രാത്രി കയറിയതായിരുന്നു. കൂത്തുപറമ്പ് അഗ്നിരക്ഷാസേന എത്തിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
പതിവായി തെങ്ങ് കയറി മടങ്ങി വീട്ടിലെത്തേണ്ട സമയം കഴിഞ്ഞ്‌ മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രേമനെ കാണാതായതോടെയാണ് ഭാര്യയും സഹോദരനും തിരക്കിയിറങ്ങിയത്. എല്ലാ വീടുകളിലും കയറിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല.  സുഗുണന്റെ വീട്ടിലുമില്ലെന്ന്‌  മനസ്സിലായതോടെ സംശയം തോന്നി ടോർച്ചടിച്ച്   നോക്കിയപ്പോഴാണ് പ്രേമൻ തെങ്ങിൻ മുകളിൽ കുരുങ്ങി കിടക്കുന്നത് കണ്ടത്.
രാത്രി ഒമ്പതരയോടെ പിണറായി പൊലീസ് സ്റ്റേഷനിൽനിന്ന്‌ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അസി. സ്റ്റേഷൻ ഓഫീസർമാരായ ഒ കെ രജീഷ്, പി കെ ജയരാജൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളിൽ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ സി എം പ്രവീൺ, കെ വിനോയ്, ഹോം ഗാർഡ് കെ മനോജ് കുമാർ എന്നിവർ 40 അടി ഉയരമുള്ള  തെങ്ങിൽ കയറിയാണ്‌ പ്രേമനെ സുരക്ഷിതമായി താഴെ ഇറക്കിയത്‌. തുടർന്ന്‌ തലശേരി കോ–-- ഓപ്പറേറ്റീവ് ആശുപത്രിയിൽ എത്തിച്ചു. തുടർ ചികിത്സയ്‌ക്കായി ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top