26 April Friday
ചേലോറയിൽ മുന്നറിയിപ്പുകൾ അവഗണിച്ചു

അപകടത്തിന്‌ വഴിയൊരുക്കിയത്‌ 
കോർപറേഷൻ അനാസ്ഥ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ പാർക്കിൽ പുൽമൈതാനി കത്തി നശിച്ച നിലയിൽ (ഫയൽ ചിത്രം)

കണ്ണൂർ
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ സ്ഥിതി രൂക്ഷമാക്കിയത്‌ കോർപറേഷന്റെ കടുത്ത അനാസ്ഥ. നിരവധി തവണ മുന്നറിയിപ്പ്‌ ലഭിച്ചിട്ടും അവഗണിച്ചതാണ്‌ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരത്തിന്‌ തീപിടിക്കുന്നതിലേക്ക്‌ നയിച്ചത്‌. പ്രശ്‌നപരിഹാരത്തിനുള്ള നടപടി സ്വീകരിക്കാത്ത മേയർ ദുരന്തമുണ്ടായതോടെ അട്ടിമറി സംശയമെന്ന രാഷ്‌ട്രീയക്കളി നടത്തുകയായിരുന്നു.
ചേലോറ മാലിന്യസംസ്‌കരണകേന്ദ്രത്തിൽ ഞായർ പുലർച്ചെയാണ്‌ തീപിടിത്തമുണ്ടായത്‌. പ്ലാസ്റ്റിക്‌ ഉൾപ്പെടെയുള്ള  മാലിന്യക്കൂമ്പാരത്തിന്‌ തീപിടിച്ചതോടെ ആറ് സ്‌റ്റേഷനുകളിൽനിന്നായി പന്ത്രണ്ട്‌ യൂണിറ്റുകൾ എട്ടുമണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്. ബയോമൈനിങ് യന്ത്രം ഉപയോഗിച്ച് മാലിന്യം വേർതിരിക്കുന്ന സ്ഥലത്തിനുസമീപത്താണ് തീപിടിത്തമുണ്ടായത്. വലിയ മരങ്ങളും കത്തിനശിച്ചു.  പതിറ്റാണ്ടുകളായി മാലിന്യം തള്ളുന്ന ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ  വൻ മാലിന്യമലയാണുള്ളത്‌. മാലിന്യം വേർതിരിച്ച്‌ സംസ്‌കരിക്കാനുള്ള പ്രവർത്തനം നടക്കുന്നുണ്ട്‌. എന്നാൽ കരാറെടുത്ത കമ്പനികൾ തമ്മിലുള്ള പ്രശ്‌നം കാരണം വേർതിരിക്കൽ എങ്ങുമെത്തിയിട്ടില്ല. മാലിന്യങ്ങളിൽനിന്ന്‌ വേർതിരിച്ച പ്ലാസ്‌റ്റിക്‌ ഒരു ലോഡുപോലും ഇവിടെനിന്ന്‌ നീക്കിയിട്ടുമില്ല. 1,25,000 ക്യൂബിക്‌ മീറ്റർ മാലിന്യമാണ്‌ ഇവിടെ സംസ്‌കരിക്കാനുള്ളത്‌. ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്കരണപ്രവൃത്തി വേഗത്തിലാക്കാൻ ആവശ്യമുയർന്നെങ്കിലും കോർപറേഷൻ ഒരു നടപടിയും സ്വീകരിച്ചില്ല.  
ചേലോറയിലെ സ്ഥിതി ഭീതിജനകമാണെന്ന്‌ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ എല്ലാത്തരം മാലിന്യങ്ങളും ഇപ്പോൾ തള്ളിയിടത്തുനിന്ന് മാറ്റിയിടാൻ തദ്ദേശഭരണവകുപ്പ്‌  കോർപറേഷന് കത്ത് നൽകിയിരുന്നു. നിലവിൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ നിലവിലുള്ള മാലിന്യംതള്ളൽ കേന്ദ്രത്തിന്‌ സമീപത്താണ്‌ സംഭരിക്കുന്നത്‌. ഇതടക്കം ഇവിടെനിന്ന്‌ മാറ്റണമെന്ന്‌ നിർദേശിച്ചിരുന്നു. കോർപറേഷൻ സെക്രട്ടറിക്ക്‌ ഇതുസംബന്ധിച്ച്‌ തദ്ദേശഭരണ വകുപ്പ്‌ ഒന്നിലേറെ തവണ കത്തു നൽകിയതായും സൂചനയുണ്ട്‌. ഇത്‌ കോർപറേഷൻ അപ്പാടെ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ മാസം ട്രഞ്ചിങ്ങ്‌ ഗ്രൗണ്ട്‌ സന്ദർശിച്ച എൽഡിഎഫ്‌ കൗൺസിലർമാരും മാലിന്യ സംസ്‌കരണം എത്രയും പെട്ടെന്ന്‌ പൂർത്തീകരിക്കുന്നതിനുള്ള ഇടപെടൽ നടത്തണമെന്ന്‌ മേയറോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാം കൃത്യമായി നടക്കുന്നുവെന്നും കരാർ തുക വൻതോതിൽ കുറയ്‌ക്കാനായെന്നുമുള്ള അവകാശവാദമായിരുന്നു മേയറുടേത്‌. 
ജില്ലയിലെ ഏറ്റവും വലിയ മാലിന്യസംസ്കരണകേന്ദ്രമായ ചേലോറയിൽ സ്ഥിരമായ അഗ്നിരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന്‌ അഗ്നിരക്ഷാസേനയും നേരത്തെ നിർദേശം നൽകിയിരുന്നു. ജലസംഭരണി, മോട്ടോർ, വാട്ടർ പോയിന്റുകൾ എന്നിവ സ്ഥാപിക്കാനും നിർദേശമുണ്ടായി. എന്നാൽ ഇതും കോർപറേഷൻ അവഗണിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത്‌ നിർമിച്ച പാർക്കിൽ കഴിഞ്ഞ മാസം തീപിടിത്തമുണ്ടായിരുന്നു. പാർക്കിൽ വച്ചുപിടിപ്പിച്ച പുൽമൈതാനമാകെ അന്നു കത്തിനശിച്ചു. അതിനുശേഷമാണ്‌ മാലിന്യനിക്ഷേപകേന്ദ്രത്തിലും തീപിടിത്തമുണ്ടായത്‌.  തീപിടിത്തം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ കോർപറേഷൻ അധികൃതർ ചക്കരക്കൽ പൊലീസിൽ പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top