19 April Friday

നാടിനെ കാക്കാൻ പച്ചപ്പുള്ള 
പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
കണ്ണൂർ
വിവിധ പ്രശ്‌നങ്ങൾ വേട്ടയാടുന്ന കർഷകരെ മണ്ണിൽ ഉറപ്പിച്ചുനിർത്താനും ആത്മവിശ്വാസം പകരാനുമുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌. ആസിയാൻ ഉൾപ്പെടെയുള്ള കരാറുകളുടെയും  ബഹുരാഷ്‌ട്ര കുത്തകകൾ   കാർഷിക മേഖലയിൽ പിടിമുറുക്കിയതിന്റെയും ഭാഗമായുള്ള    വിലത്തകർച്ചയിൽ പൊറുതിമുട്ടുന്ന കൃഷിക്കാർക്ക്‌ താങ്ങാവുന്ന പദ്ധതികളാണ്‌ ആവിഷ്‌കരിച്ചിട്ടുള്ളത്‌. കാലാവസ്ഥാ വ്യതിയാനവും വന്യജീവി ആക്രമണവും  ഇടത്തരം, ചെറുകിട കർഷകരുടെ ജീവിതോപാധി ഇല്ലാതാക്കുന്ന ഘട്ടത്തിലാണ്‌ ജില്ലാ പഞ്ചായത്തിന്റെ  ഇടപെടൽ  ആശ്വാസമാകുന്നത്‌. 
കാട്ടാനകളുടെയും മറ്റും ശല്യം തടയാനുള്ള സൗരോർജ തൂക്കുവേലി കർഷകർക്ക്‌ വലിയ തുണയാകും. ഒരു കോടി രൂപയാണ്‌ ഇതിന്‌ അനുവദിച്ചത്‌.  വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത്‌ നിയന്ത്രിക്കാൻ ചെത്തിക്കൊടുവേലി ഉപയോഗിച്ച്‌ ജൈവ വേലി നിർമിക്കാനും പദ്ധതിയായിട്ടുണ്ട്‌. 
 ഉൽപ്പാദനച്ചെലവ്‌ കുറയ്‌ക്കുന്നതിനും സമയബന്ധിതമായി കൃഷിയിറക്കുന്നതിനും കാർഷിക വൃത്തികൾ ആയാസരഹിതമാക്കുന്നതിനുമുള്ള  യന്ത്രവൽക്കരണ നടപടികളും ജില്ലാ പഞ്ചായത്ത്‌ ത്വരിതപ്പെടുത്തുകയാണ്‌. ഇതിനും തുക നീക്കിവച്ചിട്ടുണ്ട്‌.
ഗുണമേന്മയുടെ നടീൽ വസ്‌തുക്കൾ ന്യായ വിലയ്‌ക്ക്‌ കൃഷിക്കാർക്ക്‌ ലഭ്യമാക്കുന്നതിന്‌ ജില്ലാ കൃഷിഫാമിൽ ഹൈടെക്‌ നഴ്‌സറിയും  നിർമിക്കും. ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയുമുള്ള നടീൽ വസ്‌തുക്കൾ തയ്യാറാക്കാൻ 10 ലക്ഷം  രൂപ ചെലവുള്ള നഴ്‌സറിയാണ്‌ നിർമിക്കുന്നത്‌.  
 കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കൃഷിക്ക്‌  വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ട്‌. ഇതിനെ മറികടക്കാനും ജലസംരക്ഷണം ഉറപ്പുവരുത്താനും ചെറുപുഴകളിലും തോടുകളിലും തടയണയും വിസിബിയും നിർമിക്കാൻ ഇത്തവണ 50 ലക്ഷം രൂപയാണ്‌ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചത്‌. 
  നെൽകൃഷി പ്രോത്സാഹിപ്പിച്ചാലേ ഭക്ഷ്യ സ്വയംപര്യാപ്‌തത ഉറപ്പുവരുത്താനാവൂവെന്ന തിരിച്ചറിവിലാണ്‌ ജില്ലാ പഞ്ചായത്ത്‌. ഇതിന്റെ  ഭാഗമായി 1.20 കോടി രൂപയാണ്‌ നെൽകൃഷി പ്രോത്സാഹനത്തിന്‌ നീക്കിവച്ചത്‌. കൈപ്പാട്‌ കൃഷിക്ക്‌ 25 ലക്ഷം രൂപയും   പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന്‌  65 ലക്ഷവും അനുവദിച്ചു.   ചക്ക, മാങ്ങ, കശുമാങ്ങ, ചാമ്പങ്ങ, പേരക്ക തുടങ്ങിയ പഴവർഗങ്ങളിൽ ഭൂരിഭാഗവും  സംസ്‌കരിക്കാൻ സൗകര്യമില്ലാത്തതിനാലും വിപണി കണ്ടെത്താൻ കഴിയാത്തതിനാലും നശിക്കുകയാണ്‌. ഇത്‌ പരിഹരിക്കാനാണ്‌  ജില്ലാ കൃഷിത്തോട്ടത്തിൽ പഴവർഗ സംസ്‌കരണ യൂണിറ്റ്‌  സ്ഥാപിക്കുന്നത്‌. യന്ത്രവൽക്കരണവും ആധുനിക കൃഷിരീതികളും വളപ്രയോഗങ്ങളും കീടനിയന്ത്രണ സംവിധാനങ്ങളും  മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യതകളും കർഷകരെ പരിചയപ്പെടുത്തുന്നതിനുള്ള ‘ഫാർമേഴ്‌സ്‌ കോൺക്ലേവ്‌’കാർഷിക മേഖലയ്ക്ക്‌ ഉണർവ്‌ പകരുന്നതാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top