28 March Thursday

അഴീക്കോട് സൗത്ത്‌ 
ആദ്യ ഡിജിറ്റൽ റീ റീസർവേ വില്ലേജാകും

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

കണ്ണൂർ

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഡിജിറ്റൽ റീസർവേ  അഴീക്കോട് സൗത്ത് വില്ലേജിൽ ആദ്യം പൂർത്തിയാകും. രണ്ടാഴ്ച മുമ്പ് ആരംഭിച്ച സർവേ ഏപ്രിൽ 10ന് പൂർത്തിയാക്കും. കലക്ടർ എസ് ചന്ദ്രശേഖർ സ്ഥലം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി.
  സാമൂഹിക വികസനം, സാമ്പത്തിക വളർച്ച, ബാങ്ക് വായ്പ നേടാനുള്ള നടപടി സുഗമമാക്കൽ, സ്വത്ത് തർക്കം ഇല്ലാതാക്കൽ, സമഗ്ര ഗ്രാമതല ആസൂത്രണം തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവേ നടത്തുന്നത്.  ആദ്യഘട്ടത്തിൽ ജില്ലയിലെ 14 വില്ലേജുകളിലാണ് സർവേ പുരോഗമിക്കുന്നത്. 782 ഹെക്ടർ വിസ്തീർണമുള്ള അഴീക്കോട് സൗത്തിൽ 35 ശതമാനം പ്രവൃത്തി പൂർത്തിയായി. ഇതിനായി 46 സർവേയർമാരും 26 ഹെൽപ്പർമാരും  പ്രവർത്തിക്കുന്നുണ്ട്. ജിപിഎസ് യന്ത്രങ്ങൾ, ഡ്രോൺ  സൗകര്യങ്ങൾ ഉപയോഗിച്ചാണ് സർവേ.
  ബുധനാഴ്ച രാവിലെ അഴീക്കോട് സൗത്ത് ക്യാമ്പ് ഓഫീസിലെത്തിയ കലക്ടർ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. തുടർന്ന് വട്ടക്കണ്ടി പ്രദേശത്തെ വീടുകളിലെത്തി സർവേയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി  ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. സർവേക്ക് മുമ്പ് മുഴുവൻ കൈവശക്കാരും ഭൂനികുതി ഓൺലൈനായി അടച്ച് റെലിസ് സോഫ്റ്റ് വെയറിൽ തങ്ങളുടെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കലക്ടർ പറഞ്ഞു. സർവേയിൽ ഉൾപ്പെടാതെ പോയാൽ ഭൂനികുതി അടക്കാനും റവന്യൂ, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളിൽനിന്നുള്ള സേവനങ്ങൾക്ക് തടസ്സമുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ സർവേയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ‘എന്റെ ഭൂമി' പോർട്ടൽ പരിശോധിച്ച് ഉറപ്പാക്കണം. വ്യക്തമായി അതിർത്തികൾ സ്ഥാപിച്ചും കാടു വെട്ടിത്തെളിച്ചും ജനങ്ങൾ സഹകരിക്കണം. ആവശ്യപ്പെടുന്ന രേഖകൾ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
 കണ്ണൂർ സർവേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, പയ്യന്നൂർ റീസർവേ സൂപ്രണ്ട് പി സുനിൽകുമാർ, ജില്ലാ സർവേ സൂപ്രണ്ട് രാജീവൻ പട്ടത്താരി,  ടി പി മുഹമ്മദ് ഷെരീഫ്, പി വിനോദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top