25 April Thursday

അവർ പറഞ്ഞു കേരളം ഇനിയും പ്രൊഫഷണലാവണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി എരിപുരം മാടായി ബാങ്ക് പിസിസി ഹാളിൽ സംഘടിപ്പിച്ച യൂത്ത് പ്രൊഫഷണൽ മീറ്റ് ഉദ്ഘാടനം ചെയ്തശേഷം 
കേന്ദ്ര കമ്മിറ്റി അം​ഗം ഡോ. ടി എം തോമസ് ഐസക് മീറ്റിനെത്തിയവരുമായി സംവദിക്കുന്നു

കണ്ണൂർ
പുതിയൊരു കേരളത്തെ സ്വപ്നംകാണുന്നവരുടെ സംഗമമായിരുന്നു അത്. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾക്കൊപ്പം കുതിക്കാൻ കേരളത്തെ പ്രാപ്തമാക്കാനുള്ള ചിന്തകളും ആശയങ്ങളുമാണ് അവർ പങ്കുവച്ചത്. സിപിഐ എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യൂത്ത്പ്രൊഫഷണൽ  മീറ്റ് പ്രൊഫഷണലുകളുടെ പങ്കാളിത്തത്താലും തോമസ് ഐസക് എന്ന സാമ്പത്തിക വിദഗ്ധന്റെ സാന്നിധ്യത്താലും  ദിശാബോധം പകർന്നു.
 മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ ചികിത്സാ സംവിധാനം മാത്രമാവാതെ മരുന്ന് ഗവേഷണ കേന്ദ്രമാവുന്നതിനെക്കുറിച്ചാണ്  കെ ഡിസ്ക് കോ ഓർഡിനേറ്ററായ ടി കെ ഷാഹിൻ മുഹമ്മദ്  സംസാരിച്ചത്. കേരളത്തിന്റെ തനതു ഉൽപന്നങ്ങൾ ലോക വിപണിയിലെത്തിക്കുന്ന കേരളാ ബ്രാൻഡ് എന്ന ആശയത്തിന്റെ സാധ്യതകളെയും മീറ്റ്‌ ചർച്ചചെയ്‌തു.   പരമ്പരാഗത ചികിത്സാ രീതികളുടെ സാധ്യത പ്രയോജനപ്പെടുത്തി ആരോഗ്യ ചികിത്സാ ടൂറിസം സംരംഭം തുടങ്ങണമെന്നും അഭിപ്രായമുയർന്നു.
ബിടെകുകാർക്ക്‌ യോഗ്യതയ്ക്ക് അനുസരിച്ച്‌ ജോലി ലഭിക്കുന്നില്ലെന്ന ആശങ്ക പങ്കുവച്ചവർ പലരുണ്ടായിരുന്നു. സർക്കാരിന്റെ  നൈപുണ്യ പരിശീലനം നേടി മികവിന്റെ   സാക്ഷ്യപത്രവുമായി തൊഴിൽ അന്വേഷണത്തിനിറങ്ങുന്ന സംവിധാനം ആലോചിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ തനത് ഉൽപന്നങ്ങൾ ലോക വിപണിയിലെത്തുമ്പോഴുള്ള നേട്ടം കോർപ്പറേറ്റുകൾക്ക് ലഭിക്കുമോ എന്ന സംശയവും ചിലർ പ്രകടിപ്പിച്ചു.
ദേശീയ അന്തർദേശീയ സംയോജിത സംരംഭങ്ങൾ തുടങ്ങി തൊഴിലും വരുമാനവും വർധിപ്പിക്കാനുള്ള നടപടികളാണ് വേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. കുടുംബശ്രീ സംരംഭങ്ങളിൽ വൈവിധ്യം വേണമെന്ന ആശയവും ചിലർ പങ്കുവച്ചു. വിപണി സാധ്യതകൾക്കൊപ്പം നവീകരിക്കുന്ന സംരംഭങ്ങൾ മാത്രമേ നിലനിൽക്കൂവെന്നും സ്ത്രീകൾ ഡിജിറ്റൽ നൈപുണ്യ ശേഷി നേടണമെന്നും തോമസ് ഐസക് പറഞ്ഞു. എരിപുരത്തെ മാടായി ബാങ്ക് പിസിസി ഹാളിൽ നടന്ന പരിപാടിയിൽ ഇരുന്നൂറിലേറെ പേർ പങ്കെടുത്തു.
 
 സമ്പദ് വ്യവസ്ഥ പുതുക്കിപ്പണിയേണ്ടത് 
 പ്രൊഫഷണലുകൾ: ഡോ. തോമസ് ഐസക്
സ്വന്തം ലേഖിക
എരിപുരം
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ കാലാനുസൃതം പുതുക്കിപ്പണിയേണ്ടത് പ്രൊഫഷണലുകളാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയെന്ന ആശയത്തിലൂന്നിയാണ് ഇനി  നീങ്ങേണ്ടത്‌. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയെ  കൃഷി, വ്യവസായം തുടങ്ങിയ പരമ്പരാഗത മേഖലകളിലേക്ക് നൂതന കാഴ്ചപ്പാടോടെ സന്നിവേശിപ്പിക്കണമെന്ന്‌ സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എരിപുരത്ത്  സംഘടിപ്പിച്ച യൂത്ത് പ്രൊഫഷണൽ മീറ്റ് ഉദ്ഘാടനം ചെയ്യവേ ഐസക്‌ പറഞ്ഞു.
വൈജ്ഞാനിക മേഖലയിലും സേവന മേഖലയിലും സംരംഭങ്ങൾ വരണം. കേരളത്തിലെ പ്രൊഫഷണലുകളുടെ സേവനം കേരളത്തിനും ലഭ്യമാവുന്ന സാഹചര്യമുണ്ടാവണം. ഉന്നത വിദ്യാഭ്യാസ മേഖല കാലാനുസൃതമാവണം. ഏറ്റവും കൂടുതൽ പേർ തൊഴിലെടുക്കുന്ന മേഖലയായി ഡിജിറ്റൽ സമൂഹം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് അധ്യക്ഷനായി. ഒ വി നാരായണൻ, പി  പി ദാമോദരൻ, എം വിജിൻ എംഎൽഎ, ഡോ. സരിൻ, ഡോ. ഷെറീജ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി  കെ പത്മനാഭൻ സ്വാഗതം പറഞ്ഞു.  ഡോ. കെ എം ആതിര അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷനുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top