19 April Friday

ജനകീയ താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

കണ്ണൂരിൽ നടന്ന എൽഡിഎഫ്‌ ബഹുജനറാലി വേദിയിൽ നേതാക്കൾ

കണ്ണൂർ 
എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക്‌  താക്കീതായി  ജനകീയ പ്രതിരോധം.  യുഡിഎഫ്–- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ  വികസനവിരുദ്ധ നീക്കം  തുറന്നുകാട്ടി   പതിനായിരങ്ങളാണ്‌  കലക്ടറേറ്റ്‌ മൈതാനിയിൽ  എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി   സംഘടിപ്പിച്ച റാലിയിൽ അണിനിരന്നത്‌. യുഡിഎഫിന്റെ കലാപ രാഷ്‌ട്രീയത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ്‌  അലയടിച്ചത്‌.  യുഡിഎഫും  ബിജെപിയും നടത്തുന്ന സമരാഭാസങ്ങൾക്കും  വിവാദങ്ങൾക്കുമൊപ്പമല്ല,  ജനം വികസനത്തിനൊപ്പമാണെന്ന  സന്ദേശമാണ് റാലിയിൽ ഉയർന്നത്. 
വികസനവും ക്ഷേമവും നടപ്പാക്കി  എൽഡിഎഫ് ഭരണം തുടർന്നാൽ ഇനി ഒരിക്കലും അധികാരത്തിലെത്താൻ കഴിയില്ലെന്ന ഭീതിയിൽ  ബിജെപിക്കൊപ്പം ചേർന്ന്‌  അക്രമസമരം നടത്തുന്ന  യുഡിഎഫിനെ ഒറ്റപ്പെടുത്തുമെന്ന്‌  ജനം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണ ഏജൻസികൾ തെളിവില്ലെന്ന് കണ്ടെത്തി തള്ളിയിട്ടും  കലാപം അഴിച്ചുവിടുന്ന യുഡിഎഫിനൊപ്പമല്ല ജനങ്ങളെന്ന്‌ സാക്ഷ്യപ്പെടുത്തുന്നതാണ്‌ റാലി. 
   മഴയെ കൂസാതെ  ചൊവ്വാഴ്‌ച ഉച്ചമുതൽ കണ്ണൂരിലേക്ക്‌ ജനപ്രവാഹമായിരുന്നു.  കൂട്ടമായും ചെറുസംഘങ്ങളായും  കലക്ടറേറ്റ്‌ മൈതാനിയിൽ ജനങ്ങളെത്തുകയായിരുന്നു. ഉദ്‌ഘാടനത്തിനുമുമ്പേ കലക്ടറേറ്റ്‌ മൈതാനിയും പരിസരവും  ടൗൺ സ്‌ക്വയറും കടന്ന്‌ പാതയോരംവരെ ജനം അണിനിരന്നു. 
  സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌ റാലി ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. വി ചാത്തുണ്ണി, ജോയീസ്‌ പുത്തൻപുരക്കൽ, അഡ്വ. പി എം സുരേഷ്‌ബാബു, പി പി ദിവാകരൻ, വി കെ കുഞ്ഞിരാമൻ, ഇ പി ആർ വേശാല, അഡ്വ. എ ജെ ജോസഫ്, ഹംസ പുല്യാട്ടിൽ, ജോസ് ചെമ്പേരി, കാസിം ഇരിക്കൂർ, സി വത്സൻ എന്നിവർ സംസാരിച്ചു.  പി സന്തോഷ്‌കുമാർ എംപി സ്വാഗതം പറഞ്ഞു. ടി ശിവദാസമേനോന്റെ വിയോഗത്തിൽ അനുശോചിച്ചാണ്‌ പൊതുയോഗം തുടങ്ങിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top