20 April Saturday
തലശേരിക്കാരുണ്ട്‌

സ്വിറ്റ്‌സർലൻഡ്‌ ക്രിക്കറ്റ്‌ ടീമിലും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

അശ്വിൻ വിനോദ്‌, അർജുൻ വിനോദ്‌.

തലശേരി
സ്വിറ്റ്‌സർലൻഡ്‌ ദേശീയ ക്രിക്കറ്റ്‌ ടീമിൽ ബാറ്റേന്താൻ തലശേരിക്കാരായ സഹോദരങ്ങളും. നിട്ടൂരിലെ അർജുൻ വിനോദും അശ്വിൻ വിനോദുമാണ് സ്വിസ്‌ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈയിൽ ഫിൻലാൻഡിൽ നടക്കുന്ന ഐസിസി  ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വിസ്‌ടീമിനായി ഇവർ പാഡണിയും.  27കാരനായ അർജുൻ വിനോദ് സ്വിസ് ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനാണിപ്പോൾ. ഓൾറൗണ്ടറും വലംകൈ സ്പിൻ ബൗളറുമായ അർജുൻ സ്വിറ്റ്സർലൻഡിലെ കോസോണേ ക്രിക്കറ്റ് ക്ലബ്ബിന്റെ (സിസിസി) ക്യാപ്റ്റനുമായിരുന്നു. 
യുകെയിലെ ലോഫ്‌ബറോ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഫിനാൻസ് ആൻഡ് മാനേജ്‌മെന്റിൽ മാസ്റ്റേഴ്‌സ്  നേടിയ അർജുൻ  ജനീവ ആസ്ഥാനമായുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസിയായ 'ദി ന്യൂ ഹ്യൂമാനിറ്റേറിയന്റെ' സാമ്പത്തിക വകുപ്പിൽ  ജോലി ചെയ്യുന്നു. യുകെയിൽ  നടന്ന ഐസിസി യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും സ്വിസ് അണ്ടർ 17 ടീമിനെ പ്രതിനിധീകരിച്ചു.
സ്വിസ് ദേശീയ ടീമിന്റെ ഓപ്പണിംഗ് ബൗളറായ  സഹോദരൻ അശ്വിൻ വിനോദ്  ഓൾറൗണ്ടറും  വലംകൈയ്യൻ മീഡിയം പേസറുമാണ്. യുകെയിലെ ലോഫ്‌ബറോ സർവകലാശാലയിൽ നിന്ന്  സാമ്പത്തിക ശാസ്ത്രത്തിലും ധനകാര്യത്തിലും ബിരുദാനന്തര ബിരുദവും നേടിയ അശ്വിൻ  സ്വിറ്റ്സർലൻഡിലെ നിർബന്ധിത സൈനിക സേവന പദ്ധതിയുടെ ഭാഗമായി  ജനീവയിൽ  സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്നു. ജനീവയിൽ  ലോകാരോഗ്യ സംഘടനയിൽ ജോലി ചെയ്യുന്ന തലശേരി നിട്ടൂരിലെ വിനോദ് ഉണിക്കടത്തിന്റെയും  ജനീവയിലെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിലെ   രാജശ്രീ വിനോദിന്റെയും മക്കളാണിവർ.
യുഎഇ, ഖത്തർ ടീമുകളിലും
മലയാളി സാന്നിധ്യം
ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശേരിയിൽനിന്ന്‌ വിദേശരാജ്യങ്ങളുടെ ടീമുകളിൽ ഇടംനേടിയവർ വേറെയുമുണ്ട്‌. തലശേരി സ്വദേശി ടി പി റിസ്‌വാൻ യുഎഇ ടീമിന്റെ കരുത്താണിപ്പോൾ. അലിഷാൻ ഷർഫുവും (കണ്ണൂർ) യുഎഇ  ദേശീയ ടീമിലുണ്ട്‌. യുഎഇ അണ്ടർ 19 വനിത ടീമംഗമാണ്‌ ഇഷിത സഹ്ര. ഖത്തർ ദേശീയ ടീമിലെ എം പി വലീദും തലശേരിയുടെ അഭിമാനതാരമാണ്‌. ഖത്തർ വനിത ടീമിലെ എ പി സബീജ (കണ്ണൂർ)യും ശ്രദ്ധിക്കപ്പെട്ട കളിക്കാരിയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top