26 April Friday

ചേലോറയിലും കാഞ്ഞങ്ങാട്ടും മാലിന്യകേന്ദ്രത്തിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

ചേലോറ മാലിന്യസംസ്‌കരണകേന്ദ്രത്തിലെ തീയണയ്‌ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന

ഏച്ചൂർ (കണ്ണൂർ)
കണ്ണൂർ കോർപറേഷന്റെ ചേലോറ മാലിന്യസംസ്‌കരണകേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ പ്ലാസ്റ്റിക്‌ ഉൾപ്പെടെയുള്ള  മാലിന്യക്കൂമ്പാരം കത്തിയമർന്നു. ആറ് സ്റ്റേഷനുകളിൽനിന്നായി എഴുപത്തഞ്ചോളം അഗ്നിരക്ഷാസേനാംഗങ്ങൾ എട്ടു മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്. ഞായർ പുലർച്ചെ നാലരയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. 
   ബയോമൈനിങ് യന്ത്രം ഉപയോഗിച്ച് മാലിന്യം വേർതിരിക്കുന്ന സ്ഥലത്തിനുസമീപത്താണ് തീപിടിത്തമുണ്ടായത്. വലിയ മരങ്ങൾ കത്തിനശിച്ചു. സംഭവമ റിഞ്ഞ്‌ കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് തീയണയ്‌ക്കാനെത്തി. നിയന്ത്രണാതീതമായതോടെ മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ, ഇരിട്ടി, പയ്യന്നൂർ എന്നിവിടങ്ങളിൽനിന്ന് പത്ത്‌ യൂണിറ്റുകൾകൂടി എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. റീജണൽ ഫയർ ഓഫീസർ പി രഞ്ജിത്ത്കുമാർ, അസി. സ്റ്റേഷൻ ഓഫീസർ എം വേണു, കെ പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു.  മാലിന്യങ്ങൾ കത്തിയതിന്റെ പുക പരിസരമാകെ പടർന്നിട്ടുണ്ട്‌. പുകയും ചൂടും കാരണം പരിസരവാസികളും ബുദ്ധിമുട്ടിലായി. 
   പതിറ്റാണ്ടുകളായി മാലിന്യമെത്തിക്കുന്ന ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ  വൻ മാലിന്യമല   രൂപപ്പെട്ടിട്ടുണ്ട്‌. മാലിന്യം വേർതിരിച്ച്‌ സംസ്‌കരിക്കാനുള്ള പ്രവർത്തനം നടക്കുന്നുണ്ട്‌. കരാറെടുത്ത കമ്പനികൾ തമ്മിലുള്ള പ്രശ്‌നം കാരണം വേർതിരിക്കൽ എങ്ങുമെത്തിയിട്ടില്ല. 
കഴിഞ്ഞ മേയിലാണ്‌ ചേലോറയിലെ മാലിന്യസംസ്‌കരണത്തിന്‌ കണ്ണൂർ കോർപറേഷൻ കരാർ നൽകിയത്‌.  പ്രവൃത്തി ഇഴഞ്ഞുനീങ്ങിയിട്ടും കോർപറേഷൻ ഒരു ഇടപെടലും നടത്തിയിട്ടില്ല. 1,25,000 ക്യൂബിക്‌ മീറ്റർ മാലിന്യം സംസ്‌കരിക്കാനുണ്ട്‌. 
ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്കരണപ്രവൃത്തി വേഗത്തിലാക്കാൻ   ആവശ്യമുയർന്നെങ്കിലും കോർപറേഷൻ നടപടിയെടുത്തില്ല. എല്ലാത്തരം മാലിന്യങ്ങളും ഇപ്പോൾ നിക്ഷേപിച്ചിടത്തുനിന്ന് മാറ്റിയിടാൻ തദ്ദേശഭരണവകുപ്പ്‌ അധികൃതർ കോർപറേഷന് കത്ത് നൽകിയതാണെങ്കിലും അതും നടപ്പിലായില്ല. 
   കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ മാലിന്യസംസ്കരണകേന്ദ്രമായ ചേലോറയിൽ സ്ഥിരമായ അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്തത്‌ അപകടത്തിന്റെ വ്യാപ്തി കൂട്ടി. ജലസംഭരണി, മോട്ടോർ, വാട്ടർ പോയിന്റുകൾ എന്നിവ സ്ഥാപിക്കാൻ അഗ്നിരക്ഷാസേന നേരത്തെ നിർദേശം നൽകിയിരുന്നു. കോർപറേഷൻ ഇക്കാര്യത്തിലും  തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്‌.
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്‌ ന​ഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യസംഭരണകേന്ദ്രത്തിൽ തീപിടിത്തം. ഞായർ പകൽ പന്ത്രണ്ടോടെ, സമീപത്തെ പറമ്പിൽ അശ്രദ്ധമായി തീയിട്ടത്‌ പടർന്നുപിടിക്കുകയായിരുന്നു. തൃക്കരിപ്പൂർ,  കാസർകോട്‌, കാഞ്ഞങ്ങാട് യൂണിറ്റുകളിൽനിന്നെത്തിയ അഗ്‌നിരക്ഷാസേന മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ്‌ തീയണച്ചത്. സമീപത്തെ പറമ്പിൽ അശ്രദ്ധമായി തീയിട്ടത്‌ പടർന്നുപിടിക്കുകയായിരുന്നു.  
  തീയണയ്‌ക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ ന​ഗരസഭാ ചെയർമാൻ കെ വി സുജാത എത്തിയിരുന്നു. സിവിൽ ഡിഫൻസിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകരും രംഗത്തുണ്ടായി.
   മാലിന്യകേന്ദ്രത്തിനു സമീപത്ത്‌ സൂക്ഷിച്ച പ്ലാസ്‌റ്റിക്‌ ശേഖരത്തിന്‌ തീപിടിച്ചിട്ടില്ല. ഇവിടുത്തെ മാലിന്യം നിർമാർജനംചെയ്യുന്നത് സാങ്കേതികക്കുരുക്കിലായിരുന്നു. 55 ലക്ഷം രുപ വകയിരുത്തിയെങ്കിലും ബയോമൈനിങ് നടത്തി ടോട്ടൽസ്റ്റേഷൻ സർവേയ്‌ക്ക്‌ നിർദേശം വന്നു. സർവേയിൽ 4300 എം ക്യൂബ് പഴയ മാലിന്യമുണ്ടെന്ന്‌ കണക്കാക്കി. ഇനി ടെൻഡർ നടപടി സ്വീകരിച്ചാലേ മാലിന്യം നീക്കാനാകൂ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top