29 March Friday

‘ഹൈറേഞ്ചിലാണ്‌’ വിനോദ സഞ്ചാരം

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

കണ്ണൂർ പയ്യാമ്പലത്തെ സീ പാത്ത് വേ

 കണ്ണെത്താദൂരം പരന്നുകിടക്കുന്ന കണ്ണൂരിന്റെ വിനോദസഞ്ചാര ഭൂമിക ഒന്നുകൂടി മനോഹരമായ വർഷമാണ്‌ കടന്നുപോയത്‌. പ്രകൃതിയും പൈതൃകവും ഒരുപോലെ കനിഞ്ഞ  മണ്ണിൽ വിനോദസഞ്ചാര സാധ്യതകളെ  ഉണർത്താനുള്ള വൈവിധ്യമാർന്ന പദ്ധതികൾ യാഥാർഥ്യമായി. മലയോരത്തും തീരമേഖലയിലുമടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളുടെ മുഖം മിനുക്കുന്നതിനൊപ്പം പുതിയ  പദ്ധതികളിലേക്കുള്ള നിർണായക ചുവടുവയ്‌പുകളും നടന്നു

 

പയ്യാമ്പലത്ത്‌ 
പാത്ത്‌ വേയും പാർക്കും

ടൂറിസം വകുപ്പും ഡിടിപിസിയും 50 ലക്ഷം രൂപ ചെലവിലാണ് പയ്യാമ്പലത്തെ സീ പാത്ത് വേയും സീവ്യൂ പാർക്കും നവീകരിച്ചത്. പുതിയ ടിക്കറ്റ് കൗണ്ടർ, ശൗചാലയം, ബ്ലോക്ക്, കിയോസ്‌ക്, ശിൽപങ്ങൾ, ചെസ് ബോർഡ്, വിളക്കുകൾ, ഇരിപ്പിടങ്ങൾ, വാർലി പെയിന്റിങ്, ഗെയ്റ്റ്, കളിയുപകരണങ്ങൾ, ഡസ്റ്റ് ബിൻ തുടങ്ങിയവയാണ് ഒരുക്കിയത്. 

പൈതൃക വഴിയിൽ 
തലശേരി

തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഇല്ലിക്കുന്ന്‌ ഗുണ്ടർട്ട്‌ ബംഗ്ലാവിൽ മലയാള ഭാഷയുടെ കഥപറയുന്ന മ്യൂസിയം.  ഹെർമൻ ഹെസ്സേ ലൈബ്രറിയും ജൂലി ഗുണ്ടർട്ട്‌ ഹാളും ഗുണ്ടർട്ട്‌ പ്രതിമയും അനുബന്ധമായുണ്ട്‌. 2.21 കോടി രൂപ ചെലവഴിച്ചാണ്‌ ഗുണ്ടർട്ട്‌ മ്യൂസിയം സജ്ജീകരിച്ചത്‌. തലശേരി തായലങ്ങാടിയും കടലോരവും വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ മാഹിയിൽ നിർമിച്ച എം മുകുന്ദൻ പാർക്ക്‌  പറശ്ശിനി വിസ്‌മയ പാർക്ക്‌ ഏറ്റെടുത്ത്‌ പ്രവർത്തനം തുടങ്ങി.

കൊട്ടിയൂരിൽ 
തീർഥാടനകേന്ദ്രം

കൊട്ടിയൂർ ക്ഷേത്രത്തിന് സമീപം ടൂറിസം വകുപ്പ്‌ നിർമിച്ച തീർഥാടന വിനോദസഞ്ചാരകേന്ദ്രം വൈശാഖ മഹോത്സവത്തോടനുബന്ധിച്ച്‌ കൈമാറി.  നാലുകോടിഅമ്പത്തിരണ്ട്‌ ലക്ഷം ചെലവിട്ട്‌ കൊട്ടിയൂർ ടെമ്പിൾ ടൂറിസം എക്‌സ്‌പീരിയൻസ്‌ സ്‌ട്രീറ്റ്‌ ഒരുക്കി. ട്രെയിനിങ്‌ ആൻഡ്‌ പെർഫോമൻസ്‌ സെന്റർ, കോഫി കിയോസ്‌ക്‌ തുടങ്ങിയവയും സജീകരിച്ചിട്ടുണ്ട്‌. മുഴക്കുന്ന്‌ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയവും ഗ്യാലറിയും നിർമിച്ചു. 3.67 കോടി രൂപയാണ്‌ ചെലവിട്ടത്‌. 
 

‘ഫാം ടു മലബാർ 500’ 
യാത്രകൾക്ക്‌ തുടക്കം

മലബാറിലെ വിനോദസഞ്ചാര ഇടങ്ങളെ ടൂർ ഓപ്പറേറ്റർമാർക്ക്‌  പരിചയപ്പെടുത്തുന്ന ‘ഫാം ടു മലബാർ 500’ ടൂറിസം പദ്ധതി കഴിഞ്ഞ ജനുവരിയിലാണ്‌ തുടങ്ങിയത്‌.  കാരവൻ ടൂറിസത്തിന്റെ ഭാഗമായി  മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറിൽപ്പരം ടൂർ ഓപ്പറേറ്റർമാർ ജില്ലയിലെത്തി   വിനോദസഞ്ചാര ഇടങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും നേരിട്ടറിഞ്ഞു.   
വൈതൽമല –-പാലക്കയംതട്ട്‌–-  കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ടിൽ പ്രവേശന കവാടം,  ട്രക്കിങ്‌ പാത്ത്‌വേ, ഇക്കോ ഷോപ്പുകൾ, വാച്ച്‌ ടവർ, ടെന്റുകൾ തുടങ്ങിയവയുമൊരുങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top