20 April Saturday

കൂട്ടുകാർ കൈകോർത്തു; 
സഹപാഠിക്ക്‌ സ്‌നേഹഭവനമായി

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

തലശേരി

കതിരൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ കൈകോർത്തപ്പോൾ വേറ്റുമ്മൽ കോങ്ങാറ്റയിൽ ഉയർന്നത്‌ മനോഹരമായ  സ്‌നേഹഭവനം. സ്‌കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്‌ സ്‌കൂളിൽ പഠിക്കുന്ന മൂന്ന്‌ പെൺകുട്ടികളുടെ നിരാലംബ കുടുംബത്തിനാണ്‌ വീട്‌ നിർമിച്ചത്‌. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത കുടുംബത്തിന്റെ ദൈന്യാവസ്ഥ തിരിച്ചറിഞ്ഞാണ്‌ വീട്‌ നിർമാണത്തിന്‌ സ്‌കൂൾ കുട്ടികൾ മുന്നിട്ടിറങ്ങിയത്‌. 
   വേറ്റുമ്മൽ മഹല്ല്‌ കമ്മിറ്റിയും ഉദാരമതികളും ചേർന്നാണ്‌ അഞ്ച്‌ സെന്റ്‌ സ്ഥലം വാങ്ങി നൽകിയത്‌. കഴിഞ്ഞവർഷം ജനുവരിയിലാണ്‌ നിർമാണം തുടങ്ങിയത്‌. വിദ്യാർഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, പൂർവവിദ്യാർഥികൾ, പൂർവാധ്യാപകർ തുടങ്ങി നാടാകെ സഹായിച്ചു. കതിരൂരിലെ വയർമെൻ അസോസിയേഷൻ വയറിങ്‌, പ്ലംബ്ബിങ്‌ ജോലികൾ സൗജന്യമായാണ്‌ ചെയ്‌തത്‌. നിർമാണസാമഗ്രികളും അധ്വാനവും സംഭാവന ചെയ്‌തവരുമുണ്ട്‌. 
മൂന്ന്‌ കുട്ടികളും ഉമ്മയും ഉമ്മാമ്മയുമായിരുന്നു വാടകവീട്ടിൽ താമസിച്ചത്‌. വീട്‌ നിർമാണത്തിനിടെ ഉമ്മ മരിച്ചതോടെ ഉമ്മാമ്മയുടെ സംരക്ഷണയിലാണ്‌ കുട്ടികൾ. ശതാബ്ദിയോടനുബന്ധിച്ച്‌ സ്‌കൂൾ നിർമിച്ചുനൽകുന്ന രണ്ടാമത്തെ വീടാണിത്‌. പാതിവഴിയിൽ നിർമാണം നിലച്ച മറ്റൊരു വീട്‌ ഹയർസെക്കൻഡറി എൻഎസ്‌എസ്‌ വിഭാഗം മുൻകൈയെടുത്ത്‌ പൂർത്തിയാക്കിയിരുന്നു.
വീട്‌ കൈമാറ്റം 31ന്‌ 
വേറ്റുമ്മൽ കോങ്ങാറ്റയിൽ നിർമിച്ച സ്‌നേഹഭവനം 31ന്‌ രാവിലെ 10ന്‌ സ്‌പീക്കർ എ എൻ ഷംസീർ കൈമാറുമെന്ന്‌ നിർമാണകമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ അഫ്‌സലും കൺവീനറും പ്രധാനാധ്യാപകനുമായ പ്രകാശൻ കർത്തയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ പി മോഹനൻ എംഎൽഎ അധ്യക്ഷനാകും. 
12 ലക്ഷം രൂപ വീടിന്‌ ചെലവായി. വാർത്താസമ്മേളനത്തിൽ പിടിഎ പ്രസിഡന്റ്‌ പി ശ്രീജേഷ്‌, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എസ്‌ അനിത, വിഎച്ച്‌എസ്‌ഇ പ്രിൻസിപ്പൽ ചന്ദ്രൻ കക്കോത്ത്‌, പി പ്രമോദൻ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top