19 April Friday

അക്ഷരമുറ്റത്ത്‌ എല്ലാരും മിടുമിടുക്കർ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാമത്സരം ഉദ്‌ഘാടനംചെയ്‌തശേഷം പ്രൊഫ. കെ പാപ്പുട്ടി കുട്ടികളോട്‌ ചോദ്യങ്ങൾ ചോദിക്കുന്നു.

കണ്ണൂർ
ഉദ്‌ഘാടനച്ചടങ്ങിനുശേഷം മത്സരം നടക്കുന്ന ഹാളുകളിലേക്ക്‌ നീങ്ങുകയായിരുന്നു കൊച്ചുകൂട്ടുകാർ. ചിലരുടെ മുഖത്ത്‌  വേവലാതി. ചിലർ വായിച്ചതൊക്കെ ഒന്നുകൂടെ ഉറപ്പിക്കാൻ പുസ്‌തകം നിവർത്തി. ‘‘മക്കളെ പോവല്ലേ ഒരുനിമിഷം....ഞാനൊരു ചോദ്യം ചോദിക്കാം ...’’ വേദിയിൽനിന്ന്‌ ഉദ്‌ഘാടകൻ പ്രൊഫ. കെ പാപ്പൂട്ടി കുട്ടികൾക്കിടയിലേക്ക്‌ ഇറങ്ങിവന്നു.‘‘ ചൊവ്വ ഗ്രഹത്തിൽ ഇറങ്ങി പര്യവേക്ഷണം നടത്തുന്നത്‌ രണ്ട്‌ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ്‌. ഏതൊക്കെ രാജ്യങ്ങളടേതാണ്‌?’’ ചോദ്യം തീരുമുമ്പേ ഉത്തരങ്ങൾ റെഡി. ‘‘അമേരിക്ക , ചൈന’’ കുട്ടിക്കൂട്ടത്തിന്റെ ആവേശം തകർക്കുകയായിരുന്നു  ഉത്തരത്തിൽ.
15 ഉപജില്ലകളിൽനിന്ന്‌ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരത്തിനെത്തിയത്‌. 15 ചോദ്യങ്ങളടങ്ങിയ എഴുത്തുപരീക്ഷയും പത്തു മാർക്ക്‌ വീതമുള്ള 15 ചോദ്യങ്ങളടങ്ങിയ ക്വിസ്സുമാണ്‌ ടാലന്റ്‌ ഫെസ്‌റ്റിലുണ്ടായിരുന്നത്‌. മിടുക്കരുടെ കൂട്ടത്തിൽനിന്ന്‌ മിടുമിടുക്കരെ കണ്ടെത്താനുള്ള ടാലന്റ്‌ ഫെസ്‌റ്റ്‌.  പേരുപോലെ അറിവുകളുടെ  വൈവിധ്യത്തെ പരിശോധിക്കുകയായിരുന്നു മത്സരം. ചോദ്യങ്ങൾക്കിടയിലെ ഇടവേളകൾ കളിച്ചും ചിരിച്ചുമാണ്‌ കുട്ടികളും ക്വിസ്‌ മാസ്‌റ്റർമാരും ഫെസ്‌റ്റിനെ വിജയമാക്കിയത്‌. ടി പി അശോകൻ, എ സിന്ധു, ഇ വി സന്തോഷ്‌, വർഗീസ്‌ കളത്തിൽ എന്നിവരാണ്‌ ക്വിസ്‌ നിയന്ത്രിച്ചത്‌. 
അന്ധവിശ്വാസങ്ങളെ ചോദ്യംചെയ്യാൻ ആത്മവിശ്വാസമുള്ള പുതുതലമുറയെ  വളർത്തിയെടുക്കേണ്ടത്‌ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന്‌ മത്സരം ഉദ്‌ഘാടനംചെയ്‌ത ശാസ്‌ത്ര സാഹിത്യകാരൻ പ്രൊഫ. കെ പാപ്പൂട്ടി പറഞ്ഞു. ദേശാഭിമാനി യൂണിറ്റ്‌ മാനേജർ സജീവ്‌ കൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ, അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സംസ്ഥാന കോ ഓഡിനേറ്റർ നാരായണൻ കാവുമ്പായി എന്നിവർ സംസാരിച്ചു. സീനിയർ ന്യൂസ്‌ എഡിറ്റർ കെ ടി ശശി സ്വാഗതവും ജില്ലാ കോർഡിനേറ്റർ പി അജീന്ദ്രൻ നന്ദിയും പറഞ്ഞു. സമാപനച്ചടങ്ങിൽ വിജയികൾക്ക്‌ എം വിജിൻ എംഎൽഎ സമ്മാനങ്ങൾ നൽകി. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ്‌ എം രഘുനാഥ്‌ അധ്യക്ഷനായി. കെ രാജീവൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top