18 December Thursday
ഇന്ന്‌ പേവിഷബാധ ദിനം

ജാഗ്രത, പരിശോധന ഇടക്കിടെയാകാം

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
കണ്ണൂർ
പേവിഷബാധ നിർണയ റീജണൽ ലാബിലെത്തുന്ന വളർത്തുനായകളുടെ സാമ്പിളുകൾ നൂറ്‌ ശതമാനവും പോസിറ്റീവ്‌. റീജണൽ ഡിസീസ്‌ ഡയഗ്‌നോസ്‌റ്റിക്‌ ലബോറട്ടറിയിലെ നാലുവർഷത്തെ കണക്ക്‌ പരിശോധിച്ചാൽ പൂച്ച, പശു, ആട്‌ എന്നിവയിൽ പേവിഷബാധ റിപ്പോർട്ട്‌ ചെയ്യുന്നത്‌ വളരെ കുറവാണെന്നും ഡെപ്യൂട്ടി ഡയറക്ടർ ഒ എം അജിത പറഞ്ഞു.
  കണ്ണൂരിലെ റീജണൽ അനലറ്റിക്കൽ ലാബിൽ കണ്ണൂരിന്‌ പുറമെ കാസർകോട്‌, കോഴിക്കോട്‌, വയനാട്‌ ജില്ലകളിലെയും സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ എത്തുന്നുണ്ട്‌. 
2021ൽ നൂറ്‌ കേസുകൾ വന്നതിൽ 33 കേസ്‌ പേവിഷ ബാധയേറ്റാണ്‌ മരിച്ചതെന്ന്‌ സ്ഥിരീകരിച്ചു. 2022ൽ 28 എണ്ണം പോസിറ്റീവായി. ഈ വർഷം ഇതുവരെ നടത്തിയ 67 ടെസ്‌റ്റുകളിൽ 15 എണ്ണം പോസിറ്റീവായി. 
1984ലാണ്‌ കണ്ണൂരിൽ ലാബ്‌ പ്രവർത്തനം ആരംഭിച്ചത്‌. പേവിഷബാധ സംശയിക്കുന്ന മൃഗത്തിന്റെ തലച്ചോറാണ്‌ ലാബിലെത്തിച്ച്‌ പരിശോധിക്കുന്നത്‌. നാനൂറ്‌ രൂപയടച്ചാൽ  പരിശോധന നടത്താം. അത്യാധുനികമായ ഫ്ലൂറസെന്റ്‌ ആന്റിബോഡി ടെക്‌നിക്‌ ഉപയോഗിച്ച്‌ നടത്തുന്ന  പരിശോധനയുടെ ഫലം മൂന്ന്‌ മണിക്കൂറിനുള്ളിൽ ലഭിക്കും. തെരുവുനായകളിൽനിന്നോ മറ്റോ പേവിഷബാധയേറ്റ ഓമന മൃഗങ്ങൾ വിറളി പിടിച്ചും മറ്റും ചാകുമ്പോഴാണ്‌ സംശയമുയരുന്നത്‌. സംശയമുണ്ടെങ്കിൽ ഉടനെ റീജണൽ ലാബിലെത്തണം. ദൂരെനിന്ന്‌ വരുന്നവരാണെങ്കിൽ  ഐസ്‌പാക്ക്‌ വച്ച്‌ ശീതീകരിച്ചാണ്‌ മൃതദേഹം എത്തിക്കേണ്ടത്‌. ലാബിന്റെ കോമ്പൗണ്ടിൽതന്നെ ഇവയെ സംസ്‌കരിക്കാൻ സൗകര്യവുമുണ്ട്‌. 
പേവിഷബാധ  സ്ഥിരീകരിച്ച വളർത്തുമൃഗങ്ങൾ ഉള്ളവരുടെ വീട്ടിലുള്ളവർ വാക്‌സിനെടുക്കാനും കൃത്യമായ നിരീക്ഷണം നടത്താനും നിർദേശം നൽകും. 
 തെരുവുനായകളുടെ ജഡം എത്തിച്ചാൽ അതും പരിശോധനയ്‌ക്ക്‌ വിധേയമാക്കാറുണ്ട്‌. 
നിപാ ബാധിത മേഖലയിൽ ചത്ത കുതിരയുടെ സാമ്പിളുകൾ കോഴിക്കോട്ടേക്ക്‌  പോയാണ്‌ ശേഖരിച്ചത്‌. സാമ്പിൾ ഭോപാലിലേക്കാണ്‌  പരിശോധനയ്‌ക്കയച്ചത്‌. പുതിയ കെട്ടിടവും ആവശ്യത്തിന്‌ ജീവനക്കാരുമുള്ള സ്ഥാപനം ഉത്തരമലബാറിന്റെ ആശാകേന്ദ്രമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top