കണ്ണൂർ
സൈക്കിളിൽ കേരളയാത്ര നടത്തുകയാണ് ശ്രീകണ്ഠപുരം പരിപ്പായിയിലെ സനീദും സുഹൃത്തുക്കളും. ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള ബോധവൽക്കരണവുമായാണ് ഇവരുടെ സാഹസിക യാത്ര. സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്ച കാസർകോടുനിന്നാരംഭിച്ച യാത്ര ബുധൻ മാഹിയിലെത്തി. വ്യാഴം കോഴിക്കോടും.
പിൻചക്രം മാത്രമുള്ള സൈക്കിളിലാണ് സനീദ് യാത്ര ചെയ്യുന്നത്. കൂട്ടുകാരായ ഇരിട്ടി ഉളിക്കൽ സ്വദേശി പി പി റസലും ആലക്കോട് സ്വദേശി എം കെ സിദ്ദീഖും മറ്റ് രണ്ട് സൈക്കിളുകളിൽ ഒപ്പമുണ്ട്. ആദ്യദിനം 20 കിലോമീറ്ററും രണ്ടാം ദിനം 40 കിലോമീറ്ററും താണ്ടാനായി. ഒരു ദിവസം 60 കിലോമീറ്റർ ദൂരം പിന്നിടുകയാണ് ലക്ഷ്യം. ബൈക്ക്, സൈക്കിൾ എന്നിവകൊണ്ടുള്ള സാഹസിക പ്രകടന മേഖലയിൽ എട്ട് വർഷമായി സനീദുണ്ട്. 2015ൽ ഓൾ കേരള സൈക്കിൾ റൈഡ് നടത്തിയ സനീദ് ഇലക്ട്രിക് സ്‌കൂട്ടർ പരസ്യ ചിത്രത്തിലും സിനിമയിൽ ഡ്യൂപ്പായും അഭിനയിച്ചിട്ടുണ്ട്.
ചെലവ് ചുരുക്കിയാണ് യാത്ര. ഭക്ഷണം സ്വയം പാകം ചെയ്യും. ഇതിനുള്ള സംവിധാനങ്ങൾ കൂടെ കരുതിയിട്ടുണ്ട്. ടെന്റിലാണ് ഉറങ്ങുന്നത്. യാത്രക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ഒന്നരമാസംകൊണ്ട് ലക്ഷ്യം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാനിദ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..