19 December Friday
ഗ്രന്ഥശാലകൾക്കും ഊർജം പകരുന്ന സ്‌മരണ

കോടിയേരി സ്‌മാരകമായി സ്ഥാപിച്ചത്‌ അരഡസൻ ലൈബ്രറികൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

ചൊക്ലി മൊയാരത്ത്‌ ശങ്കരൻ സ്‌മാരകത്തിലെ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ലൈബ്രറി

തലശേരി
കോടിയേരി ബാലകൃഷ്‌ണന്റെ അമരസ്‌മരണ ജില്ലയിലെ ഗ്രന്ഥശാലകൾക്കും ഊർജമാകുന്നു. കോടിയേരിയുടെ ഓർമയ്‌ക്കായി  ഇതിനകംആരംഭിച്ചത്‌ അരഡസനിലേറെ ഗ്രന്ഥശാലകൾ. ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ലൈബ്രറിയാണ്‌ ഇതിൽ നമ്പർ വൺ. ചുണ്ടങ്ങാപ്പൊയിൽ യങ്‌സ്റ്റാർ സാംസ്‌കാരിക വേദിയോടനുബന്ധിച്ച്‌  കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ലൈബ്രറി ആയിരത്തിലേറെ പുസ്‌തകങ്ങളുമായാണ്‌ പ്രവർത്തനം തുടങ്ങിയത്‌.
    അഞ്ചരക്കണ്ടി പലേരിമെട്ടയിലാണ്‌ കോടിയേരിയുടെ ഓർമക്ക്‌ ആദ്യ ഗ്രന്ഥാലയം തുറന്നത്‌. കൊളച്ചേരി പാടി, എരഞ്ഞോളി ചോനാടം അഴീക്കോടൻ സ്‌മാരകം, വേങ്ങാട്‌ നായനാർ നഗർ, വേങ്ങാട്‌ കുറുവത്തൂർ എന്നിവിടങ്ങളിൽ തുടങ്ങിയ  കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ലൈബ്രറിയും  പ്രിയ സഖാവിന്റെ നിത്യസ്‌മാരകങ്ങളാണ്‌ . കതിരൂർ വേറ്റുമ്മലിലും കോടിയേരി നങ്ങാറത്തുപീടികയിലും കോടിയേരി സ്‌മാരക ഗ്രന്ഥശാലകൾ  അടുത്ത മാസം പ്രവർത്തനം തുടങ്ങും.
  തന്റെ രാഷ്‌ട്രീയ പാഠശാലകളായി കോടിയേരി വിശേഷിപ്പിച്ചത്‌ ഈങ്ങയിൽപീടിക ദേശീയവായനശാലയെയും ബീഡി കമ്പനികളെയുമാണ്‌. കോടിയേരിയെന്ന രാഷ്‌ട്രീയ നേതാവിനെ ആശയപരമായി രൂപപ്പെടുത്തിയ ഇടങ്ങളായിരുന്നു രണ്ടും.  ഗ്രന്ഥാലയങ്ങൾക്ക്‌ കോടിയേരി നൽകിയ പ്രാധാന്യംകൂടി പരിഗണിച്ചാണ്‌ ഓരോ ഗ്രാമവും അദ്ദേഹത്തിന്റെ സ്‌മരണയ്‌ക്ക്‌  ലൈബ്രറികളും വായനശാലകളും സ്ഥാപിക്കുന്നത്‌. 
വഴികാട്ടാൻ ചൊക്ലി
കേരളത്തിലെ ഗ്രന്ഥശാലകൾക്ക്‌ അനുകരണീയ മാതൃക സൃഷ്‌ടിച്ചാണ്‌ ചൊക്ലി മൊയാരം സ്‌മാരകത്തിലെ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ലൈബ്രറിയുടെ പ്രവർത്തനം. ആയിരക്കണക്കിന്‌ പുസ്‌തകങ്ങളാണ്‌ കോടിയേരിയെ സ്‌നേഹിക്കുന്നവർ ഈ ഗ്രന്ഥാലയത്തിന്‌ സംഭാവന നൽകിയത്‌. ടി പത്മനാഭൻ, എം മുകുന്ദൻ, വൈക്കം വിശ്വൻ, എ കെ ആന്റണി, പി കെ കുഞ്ഞാലിക്കുട്ടി, ഇ പി ജയരാജൻ, പി കെ ശ്രീമതി,  കെ എൻ രവീന്ദ്രനാഥ്‌, ഡോ .ടി എം തോമസ്‌ ഐസക്‌ തുടങ്ങി കോടിയേരിയെ സ്‌നേഹിക്കുന്നവരാകെ ഗ്രന്ഥശാലക്ക്‌ പുസ്‌തകങ്ങൾ സംഭാവന നൽകി.  
  പുസ്‌തക സമർപ്പണ വേദിയിൽ ഒരു ദിവസം രണ്ടായിരം ഗ്രന്ഥങ്ങളാണ്‌ ലഭിച്ചത്‌. സാധാരണ തൊഴിലാളി മുതൽ വിവിധ മേഖലകളിലെ നൂറുകണക്കിനാളുകൾ പുസ്‌തകം സമർപ്പിച്ചു. മാതൃഭൂമി ബുക്‌സും 100 പുസ്‌തകങ്ങൾ നൽകി. ആറായിരത്തിലേറെ പുസ്‌തകങ്ങളുള്ള പ്രധാന സ്ഥാപനമായി കോടിയേരി ലൈബ്രറി ഇതിനകം മാറി. കോടിയേരി സ്‌മൃതി  സെമിനാറും അടുത്തിടെ സംഘടിപ്പിച്ചു. ജൂലൈ മൂന്നിന്‌ സ്പീക്കർ എ എൻ ഷംസീറാണ്‌ ലൈബ്രറി ഉദ്‌ഘാടനം ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top