ഇരിട്ടി
ആറളം ഫാമിൽ കാട്ടാനശല്യം തടയാൻ ആനപ്രതിരോധ മതിൽ നിർമാണം 30ന് തുടങ്ങും. രാവിലെ 10.30ന് മന്ത്രി കെ രാധാകൃഷ്ണൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
നേരത്തെ 10 കിലോമീറ്റർ ദൂരത്ത് ആനമതിൽ നിർമാണം പൂർത്തിയായിരുന്നു. എന്നാൽ, ആദിവാസി പുനരധിവാസ മേഖലയും വന്യജീവി സങ്കേതവുമായി അതിരിടുന്ന വളയംചാൽ മുതൽ പൊട്ടിച്ചിറപാറ വരെയുള്ള 10.5 കിലോമീറ്റർ ദൂരത്ത് മതിൽ കെട്ടാനായിരുന്നു ബാക്കിയുണ്ടായിരുന്നത്. വന്യമൃഗശല്യം രൂക്ഷമായതോടെ ആറളത്ത് മന്ത്രിതല യോഗം ചേർന്നാണ് മതിൽ നിർമാണം വേഗത്തിലാക്കാൻ തീരുമാനിച്ചത്. ഇതിനായി പട്ടികവർഗ വികസന വകുപ്പ് 53,23,40,000 രൂപയുടെ ഭരണാനുമതി നൽകി.
നിലവിലെ മതിൽ മുഴുവനും പൊളിച്ചുനീക്കിയാണ് പുതിയത് നിർമിക്കുക. ചെങ്കുത്തായ ഇറക്കങ്ങളിൽ റെയിൽ ഫെൻസിങ്ങും ചതുപ്പു പ്രദേശങ്ങളിൽ കോക്കനട്ട് പൈലിങ് ചെയ്ത് അതിനു മുകളിൽ മതിലും നിർമിക്കും. ജനവാസ കേന്ദ്രങ്ങളിൽ കയറിയ ആനകളെ തിരികെ കാട്ടിലെത്തിക്കാൻ ഉരുപ്പുകുന്ന് ഭാഗത്ത് ഗേറ്റും സ്ഥാപിക്കും. ആദ്യ റീച്ചിലെ പരിപ്പ്‌തോട് മുതൽ പൊട്ടിച്ചിറപ്പാറവരെയുള്ള 2.5 കിലോമീറ്ററിലെ മരം മുറിക്കൽ പ്രവൃത്തി ആരംഭിച്ചു. മതിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ അടയാളപ്പെടുത്തിയ 390ഓളം മരങ്ങൾക്ക് സോഷ്യൽ ഫോറസ്‌ട്രി 21 ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നു. ലേലം ചെയ്യേണ്ട 390 മരങ്ങളിൽ 80 ശതമാനത്തോളം പാഴ് മരങ്ങളായതിനാൽ ലേലത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും സോഷ്യൽ ഫോറസ്‌ട്രി നിർണയിച്ച 21 ലക്ഷം രൂപക്ക് ലേല നടപടികൾ വൈകാനുള്ള സാധ്യതയും കണക്കിലെടുത്തു ടിആർഡിഎം പുതിയ മരം മുറിക്കൽ ടെൻഡർ നടപടി പൂർത്തിയാക്കിയാണ് പ്രവൃത്തിചെയ്തത്. നിർമാണ സാമഗ്രികൾ എത്തിക്കാൻ കൂപ്പ് റോഡും നിർമിക്കും. തൊഴിലാളികളുടെ സുരക്ഷയ്‌ക്കായി വനം വകുപ്പിന്റെ ആർആർടി സേവനം ഉണ്ടാകും. ആദ്യ റീച്ചിൽ മതിൽ നിർമിതി തുടങ്ങുന്ന മുറക്ക് രണ്ടും മൂന്നും റീച്ചുകളിലെ മരങ്ങളും മുറിച്ച് അട്ടിയിടാനാണ് തീരുമാനം.
ഫാം സൈറ്റ് മാനേജർ, വൈൽഡ്‌ലൈഫ് വാർഡൻ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ എന്നിവരടങ്ങുന്ന പ്രത്യേക സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിർമാണം വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. ആറളം ഫാം പുനരധിവാസ മേഖലയിൽ ആനമതിൽ നിർമിക്കുന്നതോടെ പ്രദേശത്തുള്ളവർക്ക് ആനപ്പേടിയില്ലാതെ അന്തിയുറങ്ങാം.
ഫാമിൽ നിർമാണം പൂർത്തീകരിച്ച നിരവധി പദ്ധതികളുടെ ഉദ്‌ഘാടനവും നടത്തും. മാവേലി സ്റ്റോറുകൾ, രണ്ട് യുപി സ്കൂൾ കെട്ടിടങ്ങൾ, രണ്ട് പാലങ്ങൾ തുടങ്ങി കോടികളുടെ നിർമാണ പ്രവൃത്തികളാണ് പൂർത്തിയായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..