20 April Saturday
ഏകപാത്ര നാടകോത്സവം

രാവണനും ശൂർപ്പണഖയും അരങ്ങുതൊട്ട രണ്ടാംനാൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
ന്യൂമാഹി
ഏകപാത്ര നാടകോത്സവത്തിന്റെ രണ്ടാംനാളിൽ രാവണനും ശൂർപ്പണഖയും അരങ്ങ്‌ കീഴടക്കി. രാവണന്റെ മനോവ്യാപാരത്തിലൂടെ ‘പെരും ആൾ’ ഒറ്റയാൾ നാടകം എം അരുൺ അനശ്വരമാക്കി. കാട്ടാളനെന്ന്‌ ഗുരുക്കന്മാരാൽ അധിക്ഷേപിക്കപ്പെട്ട, കൂടപ്പിറപ്പുകൾക്കായി ജീവൻ നൽകാനും തയ്യാറായ ലങ്കാധിപതിയിലൂടെ രാവണന്റെ പുതിയമുഖമാണ്‌ ആവിഷ്‌കരിച്ചത്‌. രാമായണത്തിന്റെ പുതിയവായനയ്‌ക്കും നാടകം അവസരമൊരുക്കി. പത്മനാഭൻ ബ്ലാത്തൂർ രചനയും ബിജു ഇരിണാവ്‌ സംവിധാനവും നിർവഹിച്ചു.  മയ്യിൽ ജനസംസ്‌കൃതിയാണ്‌ അവതരിപ്പിച്ചത്‌. രമേശൻ ബ്ലാത്തൂരിന്റെ  നോവലിന്റെ സ്വതന്ത്ര ആവിഷ്‌കാരമായിരുന്നു നാടകം. 
രാമായണകഥയിലെ ശൂർപ്പണഖയിലൂടെ പാർശ്വവൽക്കരിക്കപ്പെടുന്ന പെണ്ണിന്റെ കഥയാണ്‌ പി ഉമാദേവി പയ്യന്നൂർ  ‘ഞാൻ ശൂർപ്പണഖ’യിലൂടെ പറഞ്ഞത്‌. ആധുനിക സമൂഹത്തിൽ ചെറുത്തുനിൽപിന്‌ തയ്യാറല്ലാത്ത സ്‌ത്രീകൾ നേരിടേണ്ടിവരുന്ന അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൂടിയായി നാടകം. സാറാ ജോസഫിന്റെ  തായ്ക്കുലം   കഥയെ അടിസ്ഥാനമാക്കി അനിൽ നടക്കാവ്‌ രചനയും സുധീർ ബാബുട്ടൻ സംവിധാനവും നിർവഹിച്ചു. 
ഓപ്പൺഫോറത്തിൽ ‘സ്‌ത്രീനാടകവേദി’യെക്കുറിച്ച്‌ ഡോ. സിന്ധു കിഴക്കാനിയിൽ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരത്തിന്റെയും വലിയ തുറസാണ്‌ സ്‌ത്രീകൾക്ക്‌ മുന്നിൽ നാടകവേദി തുറന്നിടുന്നതെന്ന്‌ ഡോ. സിന്ധു പറഞ്ഞു.  ഒ അജിത്ത്‌കുമാർ സ്വാഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top