20 April Saturday

ക്രിപ്‌റ്റോ കറൻസി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ ഇന്റർനെറ്റ്‌ മണി പേയ്‌മെന്റ്‌ 
ഗേറ്റ്‌വേകളെക്കുറിച്ചും അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

 

കണ്ണൂർ
ക്രിപ്‌റ്റോ കറൻസി വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ കേസിൽ ഇന്റർനെറ്റ്‌ വഴി പണം കൈമാറുന്ന സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം. ഇന്റർനെറ്റ്‌ മണി പേയ്‌മെന്റ്‌ (ഐഎംപിഎസ്‌) സേവനദാതാക്കളായ കമ്പനികൾ വഴിയാണ്‌ മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പിൽ പണം കൈമാറിയത്‌. തട്ടിപ്പിനുപയോഗിച്ച എൽആർ ട്രേഡിങ്, ലോങ്‌ റിച്ച്‌ കമ്പനികളുടെ ഡാറ്റാ ബേസ്‌ പരിശോധിച്ചതിൽനിന്നാണ്‌ പണം കൈമാറുന്നതിന്‌ ഐഎംപിഎസ്‌ സേവനദാതാക്കളായ കമ്പനികളും പങ്കാളികളായെന്നത്‌ വ്യക്തമായത്‌.
ഈസ്‌ബുസ്‌, കാഷ്‌ ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ്‌ ഗേറ്റ്‌വേകളാണ്‌ ക്രിപ്‌റ്റോ കറൻസി വാഗ്‌ദാനം ചെയ്‌ത്‌ നടത്തിയ തട്ടിപ്പിൽ കൂടുതലായും ഉപയോഗിച്ചത്‌. കേരളത്തിൽ മലപ്പുറം, തൃശൂർ, കോഴിക്കോട്‌ തുടങ്ങിയ ജില്ലകളിൽനിന്നാണ്‌ കൂടുതൽപേർ പണം നിക്ഷേപിച്ചത്‌. തമിഴ്‌നാട്ടിലെ ഒട്ടുമിക്ക ജില്ലകളിൽനിന്നും ഇടപാടുകാരുണ്ട്‌. മണി ചെയിൻ മാതൃകയിൽ പ്രവർത്തിച്ച കമ്പനിയിൽ 2.52 ലക്ഷം ഇടപാടുകാരാണ്‌  ഉണ്ടായത്‌. ഒരാൾതന്നെ പല പേരുകളിൽ അക്കൗണ്ടുണ്ടാക്കുകയാണെന്നും പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. മുകൾത്തട്ടിലുള്ളവർ അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സംശയമുണ്ട്‌. അറുപതിനായിരത്തോളം പേരാണ്‌ യഥാർഥ ഇടപാടുകാരായി ഉള്ളതെന്നാണ്‌ പൊലീസ്‌ നിഗമനം. ഓൺലൈൻ പേയ്‌മെന്റ്‌ ഗേറ്റ്‌വേകളായ കമ്പനികൾ അറിഞ്ഞാണോ ഇടപാട്‌ നടന്നതെന്നാണ്‌ അന്വേഷിക്കുന്നത്‌. 
തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ കോയമ്പത്തൂർ സിദ്ധാപുത്തൂരിലെ പി കെ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇയാളുടെ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്‌.  കഴിഞ്ഞ വർഷം മലപ്പുറം പൂക്കോട്ടുംപാടത്ത്‌ അറസ്‌റ്റിലായ നിഷാദും രഞ്‌ജിത്തുമാണ്‌ തട്ടിപ്പ്‌ പദ്ധതി തയ്യാറാക്കിയത്‌. നിഷാദ്‌ പിന്നീട്‌ ജാമ്യത്തിലിറങ്ങി ഗൾഫിലേക്ക്‌ കടന്നു. ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ് സ്വദേശി ജൂണിയർ കെ ജോഷിയെ ചൊവ്വാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇയാളുടെ ആഡംബര കാറും രണ്ടിടങ്ങളിലായുള്ള 57 സെന്റ്‌ സ്ഥലം കണ്ടുകെട്ടുന്നതിനുള്ള നടപടിയാരംഭിച്ചിട്ടുണ്ട്‌. തട്ടിപ്പിൽ അറസ്‌റ്റിലായവരുടെ 34 കോടി രൂപയുടെ ബാങ്ക്‌ അക്കൗണ്ടുകൾ  മരവിപ്പിച്ചിട്ടുണ്ട്‌. വിവിധ സ്‌കീമുകളിലായി 1826 കോടി രൂപയാണ്‌ തട്ടിപ്പുസംഘത്തിന്റെ അക്കൗണ്ടുകളിലേക്ക്‌ വന്നത്‌. 1772 കോടി രൂപ ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top