മയ്യിൽ
മലയാളിയുടെ കണ്ണിനും മനസിനും കുളിർമ പകരുന്ന ഫിലോഡെൻഡ്രോൺ, പല നിറങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുന്ന ആന്തൂറിയം, കണ്ടാൽ കൊതിതീരാത്ത എപ്പിഷ്യ അങ്ങനെ നീളുന്നു ഷമീറയുടെ വീട്ടിലെ വിദേശ ‘സുന്ദരി’പൂവുകളുടെ നിര. കുറ്റ്യാട്ടൂർ എട്ടേയാറിലെ വീടിന് ചുറ്റും വർണവൈവിധ്യം തൂവുന്ന ഈ ചെടികൾ നാട്ടുകാർക്കും കൗതുകമാണ്.
വിദേശ വിപണികളിൽ വിലയേറിയ മേലാനോഗ്രയിസ്, പിങ്ക് പ്രിൻസസ് തുടങ്ങി ആയിരത്തോളം വ്യത്യസ്തങ്ങളായ ചെടികളുടെ ശേഖരമാണ് ഈ അധ്യാപികയുടെ വീടിന്ചുറ്റുമുള്ളത്.
ചെറുപ്പം മുതലേ ചെടികളോടുള്ള കമ്പമാണ് വിദേശയിനങ്ങളാൽ സമ്പുഷ്ടമായ പൂന്തോട്ടമൊരുക്കാൻ പ്രേരണയായത്. പൂവിട്ട് ഉണങ്ങിക്കരിഞ്ഞുവീഴുന്ന ചെടികളേക്കാൾ ഷമീറക്ക് പ്രിയം നിത്യഹരിതങ്ങളായ അലങ്കാര ചെടികളോടായിരുന്നു. കോവിഡ് കാലത്തെ തുടർന്നുണ്ടായ വിരസതയാണ് വീട്ടുമുറ്റം പൂങ്കാവനമാക്കി മാറ്റാൻ കാരണമായത്. ഓൺലൈൻ വിതരണക്കാരിലൂടെയും വിദേശത്തെ സുഹൃത്തുക്കളിലൂടെയുമാണ് ചെടികൾ സ്വന്തമാക്കാറ്. ആവശ്യക്കാർക്ക് ചെടികൾ വിൽക്കുന്നുമുണ്ട്.
ജോലിയിലെ പിരിമുറുക്കം കുറയ്‌ക്കാനും മാനസിക ഉല്ലാസത്തിനും ചെടി പരിപാലനം സഹായിക്കുമെന്ന് കുറ്റ്യാട്ടൂർ എഎൽപി സ്‌കൂൾ അധ്യാപികയായ ഷമീറ പറയുന്നു. അലങ്കാര ചെടികൾക്കൊപ്പം മട്ടുപ്പാവിലെ പച്ചക്കറി കൃഷിയും വിജയകരമായി നടത്തുന്നുണ്ട്. കൃഷിഭവന്റെ സഹകരണത്തോടെ 250 ഓളം ചെടിചട്ടികളിൽ പച്ചക്കറി കൃഷിചെയ്യുന്നുണ്ട്.
അധ്യാപകനായ ഭർത്താവ് ഇബ്രാഹിമും മക്കളായ മെഹജുബായും മിസ്‌ബാഹും കൃഷിയിൽ ഒപ്പമുണ്ട്. കുറ്റ്യാട്ടൂർ കൃഷി ഓഫീസർ വി കെ സുരേഷ് ബാബു, കെ പി വിനയ് കുമാർ, ഉദയൻ ഇടച്ചേരി തുടങ്ങിയവരുടെ പിന്തുണയും കൃഷിയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..