കണ്ണൂർ
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കണ്ണൂർ കോർപറേഷൻ ജവഹർ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപത്തും ഫോർട്ട് റോഡിലെ പീതാംബര പാർക്കിനടുത്തും നിർമിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്രങ്ങളുടെ അവസാനഘട്ട പ്രവൃത്തി അനന്തമായി നീളുന്നു. ട്രയൽ റൺ കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും പാർക്കിങ് കേന്ദ്രം ഒരുക്കാൻ കോർപ്പറേഷന് സാധിച്ചില്ല. നഗരം ഗതാഗത കുരുക്കിൽ അമരുമ്പോഴും പാർക്കിങ് കേന്ദ്രം തുറക്കാത്തതിൽ കോർപ്പറേഷനെതിരെ പ്രതിഷേധം കനക്കുകയാണ്.
2020 ഒക്ടോബറിൽ നിർമാണം ആരംഭിച്ചപ്പോൾ ആറുമാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രവൃത്തി ഇഴഞ്ഞുനീങ്ങി. 2023 ജനുവരിയിൽ തുറന്നുനൽകുമെന്ന് പറഞ്ഞെങ്കിലും പാഴ്‌വാക്കായി. നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിയും ഉപകരാറുകാരനും തമ്മിലുള്ള തർക്കത്തിലാണ് പ്രവൃത്തി നീളുന്നതെന്നാണ് കോർപ്പറേഷൻ അധികൃതർ നൽകുന്ന വിശദീകരണം. അമൃത് പദ്ധതിയുടെ ഭാഗമായി 11 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജവഹർ സ്റ്റേഡിയത്തിന് സമീപത്തെ കേന്ദ്രത്തിൽ അഞ്ചുനിലകളിലായി 124 വാഹനങ്ങളും പീതാംബര പാർക്കിന് സമീപത്തെ കേന്ദ്രത്തിൽ മൂന്നുനിലകളിലായി 31 വാഹനങ്ങളും പാർക്ക് ചെയ്യാനാകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കോർപറേഷൻ വാഹന പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും വാഹന ഉടമകൾ ഉപയോഗിക്കുന്നില്ല. അതിനാൽ കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും അനധികൃത പാർക്കിങ് വർധിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..