29 March Friday

ചട്ടുകപ്പാറയ്ക്ക് ഇരട്ടി മധുരം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടിയ ചട്ടുകപ്പാറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും വിജയാഹ്ലാദ പ്രകടനം നടത്തുന്നു.

 മയ്യിൽ

പുലർച്ചെ അഞ്ചിന് രക്ഷിതാക്കൾ ഉണരുന്നതിന് മുമ്പ്‌ അധ്യാപകർ കുട്ടികളെ ഫോണിൽ വിളിച്ചുണർത്തും. പഠിക്കാൻ  പ്രേരണ നൽകും. അതിൽ പ്രിൻസിപ്പലെന്നോ  അധ്യാപകരെന്നോ ഭേദമില്ല.  
ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി , പ്ലസ്ടു  പരീക്ഷയിലെ   നൂറുമേനി   വിജയത്തിനുപിന്നിൽ അധ്യാപകരുടെ ആത്മാർഥമായ ഇടപെടലുണ്ട്‌.  ചിട്ടയായ പ്രവർത്തനവും കർശന അച്ചടക്കവും രക്ഷിതാക്കളുടെയും നാട്ടുകാരുടെ പിന്തുണയുമെല്ലാം  നേട്ടം എത്തിപ്പിടിക്കാൻ  സഹായിച്ചതായി പ്ലസ് ടുവിന് നൂറുമേനി കൊയ്ത ജില്ലയിലെ ഏക സർക്കാർ സ്കൂളിന്റെ പ്രിൻസിപ്പലായ എ വി ജയരാജൻ പറഞ്ഞു.  
എങ്ങനെ  പഠിക്കണമെന്ന്  കുട്ടികളെ മാത്രമല്ല രക്ഷിതാക്കളെയും അധ്യാപകർ പഠിപ്പിച്ചു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ   കണ്ടെത്തി അവസാനംവരെ കൂടെനിന്നു.  സ്കൂൾ സമയം കഴിഞ്ഞും  പ്രത്യേക ക്ലാസ് നൽകി. പഠന സംബന്ധമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും  ഏത് സമയത്തും അധ്യാപകരെ വിളിക്കാൻ അവസരം നൽകി.  
  പ്ലസ്ടു പരീക്ഷയെഴുതിയ 130 കുട്ടികളും വിജയിച്ചു.  സയൻസിൽ 20 പേരും കൊമേഴ്സിൽ എട്ടുപേരും ഉൾപ്പടെ 28 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസുണ്ട്.
 കുറ്റ്യാട്ടൂർ, മയ്യിൽ, കൂടാളി തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഗ്രാമീണ ജനവിഭാഗങ്ങളുടെ മക്കൾ കൂടുതലായും സ്‌കൂളിനെ ആശ്രയിക്കുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ  ‘ സ്‌മൈൽ ' പദ്ധതിയും   ഗുണകരമായി.  
സ്കൂൾ പിടിഎയും  വിജയത്തിന് പിന്നിലുണ്ട്.  മുഴുവൻ വിദ്യാർഥികളെയും ഉന്നത പഠനത്തിന് അർഹരാക്കിയ സ്‌കൂളിനെ നാടാകെ അഭിനന്ദിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top