29 March Friday

തിരശ്ശീല വീണത്‌ ജീവിതക്കനവുകൾക്ക്‌

ജസ്‌ന ജയരാജ്‌Updated: Friday Mar 27, 2020

കണ്ണൂർ

"ഏറ്റവും കൂടുതൽ രംഗാവതരണം നടക്കുന്ന സമയമാണ്‌ വേനൽകാലം. കൊറോണ നാടിന്റെ ചിത്രമാകെ മാറ്റി. നാടകത്തെ ആശ്രയിച്ച് കഴിയുന്ന അനേകം കലാകാരന്മാർക്കാണ് വരുമാനം നിലച്ചത്’ – കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതനായ പ്രശസ്‌ത നാടകകൃത്ത്‌ സുരേഷ് ബാബു ശ്രീസ്ഥയുടെ വാക്കുകളിൽ അപ്രതീക്ഷിതമായി തിരശ്ശീലവീണ നാടക സീസണിന്റെ നഷ്ടബോധം. പക്ഷേ, കല്യാശേരി  പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായ സുരേഷിന്‌ പോയകാല നാടകസ്‌മരണകൾ അയവിറക്കി വെറുതെയിരിക്കാൻ നേരമില്ല. ‘ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ രാവെന്നോ പകലെന്നോ ഇല്ലാതെ ടീമായി പ്രവർത്തിക്കുകയാണ് ഞങ്ങൾ. വിദേശത്തുനിന്നെത്തുന്നവർക്ക് നിർദ്ദേശങ്ങൾ നൽകിയും ജനങ്ങളുടെ ആശങ്ക പരിഹരിച്ചും ഇറങ്ങി ടക്കുന്നവരെ ബോധവൽക്കരിച്ചും ഒരോ ദിവസവും  കടന്നുപോകുന്നു’.
താരതമ്യേന തിരക്കുകുറഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളാണ് അവധിയെടുത്ത് എഴുത്തിനായി മാറ്റി വയ്ക്കാറുള്ളത്. ഇപ്പോൾ അൽപം വെറുതെയിരുന്നാൽ പോലും എഴുതാൻ മനസ്സുവരുന്നില്ല. ജാഗ്രതയോടെ സമീപിക്കേണ്ട യാഥാർഥ്യങ്ങളുടെ ലോകമാണ് മുന്നിൽ. എഴുത്തിനെക്കുറിച്ചുള്ള ചിന്ത പോലുമില്ല. നമ്മൾ ഒരുമിച്ചുനിന്ന് നേരിടേണ്ട സന്ദർഭമാണിത്. പലവിധ അനുഭവങ്ങൾ നൽകുന്ന ഒരുതരം ഊർജമുണ്ട്. മാനവികതയുടെ പക്ഷം ചേരുമ്പോഴുണ്ടാകുന്ന ഊർജം. അതാണ് എല്ലായ്‌പോഴും നയിക്കുന്നത്‌–-- സുരേഷ് ബാബു പറഞ്ഞു. 45 ലേറെ നാടകങ്ങളാണ് ഇദ്ദേഹം അരങ്ങിന്‌ സമ്മാനിച്ചത്. ഏറ്റവുമൊടുവിൽ  കെപിഎസിയുടെ മരത്തൻ 1892, സംഘചേതനയുടെ ഭോലാറാം, കോഴിക്കോട് നവചേതനയുടെ നയാപൈസ, എൻജിഒ യൂണിയനുവേണ്ടി എഴുതിയ  ദേശി എന്നിവയെല്ലാം നിറഞ്ഞ സദസ്സുകളാണ് സ്വീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top