19 April Friday

കോവിഡ്‌ വാക്‌സിൻ: കണ്ണൂരിൽ അരലക്ഷം പേർ 
രണ്ടാം ഡോസെടുത്തില്ല

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
കണ്ണൂർ> ജില്ലയുടെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ വെല്ലുവിളിയായി വാക്‌സിൻ വിമുഖത. ജില്ലയിൽ  അരലക്ഷത്തിലധികം പേർ  ഇതുവരെയും രണ്ടാം ഡോസ്‌ വാക്‌സിൻ സ്വീകരിച്ചിട്ടില്ല. 62.7 ശതമാനം പേർ മാത്രമാണ്‌ രണ്ടാം ഡോസ്‌ സ്വീകരിച്ചത്‌.  99.7 ശതമാനം പേർ ആദ്യ ഡോസ്‌ സ്വീകരിച്ചിട്ടുണ്ട്‌. 
 
ആദ്യ ഡോസ്‌ സ്വീകരിക്കാൻ കാണിച്ച താൽപ്പര്യം പിന്നീട്‌ ഇല്ലാത്തതാണ്‌ ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്‌ത്തുന്നത്‌. രണ്ടാം ഡോസ് സ്വീകരിക്കേണ്ട ഇടവേള കഴിഞ്ഞിട്ടും മാറിനിൽക്കുന്നവർ 55,365 പേരാണ്‌. ഈ വിമുഖത കോവിഡ് നിയന്ത്രണത്തിൽ ജില്ല കൈവരിച്ച നേട്ടത്തെ  ഇല്ലാതാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. കെ നാരായണ നായ്‌ക്‌ അറിയിച്ചു. 
 
വൈറസിനെതിരെ ശരീരത്തിൽ ആന്റിബോഡി സൃഷ്ടിച്ച്‌ പ്രതിരോധം  ഉറപ്പാക്കലാണ് വാക്സിന്റെ ധർമ്മം. ആദ്യഡോസ് വാക്സിൻ സ്വീകരിക്കുമ്പോൾ ശരീരത്തിൽ ആന്റിബോഡി ഉൽപ്പാദനം തുടങ്ങി ഉയർന്ന പ്രതിരോധ ശേഷിയിലേക്ക് എത്തുകയും പിന്നീട്‌ ആന്റിബോഡി നില താഴുകയും ചെയ്യും.  ഈ സമയത്ത്‌  രണ്ടാം ഡോസ് വാക്സിൻ നൽകിയാൽ മാത്രമേ  ദീർഘകാലത്തേക്ക്‌ ആന്റിബോഡി  നിലനിൽക്കൂ. 
 
രണ്ടാം ഡോസ്‌ സ്വീകരിക്കാത്തവരുടെ  പ്രതിരോധശേഷി കുറയുമെന്നും രോഗസാധ്യത കൂടുമെന്നും ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. വാക്സിനേഷനുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top