08 May Wednesday

സിപിഐ എം ഇരിട്ടി ഏരിയാസമ്മേളനംസമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

 സിപിഐ എം ഇരിട്ടി ഏരിയാസമ്മേളന പൊതുസമ്മേളനം വട്ടക്കയത്ത്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

വന്യജീവി ആക്രമണം തടയണം 

ഇരിട്ടി

വന്യജീവി ആക്രമണത്തിൽനിന്ന്‌ ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം ഇരിട്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ആറളം കാപ്പുംകടവ്‌ മുതൽ മണിക്കടവ്‌ വരെയുള്ള നൂറുകിലോമീറ്റർ വനാതിർത്തി പങ്കിടുന്ന ഏരിയയിലെ ഗ്രാമപ്രദേശങ്ങളിൽ വന്യജീവി ആക്രമണം അതിരൂക്ഷമാണ്‌. കെടുതികൾ സഹിച്ചും നഷ്ടക്കണക്കെണ്ണിയുമാണ്‌ മലയോരത്തെ ജനങ്ങൾ ജീവിക്കുന്നത്‌. ആറളം ഫാമിൽ എട്ടുപേരടക്കം അടുത്തകാലത്ത്‌  പത്തുപേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. 

ഓടന്തോടിൽ ഫോറസ്‌റ്റ്‌ സ്‌റ്റേഷൻ സ്ഥാപിച്ചും വനാതിർത്തികളിൽ ആനമതിൽ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയും വന്യജീവി ആക്രമണത്തിൽനിന്ന്‌ മലയോരത്തെ രക്ഷിക്കണമെന്ന്‌ പ്രമേയത്തിൽ പറഞ്ഞു. 
ഇരിട്ടി താലൂക്കാശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആരംഭിക്കുക, മലയോരം കേന്ദ്രീകരിച്ച്‌ ടൂറിസം പദ്ധതി നടപ്പാക്കുക, മാടത്തിൽ സ്‌റ്റേഡിയം നിർമിക്കുക, ഇരിട്ടിയിൽ സ്‌പോർട്‌സ്‌ അക്കാദമി സ്ഥാപിക്കുക, ഇരിട്ടി മിനി സിവിൽ സ്‌റ്റേഷൻ നിർമാണമാരംഭിക്കുക, നുച്യാട്‌ ആനയടി പ്രദേശത്തെ മിച്ചഭൂമി അളന്ന്‌ തിട്ടപ്പെടുത്തുക, പട്ടയത്തിന്‌ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക്‌ പട്ടയം നൽകുക, ആറളത്ത്‌ കൃഷിവിജ്‌ഞാനകേന്ദ്രവും ഇരിട്ടിയിൽ കാർഷിക സംഭരണ–-സംസ്കരണ–- വിപണന കേന്ദ്രവും തുടങ്ങുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു. 
പൊതുചർച്ചയിൽ 29 പേർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ മറുപടി പറഞ്ഞു. 
സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി ശിവദാസൻ എംപി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വത്സൻ പനോളി, പി വി ഗോപിനാഥ്‌, പി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഇ എസ്‌ സത്യൻ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. എം വി ചന്ദ്രൻ നന്ദി പറഞ്ഞു. 
സമാപനസമ്മേളനം എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. കെ വി സക്കീർ ഹുസൈൻ അധ്യക്ഷനായി. കാരായി രാജൻ, കെ ശ്രീധരൻ, ബിനോയ്‌ കുര്യൻ, എൻ രാജൻ എന്നിവർ സംസാരിച്ചു. 
 
സക്കീർ ഹുസൈൻ 
ഇരിട്ടി ഏരിയാ  സെക്രട്ടറി
സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറിയായി കെ വി സക്കീർ ഹുസൈനെ വീണ്ടും  തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും പുന്നാട്‌ വട്ടക്കയം  ‘ബേബി ജോൺ പൈനാപ്പിള്ളി നഗറിൽ’ നടന്ന സമ്മേളനം തെരഞ്ഞെടുത്തു.  പി പി അശോകൻ, വൈ വൈ മത്തായി, എൻ ഐ സുകുമാരൻ, കെ ജി ദിലീപ്‌, പി പ്രകാശൻ, എൻ അശോകൻ, വി വിനോദ്‌കുമാർ, പി പി ഉസ്‌മാൻ, എൻ രാജൻ, കെ കെ ജനാർദനൻ, എൻ ടി റോസമ്മ, പി റോസ, വി ബി ഷാജു, കെ മോഹനൻ, ഇ പി രമേശൻ, ഇ എസ്‌ സത്യൻ, കെ ജെ സജീവൻ, എം സുമേഷ്‌, കോമള ലക്ഷ്‌മണൻ, എ ഡി ബിജു എന്നിവരാണ്‌ ഏരിയാ കമ്മിറ്റി അംഗങ്ങൾ. 13 ജില്ലാ സമ്മേളന  പ്രതിനിധികളെയും  തെരഞ്ഞെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top