കണ്ണൂർ
അഴീക്കോട് മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് ഇനി മികവിന്റെ അഴക്. ‘മഴവില്ല്' സമഗ്ര വിദ്യാഭ്യാസ പരിപാടിയിലൂടെ അഞ്ചുവർഷംകൊണ്ട് മണ്ഡലത്തിലെ വിദ്യാലയങ്ങളെ ആധുനികവും സാങ്കേതികവുമായി വികസിപ്പിക്കും.
സർക്കാർ, എയ്ഡഡ് മേഖലകളിലായി 72 സ്‌കൂളുകളാണ് മണ്ഡലത്തിലുള്ളത്. 10.5 കോടി രൂപ ചെലവിൽ ഇതിന്റെ ഭൗതീകവും അക്കാദമികവും സാമൂഹ്യവുമായ വികസനമാണ് ലക്ഷ്യം. ഇതിനായി മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും. ഫലപ്രദവും പ്രായോഗികവുമായ അനുഭവങ്ങൾക്കായി ലൈബ്രറികളും ലാബുകളും സജ്ജമാക്കും. വിദ്യാലയങ്ങളിൽനിന്ന് പ്ലാസ്റ്റിക്കും ലഹരിയും തുടച്ചുനീക്കും. സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാക്കും. മുഴുവൻ ക്ലാസ് മുറികളും സ്മാർട്ടാക്കും. കലാകായിക മേളയിൽ മികവ് തെളിയിക്കാനുള്ള പരിശീലനം നൽകും. ഉദ്യാനങ്ങളും കളിക്കളങ്ങളും ഒരുക്കുന്നതിനൊപ്പം ഭാഷാനൈപുണിയും ഗണിതശേഷിയും വികസിപ്പിക്കും. ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാൻ സമഗ്രമായ ആരോഗ്യ പോഷകാഹാര പരിപാടികളും സംഘടിപ്പിക്കും. ഭിന്നശേഷി കുട്ടികളുടെ തൊഴിൽപരമായ നൈപുണി വളർത്തിയെടുക്കും.
മഴവില്ലിന് ഏഴ് നിറങ്ങൾ എന്നപോലെ പദ്ധതിയും ഏഴ് മേഖലയായി തിരിച്ചാണ് പ്രവർത്തനം. അടിസ്ഥാന സൗകര്യവികസനം, അക്കാദമിക വികാസം, ശാസ്‌ത്ര–-സാമൂഹ്യാവബോധം, ആരോഗ്യ–-കായിക വികാസം, കലാ സാംസ്‌കാരികമുന്നേറ്റം, ജനാധിപത്യ സന്തോഷ വിദ്യാഭ്യാസം, സുസ്ഥിര വികസന ചിന്ത എന്നീ ഏഴ് മേഖലകളെ മുൻനിർത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. സർക്കാർ, എംഎൽഎ, എൽഎസ്ജി, പിടിഎ, സ്‌പോൺസർഷിപ്പ്, സന്നദ്ധ പ്രവർത്തകർ, സംഘടനകൾ, പൂർവവിദ്യാർഥികൾ തുടങ്ങിയവയിലൂടെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തനം നടത്തുക.
മണ്ഡലതലത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ മോണിറ്ററിങ് സമിതി, പഞ്ചായത്തുതലത്തിൽ ഉപസമിതി, സബ്ജില്ലാതല വിദ്യാഭ്യാസ സമിതി, വിദ്യാലയങ്ങളിലെ വിദ്യാഭ്യാസ വികസന സമിതി എന്നിവ ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
‘മഴവില്ലി'ന്റെ പദ്ധതി രേഖ സ്‌പീക്കർ എ എൻ ഷംസീർ മുൻ എംഎൽഎ എം പ്രകാശന് നൽകി പ്രകാശിപ്പിച്ചു. അഴീക്കോട് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി.
മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലേക്കും ദയ അക്കാദമി നൽകുന്ന സ്‌പോർട്‌സ് കിറ്റിന്റെ വിതരണോദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. അസി. കലക്ടർ അനൂപ് ഗാർഗ്, ശൗര്യചക്ര പി വി മനേഷ്, ഡോ. എൻ കെ സൂരജ്, ഫുട്‌ബോൾ താരം സി കെ വിനീത് എന്നിവർ മുഖ്യാതിഥികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..