29 March Friday
ഇന്ന് പുഴദിനം

കാനാമ്പുഴയൊഴുകുന്നു, തെളിനീരായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

കാനാമ്പുഴ തിലാന്നൂർ കൂടത്തുംതാഴെ നിന്നുള്ള ദൃശ്യം

 കണ്ണൂർ

ഒരുകാലത്ത്‌ മാലിന്യം പേറിയൊഴുകിയ കാനാമ്പുഴയിന്ന്‌  സുന്ദരിയാണ്‌. തെളിനീരായൊഴുകുന്ന കുഞ്ഞിപ്പുഴ, മാറിയ സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തൽകൂടിയാകുന്നുണ്ട്‌ ഈ പുഴ. അതിജീവിക്കുകയായിരുന്നില്ല, അക്ഷരാർഥത്തിൽ പുനർജനിക്കുകയായിരുന്നു കാനാമ്പുഴ. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‌ കല്യാശേരി മാതൃകയായതുപോലെ പുഴ സംരക്ഷണത്തിനുള്ള മാതൃക സംസ്ഥാനത്തിനുമുമ്പാകെ അവതരിപ്പിച്ചതും കാനാമ്പുഴയിൽതന്നെ. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽനിന്നാരംഭിച്ച്‌ കണ്ണൂർ നഗരത്തോട്‌ ചേർന്നൊഴുകി അറബിക്കടലിൽ ചേരുന്ന കാനാമ്പുഴയ്‌ക്ക്‌ പത്തുകിലോമീറ്റർനീളം. ചെറിയ പുഴയാണെങ്കിലും കാലങ്ങൾക്കിപ്പുറം നഗരവൽക്കരണം പുഴയെ ശോഷിപ്പിച്ചു. പ്ലാസ്‌റ്റിക്കും മാലിന്യങ്ങളും വഹിച്ച്‌ അകാലമൃത്യുവിലേക്ക്‌ ഒഴുകിയ പുഴയെ വീണ്ടെടുക്കാൻ 2017ലാണ്‌ ജനകീയ ഇടപെടലുണ്ടായത്‌. മഴക്കാലത്ത്‌ വെള്ളപ്പൊക്കവും വേനൽക്കാലത്ത്‌ ദുർഗന്ധവും സമ്മാനിച്ച പുഴയെ ഇരുകരകളിലുള്ളവരും വെറുത്തുതുടങ്ങിയിരുന്നു. 
ഒഴുക്ക്‌ വീണ്ടെടുക്കൽ
കണ്ണൂരിന്‌ ആപേര്‌ വന്നതിൽപോലും കാനാമ്പുഴയുണ്ടെന്നാണ്‌ ചരിത്രം. കണ്ണൂരിന്റെ ആദ്യരൂപമായ കാനന്നൂർ കാനാമ്പുഴയിൽനിന്നാണ്‌ രൂപപ്പെട്ടതെന്നാണ്‌ ചരിത്രകാരന്മാർ പറയുന്നത്‌.  കണ്ണൂർ നഗരവും പരിസരങ്ങളും വളർന്നെങ്കിലും വളർച്ചയുടെ ദുരിതംപേറുകയായിരുന്നു കാനാമ്പുഴ. പരിപാലിച്ചില്ലെന്നുമാത്രമല്ല നഗരവൽക്കരണത്തിന്റേതായ കൈയേറ്റങ്ങളും സംസ്കാരത്തിന്റെ ഈ കൈവഴിയെ ഇല്ലാതാക്കി. പുഴയുടെ കനിവിൽ ഇരുകരകളിലും കൃഷിയടക്കമുള്ളവ ഉപജീവനമാർഗമാക്കിയവരായിരുന്നു ആദ്യകാലത്തുള്ളവർ.  2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്ന്‌ രാമചന്ദ്രൻ കടന്നപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടശേഷം നടന്ന കണ്ണൂർ കാലത്തിനൊപ്പമെന്ന സെമിനാറിലായിരുന്നു കാനാമ്പുഴയുടെ സംരക്ഷണമെന്ന നിർദേശങ്ങൾ ഉയർന്നുവന്നത്‌. രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും എൻ ചന്ദ്രന്റെയും നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചതോടെ  പ്രവർത്തനങ്ങൾക്ക്‌  രൂപമായി. പത്തുകിലോമീറ്റർ പുഴയിലെ മാലിന്യനീക്കമെന്ന ഉദ്യമത്തിനിറങ്ങിയ 5000 വളണ്ടിയർമാർ കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ മാതൃകയാണ്‌ കാനാമ്പുഴയിൽ സൃഷ്‌ടിച്ചത്‌. 
നാടിറങ്ങി, നാടിനായി
പ്രാദേശികയോഗങ്ങളിലൂടെ, പുഴയെ അറിയാൻ നടത്തിയ യാത്രയിലൂടെ, ദീപം തെളിയിക്കലിലൂടെ ഇരുകരകളിലുമുള്ള കർഷകരും രാഷ്‌ട്രീയ–- സാംസ്‌കാരിക–- സന്നദ്ധ പ്രവർത്തകരും ഒന്നിച്ചിറങ്ങി. പുഴയോരത്തെ പച്ചപ്പ്‌ തിരിച്ചുപിടിക്കാൻ അയ്യായിരത്തോളം വൃക്ഷത്തൈകളാണ്‌ നട്ടുപിടിപ്പിച്ചത്‌. പഠനസംഗമങ്ങൾ, വിദഗ്‌ധരുടെ സംഗമങ്ങൾ എന്നിവ പുഴയാരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കുന്നതിനുള്ള വഴികളായി. വിശദമായ മാസ്റ്റർപ്ലാൻ തയ്യാറാക്കൽപോലും ജനകീയമായി. 73.75 കോടിയുടെ മാസ്‌റ്റർ പ്ലാനാണ്‌ തയ്യാറാക്കിയത്‌. സർക്കാർ ഫണ്ടിനോ അനുമതിക്കോ കാത്തുനിൽക്കാതെ പുഴസംരക്ഷണത്തിന്‌ ഇറങ്ങിയതാണ്‌ കാനാമ്പുഴ അതീജീവനപ്രവർത്തനങ്ങളെ വേറിട്ടതാക്കിയത്‌. പ്രാദേശിക യോഗങ്ങളിൽ നാല്‌ നീർത്തടസമിതികളും അതിനു തുടർച്ചയായി സൂക്ഷ്‌മതല നീർത്തട സമിതികളും രൂപീകരിച്ചാണ്‌ പ്രവർത്തനം ഏകോപിപ്പിച്ചത്‌. വികേന്ദ്രീകരിച്ച  പ്രവർത്തനങ്ങൾ പ്രതിക്ഷിച്ചതിനേക്കാൾ ഫലംകണ്ടു. പ്രവർത്തനം തുടങ്ങി ഒരുവർഷമാകുമ്പോഴേക്കും കാനാമ്പുഴയുടെ തീരത്തെ പത്തുകുളങ്ങളാണ്‌ ശുചീകരിച്ച്‌ ഉപയോഗയോഗ്യമാക്കിയത്‌. പുഴയോരത്തെ തരിശുഭൂമികളിൽ കൃഷിയിറക്കിയും ഗതകാലസമൃദ്ധിയെ തിരിച്ചുപിടിക്കാനുള്ള ഇടപെടലുണ്ടായി. വിവിധ വകുപ്പുകളുടെ പദ്ധതികളെ പുഴസംരക്ഷണത്തിനായി പ്രയോജനപ്പെടുത്തുന്നതിലൂടെയാണ്‌ കാനാമ്പുഴ അതീജീവന പദ്ധതി വ്യത്യസ്‌തമായത്‌. അതേക്കുറിച്ച്‌ നാളെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top