20 April Saturday

കരളുറപ്പിന്റെ, ‘കനലാടി’ത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

 കരിവെള്ളൂർ

ഇരുതോളിലും ഊന്നുവടിയുമായെത്തി തെയ്യപ്പറമ്പുകളിലെ ‘നാദമാകാ’ൻ   ഇനി  കുണിയനിലെ  കുണ്ടോറ കുഞ്ഞാരൻ പെരുവണ്ണാനില്ല.  തെയ്യാട്ടക്കാവുകളിൽ തന്റെ നല്ലനാളുകളിൽ കഠിനപ്രയ്‌തനത്താൽ സ്വായത്തമാക്കിയ മെയ് വഴക്കത്തിൽ പെരുവണ്ണാൻ കെട്ടിയാടിയ കതിവന്നൂർ വീരനടക്കമുള്ള തെയ്യങ്ങൾക്ക്‌ പ്രത്യേക ചാരുതയുണ്ടായിരുന്നു. തീച്ചാമുണ്ഡി കെട്ടി മേലേരിയിൽ വീഴുന്നതിനിടെയുണ്ടായ പൊള്ളലിനെ തുടർന്ന് കാൽമുറിച്ചുമാറ്റേണ്ടിവന്നിട്ടും തെയ്യത്തെ  നെഞ്ചേറ്റി ജീവിച്ചയാളാണ് കുഞ്ഞാരൻ. 
 ഊന്നുവടിയുടെ സഹായത്തോടെയാണ് ഒടുവിൽ കരിവെള്ളൂർ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിൽ ചെണ്ടകൊട്ടാനെത്തിയത്.  തെയ്യത്തിനിടെ  സംഭവിച്ച അപകടമാണ് കുഞ്ഞാരന് ഒരു കാല് നഷ്‌ടമാക്കിയത്.  
40 വർഷം മുമ്പ് ഒറ്റക്കോലംകെട്ടി അഗ്നിപ്രവേശം നടത്തുന്നതിനിടെയായിരുന്നു അപകടം. കോലത്തിനിടെ കാൽവിരലിനുണ്ടായ പൊള്ളൽ വലിയ വ്രണമായി. വേദന സഹിക്കാതെ ഒടുവിൽ ഇരുവിരലുകകളും സ്വയം മുറിച്ചെറിഞ്ഞു. ഒടുവിൽ മുട്ടിനു കീഴെ കാൽ മുറിച്ചുമാറ്റി. കേരള ഫോക് ലോർ അക്കാദമിയും സാംസ്കാരിക വകുപ്പും  ചികിത്സാ സഹായം നൽകിയിരുന്നു. 
ഫോക് ലോർ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ദേശാഭിമാനി  2017ൽ പെരുവണ്ണാനെ ആദരിച്ചിരുന്നു. കുണിയനിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ടി ഐ മധുസൂദനൻ എംഎൽഎ, കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡന്റ് എ വി ലേജു, ജനപ്രതിനിധികൾ, രാഷ്‌ട്രീ്യ –- സാമൂഹിക –- സാംസ്‌കാരിക പ്രവർത്തകർ, തെയ്യം കലാകാരന്മാർ, നാട്ടുകാർ എന്നിവർ അന്തിമോപചാരമർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top