25 April Thursday

സംഘികളെയും 
ഓത്ത്‌ പഠിപ്പിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

 സംഘികളെ ദാർശനികതയുടെ ഓത്ത്‌ പഠിപ്പിക്കാൻ പോയ കെ എൻ എ ഖാദർ സായ്‌വിനുള്ള വാഴ്‌ത്തുപാട്ടുമായി ചാലിയംകാരൻ ഷാഫിയുടെ ഓഡിയോ വൈറലായിട്ടുണ്ട്‌. അതിൽ പറയുന്നത്‌ നമ്മുടെ കണ്ണൂരിലെ അവുള്ളക്കുട്ടിയുടെ കാര്യാണോ? വിവരോം വിദ്യാഭ്യാസവുമില്ലാത്ത പല ദേശീയ മുസ്ലിങ്ങൾക്കും ബിജെപിയിൽ പോയപ്പോൾ കാബിനറ്റ്‌ പദവിവരെ കിട്ടിയെങ്കിൽ ഖാദർ സായ്‌വ്‌ രാഷ്‌ട്രപതി വരെ ആകുമെന്നാണ്‌ ചാലിയത്തെ ലീഗാരന്റെ പ്രവചനം. അങ്ങനെ വന്നാൽ മംഗലം ക്ഷണിക്കാൻ പോയാൽ പോലും ഖാദർ സായ്‌വിന്റെ മുന്നിൽ ക്യൂ നിൽക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്‌.  

ഇത്‌ മുൻകൂട്ടി കണ്ട ചില ലീഗാര്‌ കണ്ണൂരുമുണ്ട്‌. അവർ ബിജെപി ദേശീയ ഉപാധ്യക്ഷ മഹോദയ്‌ അവുള്ളക്കുട്ടിയെ ഷാളണിയിച്ച്‌  സ്വീകരിച്ചു.  പോത്ത്‌ ബിരിയാണി കയ്‌പിച്ചു. ഇതിന്‌  കണ്ണൂരിലെ ലീഗ്‌ സെക്രട്ടറിയോടും കെഎംസിസിയുടെ അഖിലേന്ത്യാ  നേതാക്കളോടും ലീഗ്‌ സംസ്ഥാന സമിതി കണ്ണുരുട്ടിയെന്നാണ്‌ കേൾവി. അങ്ങനെയെങ്കിൽ ഖാദർ സായ്‌വിന്റെ കാര്യത്തിലും എന്തെങ്കിലുമൊന്ന്‌ ചെയ്യേണ്ടേ. ഇനി ഖാദർ സായ്‌വിനും കണ്ണൂരിലെ സ്വീകരണ കമ്മിറ്റിക്കാർക്കുമെതിരെ നടപടി എടുത്താൽ ഒന്നിച്ചങ്ങ്‌ സംഘകൂടാരത്തിലേക്ക്‌ പോയാലും അതിനും താത്വിക വിശകലനത്തിന്‌ ചാലിയംകാരനുണ്ടാവും. അവുള്ളക്കുട്ടിയുടെ അനുഭവപരിചയവും കരുത്താകട്ടെ.  
ഇതെല്ലാം കണ്ട്‌ പൊട്ടിച്ചിരിക്കുന്ന ഒരാളുണ്ട്‌. മൈക്കിന്‌ മുന്നിലെ ഗീർവാണക്കാരൻ കണിയാമ്പറ്റ ഇഞ്ചി ഷാജി. അഴീക്കോട്‌നിന്ന്‌ രണ്ട്‌ തവണ  രക്ഷപ്പെട്ടത്‌ താമരയിൽ ചവിട്ടിയാണ്‌. വോട്ടുറപ്പിക്കാൻ ഖുറാനിൽ മാത്രമല്ല, ഗീതയിലും മുത്തമിട്ട്‌ സത്യം ചെയ്യിപ്പിച്ചിരുന്നു. ഷാജിയെന്ന നാമത്തിലൂടെ ഒറിജിനൽ സംഘിയുമായി. 
ഷാജിയുടെ മുരളൽ ഇനിയും നിലച്ചിട്ടില്ല. ലോക കേരളസഭയിൽ പങ്കെടുത്തതിൽ കെഎംസിസി നേതാക്കളുണ്ട്‌. പക്ഷേ, അതും ഷാജിക്ക്‌ ദഹിച്ചിട്ടില്ല. വിദേശ മലയാളികളെ ആകെ ആക്ഷേപിക്കുകയാണ്‌. അതിനും അടിസ്ഥാനം കുഞ്ഞാലിക്കുട്ടിയോടുള്ള കലിപ്പാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ അഴീക്കോട്‌ നിന്നും മലപ്പുറത്തെ സുരക്ഷിത സ്ഥാനത്തേക്ക്‌ ചാടാൻ നോക്കിയിരുന്നതാണ്‌. പ്ലസ്‌ ടു കോഴ ഉൾപ്പെടെയുള്ള പരാതികളുടെ പശ്‌ചാത്തലത്തിലായിരുന്നു അത്‌. കുഞ്ഞാലിക്കുട്ടി വഴങ്ങിയില്ല. അഴീക്കോട്‌നിന്ന്‌ ദയനീയമായി തോൽക്കുകയും ചെയ്‌തു. ഇപ്പോഴിതാ രാഹുൽജിയെ പോലെ ഇഡിയുടെ വിളികാത്ത്‌ നിൽക്കുകയാണ്‌. അതുകൊണ്ട്‌ ബിജെപിക്കെതിരെ മിണ്ടില്ല. അപ്പോൾ പിന്നെ മേക്കിട്ട്‌ കയറാൻ പ്രവാസികൾ തന്നെ നല്ലത്‌.
********
ഡിസിസി അധ്യക്ഷൻ ശ്രീമാൻ മാർട്ടിൻ ജോർജ്‌ അഭിഭാഷകനാണത്രെ. മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക്‌ സോപാധിക ജാമ്യം ലഭിച്ചപ്പോൾ നെടുങ്കൻ പ്രസ്‌താവനയിറക്കി. പ്രതികളുടെ നിരപരാധിത്വം തെളിഞ്ഞെന്ന്‌. ഇദ്ദേഹം നിയമം പഠിച്ചത്‌ ഏത്‌ സർവകലാശാലയിൽനിന്നാണാവോ? കുമ്പക്കുടിയും ഇതുതന്നെ ഓതി. അങ്ങേര്‌ പിന്നെ നിയമം പഠിക്കാൻ പോയി പാതി വഴിക്ക്‌ മുങ്ങിയതാ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top