20 April Saturday

ലഹരിവിരുദ്ധ ദിനം ഇന്ന്‌ ‘വിമുക്തി’യുണ്ട്‌; വഴിതെറ്റാതെ കാക്കാൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
കണ്ണൂർ
സ്‌കൂൾ തലം മുതൽ കുട്ടികളുടെ പഠനത്തോടൊപ്പം കൂടുകയാണ്‌ വിമുക്തി. ബോധവൽക്കരണ ക്ലാസുകൾ മാത്രമല്ല ഫുട്‌ബോൾ, പോസ്‌റ്റർ രചന, ക്വിസ്‌ തുടങ്ങിയ മത്സരങ്ങളിലൂടെ കുട്ടികൾക്കൊപ്പമാണ്‌ എന്നും വിമുക്തി മിഷൻ. ലഹരി വിരുദ്ധ ദിനത്തിൽ ദീർഘദൂര ഓട്ടവും നീന്തലും സൈക്കിൾ റാലിയുമായി എക്‌സൈസ്‌ വകുപ്പിന്റെ വിമുക്തി മിഷൻ ബോധവൽക്കരണ പ്രവർത്തനത്തിലാണ്‌. 
ലഹരിവസ്‌തുക്കൾക്ക്‌ അടിപ്പെടാതെ കുട്ടികളെയും യുവാക്കളെയും സംരക്ഷിച്ചു നിർത്തുന്നതിനായി വിമുക്തി മിഷൻ ജില്ലയിൽ നിരവധി പ്രവർത്തനം നടത്തുന്നുണ്ട്‌. 
വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് സ്കൂൾ തലത്തിൽ 5410- ഉം, കോളേജ് തലത്തിൽ 899-ഉം ക്ലബ്ബുകളാണ്‌ നിലവിൽ പ്രവർത്തിക്കുന്നത്‌. 622 സിബിഎസ്ഇ സ്കൂളുകളിലും ക്ലബ് രൂപീകരിച്ചു. കോളേജ് തലത്തിൽ അധ്യാപകർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ക്യാമ്പസ്സുകളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് ‘നേർക്കൂട്ടം’ എന്ന പേരിലും ഹോസ്റ്റലുകളിൽ ‘ശ്രദ്ധ’ എന്ന പേരിലുമാണ്‌  ക്ലബുകൾ പ്രവർത്തിക്കുന്നത്‌.  
ലഹരി ഉപയോഗം കൂടുതലുളള മേഖലകൾ കണ്ടെത്തി അവ ഇല്ലാതാക്കുന്നതിന് പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്‌.  പെൺകുട്ടികൾക്ക്  പ്രതിരോധത്തിന്‌ സ്വയരക്ഷാ പരിശീലനം നൽകുന്നുണ്ട്‌. 
 ജില്ലയിലെ വിമുക്തി കേന്ദ്രത്തിൽ 853 പേർ ചികിത്സ തേടി. പയ്യന്നൂർ താലൂക്ക്‌ ആശുപത്രിയിലാണ്‌ ചികിത്സ നൽകുന്നത്‌. 760 പേർ ഒപിയിലും 93 പേർ കിടത്തി ചികിത്സയും നേടി.  നിരവധി പേർക്ക്‌ കൗൺസലിങ്ങും നൽകി. 
മദ്യപാനത്തേക്കാൾ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്‌. ടോൾഫ്രീ നമ്പറിലും മറ്റും ഇത്തരക്കാരെ കുറിച്ചുള്ള പരാതി വന്നുകൊണ്ടിരിക്കുന്നു. 
അക്രമാസക്തരായവരെ ജില്ലയിലെ മറ്റു ലഹരിവിമുക്ത കേന്ദ്രങ്ങളിലാക്കിയാണ്‌ ചികിത്സ നൽകുന്നതെന്ന്‌ എക്‌സൈസ്‌ അസി. കമീഷണർ ടി രാകേഷ്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top