20 April Saturday
ഹരിദാസൻ വധം

വിചാരണക്ക്‌ 
സന്നദ്ധമെന്ന്‌ 
പ്രോസിക്യൂട്ടർ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

തലശേരി 

സിപിഐ എം പ്രവർത്തകൻ ഹരിദാസൻ വധക്കേസിൽ  വിചാരണക്ക്‌ സന്നദ്ധമെന്ന്‌ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കെ വിശ്വൻ ജില്ലാ സെഷൻസ്‌ കോടതിയെ അറിയിച്ചു. ഒന്നും രണ്ടും പ്രതികളായ ബിജെപി മണ്ഡലം പ്രസിഡന്റ്‌ കെ ലിജേഷും മണ്ഡലം സെക്രട്ടറി പ്രിതീഷ്‌ എന്ന മൾട്ടി പ്രജിയും നൽകിയ ജാമ്യഹർജിയുടെ വാദത്തിനിടെയാണ്‌ ഇക്കാര്യം ബോധിപ്പിച്ചത്‌. സെഷൻസ്‌ കോടതിയിലേക്ക്‌ കേസ്‌ എത്തിയാലുടൻ വിചാരണ ആരംഭിക്കാം. വിചാരണ പെട്ടെന്ന്‌ നടത്തുന്നതല്ലേ നല്ലതെന്ന്‌ വാദത്തിനിടെ കോടതിയും ചോദിച്ചു. 
കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം ആവശ്യം. ഒന്നാംപ്രതി  നഗരസഭാംഗവും സാമൂഹ്യപ്രവർത്തകനുമാണെന്നും രണ്ടാംപ്രതി സംഭവസമയത്ത്‌ വീട്ടിലാണെന്നും കളവായി പ്രതിചേർത്തുവെന്നുമായിരുന്നു വാദം. 
എന്നാൽ മൂന്ന്‌ കൊലപാതക കേസിൽ പ്രതിയാണ്‌ രണ്ടാംപ്രതിയെന്ന്‌ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വാദത്തിനിടെ പറഞ്ഞു. സംഭവസമയത്ത്‌ വീട്ടിലാണെങ്കിൽ അഞ്ച്‌ കിലോമീറ്റർ മാറിയുള്ള സ്ഥലത്തെ ടവർ ലൊക്കേഷനിൽ എങ്ങനെ വന്നു. ഏഴാംപ്രതി നിജിൽദാസുമായുള്ള ഫോൺ സംഭാഷണവും രണ്ടാം പ്രതിയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ്‌. സാമൂഹ്യപ്രവർത്തകന്റെ മുഖംമൂടിയണിഞ്ഞ്‌ ഭീകരമായ ക്രിമിനൽ പ്രവർത്തനത്തിനാണ്‌ ഒന്നാംപ്രതി നേതൃത്വം നൽകിയത്‌. യുവാക്കൾക്ക്‌ ആയുധം നൽകി കൊലപാതകത്തിന്‌ സജ്ജമാക്കി.  പ്രത്യേകമായി നിർമിച്ച ആയുധമാണ്‌ കൊലക്ക്‌ ഉപയോഗിച്ചത്‌. കൊലപാതകത്തിന്റെ മാസ്റ്റർ ബ്രെയിനും ഒന്നാംപ്രതിയാണ്‌.  ഇവർക്ക്‌ ജാമ്യം നൽകുന്നത്‌ സംഘർഷത്തിനിടയാക്കും. പെരിയ കേസിൽ മൂന്ന്‌ വർഷമായി പ്രതികൾ  ജയിലിലാണെന്നും ഹരിദാസൻ കേസിലും ജയിലിൽ കിടന്ന്‌ വിചാരണ നേരിടട്ടെയെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വാദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top