19 April Friday

2 റിമാൻഡ്‌ പ്രതികൾക്ക്‌ കോവിഡ്‌; പയ്യന്നൂർ കോടതി അടച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
കണ്ണപുരം/പയ്യന്നൂർ
കണ്ണൂർ സബ്‌ജയിലിലെ രണ്ട്‌ റിമാൻഡ്‌ പ്രതികൾക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. കണ്ണപുരം, ചെറുപുഴ പൊലീസ്‌‌ സ്‌റ്റേഷനുകളിലെ സിവിൽ പൊലീസ്‌ ഓഫീസർമാരെയും പയ്യന്നൂർ കോടതിയിലെയും കണ്ണൂർ സബ്‌ജയിലിലെയും ജീവനക്കാരെയും നീരീക്ഷണത്തിലാക്കി. പയ്യന്നൂർ ഫസ‌്റ്റ‌്ക്ലാസ‌്  മജിസ‌്ട്രേട്ട്‌ കോടതി 14 ദിവസത്തേക്ക‌് അടച്ചു. ജയിലിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ്‌ നടത്തിയ പരിശോധനയിലാണ്‌ രണ്ടുപേർക്കും കോവിഡുണ്ടെന്ന്‌ കണ്ടെത്തിയത്‌. 
  കണ്ണപുരത്ത്‌ വനിതാ പൊലീസ് ഓഫീസറെ അപമാനിച്ച കേസിൽ പിടിയിലായ പ്രതിക്കാണ്‌ കോവിഡ് സ്ഥീരീകരിച്ചത്‌.  നിർമാണക്കമ്പനി ജീവനക്കാരനായ ഇയാൾ ഇടക്കേപ്പുറം സ്വദേശിയാണ്. 23നാണ്‌ ഇയാളെ എസ്ഐയും സംഘവും അറസ്റ്റ്ചെയ്തത്. സ്റ്റേഷനിൽ എത്തിച്ച ഇയാളെ പിറ്റേന്നാണ് കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ്ചെയ്തശേഷം നടത്തിയ സ്രവ പരിശോധനയിലാണ് വൈറസ്‌ബാധ സ്ഥിരീകരിച്ചത്‌.  ഇതോടെയാണ് ഇയാൾ അറസ്റ്റിലായ ദിവസം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 23 പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചത്. കണ്ണൂരിൽനിന്ന്‌ എത്തിയ അഗ്നിരക്ഷാസേന പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി. കണ്ണപുരം സ്വദേശിയുടെ  സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന നടപടി വേഗത്തിലാക്കി. ഇയാളുടെ രോഗബാധയുടെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്‌. അറസ്റ്റിലാകുന്നതുവരെ ഇയാൾ ആളുകളുമായി വ്യാപകമായി ഇടപെട്ടിട്ടുണ്ട്‌. പ്രതിയെ ഹാജരാക്കിയ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലെ മജിസ്‌ട്രേറ്റും രണ്ട്‌ ജീവനക്കാരും ക്വാറന്റൈനിലായി.
     പയ്യന്നൂർ ഫസ‌്റ്റ‌്ക്ലാസ‌്  മജിസ‌്ട്രേട്ട്‌ കോടതിയിൽ കീഴടങ്ങിയ ചെറുപുഴ തട്ടുമ്മൽ സ്വദേശിക്കും‌ കോവിഡ‌് സ്ഥിരീകരിച്ചു‌. മുള്ളൻപന്നിയെ വേട്ടയാടിയ കേസിലെ പ്രതിയാണ്‌. ഏപ്രിൽ 21 നാണ്‌ ഇയാൾ കോടതിയിൽ കീഴടങ്ങിയത്‌.  കോടതി റിമാൻഡ്‌ ചെയ‌്ത‌് കണ്ണൂർ സബ‌് ജയിലിലേക്ക‌് അയക്കുകയായിരുന്നു. ഇതോടെയാണ‌് പ്രതി കീഴടങ്ങിയ പയ്യന്നൂർ ഫസ‌്റ്റ‌്ക്ലാസ‌് മജിസ‌്ട്രേട്ട്‌ കോടതി  അടയ്‌ക്കാൻ നിർദേശിച്ചത്‌. മജിസ്ട്രേട്ട്‌, എപിപി, ജൂനിയർ സൂപ്രണ്ട‌്, ആറ‌് കോടതി ജീവനക്കാർ, വൈദ്യപരിശോധന നടത്തിയ ഡോക്ടർ, ആശുപത്രി ജീവനക്കാരൻ, ജയിലിൽ എത്തിച്ച ചെറുപുഴ പൊലീസ‌് സ‌്റ്റേഷനിലെ നാലു പൊലീസുകാർ എന്നിവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. പ്രതി കോടതിയിൽ കീഴടങ്ങാനെത്തിയ സമയം നിരവധി അഭിഭാഷകരും മറ്റും കോടതിയിൽ ഉണ്ടായിരുന്നു. പയ്യന്നൂർ അഗ്നിരക്ഷാസേന കോടതിയും പരിസരവും അണുവിമുക്തമാക്കി.  
    കോവിഡ്‌ പരിശോധന നടത്തിയ പ്രതികളെ പാർപ്പിക്കുന്നതിന്‌ മാറ്റിവച്ച കണ്ണൂർ സബ്‌ജയിലിലാണ്‌ രണ്ടുപേരും. സുരക്ഷാ മുൻകരുതലുകളെടുത്താണ്‌ ഇവരുടെ പ്രവേശന നടപടികൾ പൂർത്തിയാക്കിയത്‌. മുൻകരുതലിന്റെ ഭാഗമായി ജയിൽ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top