19 April Friday

കഠിനമല്ല പഠനം, അറിവരങ്ങായി "മികവുത്സവം'

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

മികവുത്സവം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്‌നകുമാരി ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ

കഠിനമായ പഠന രീതികളെ ലളിതമാക്കാം, അറിവ് തേടി ക്ലാസ് മുറിക്ക് പുറത്തേക്ക്‌  സഞ്ചരിക്കാം, കളിച്ചും രസിച്ചുമുള്ള പഠന രീതി സ്വായത്തമാക്കാം–- അക്കാദമിക് മികവിന്റെ പുതുതലങ്ങൾ തുറക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റും സമഗ്രശിക്ഷ കേരളവും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല  മികവുത്സവം.
പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് മികവുകൾ കണ്ടെത്താനും അംഗീകാരം നൽകാനുമാണ് ജില്ലയിലെ പ്രൈമറി, ഹൈസ്‌കൂൾ എന്നിവയെ പങ്കെടുപ്പിച്ച് ‘മികവുത്സവം 2023’ നടത്തിയത്. ഉപജില്ലകളിൽനിന്ന്‌ തെരഞ്ഞെടുത്ത 15 പ്രൈമറി സ്‌കൂളുകളും മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽനിന്ന്‌ തെരഞ്ഞെടുത്ത ആറ് ഹൈസ്‌കൂളുകളും കണ്ണൂർ ശിക്ഷക് സദനിൽ നടന്ന ജില്ലാതല റിപ്പോർട്ടിങ്ങിൽ പങ്കെടുത്തു. 
ഓരോ സ്‌കൂളിൽനിന്നും അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന നാലംഗ സംഘമാണ് എത്തിയത്. തുടർന്ന് വിദഗ്ധ സമിതി ഇവരുമായി ആശയവിനിമയം നടത്തി വിജയികളെ തെരഞ്ഞെടുത്തു. വായന, ലഘുശാസ്ത്ര പരീക്ഷണം, ഭാഷ പഠനം, തത്സമയ ആവിഷ്‌കാരങ്ങൾ, അടിസ്ഥാന ഗണിതശേഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്‌കൂളിൽ നടത്തിയ തനത് പ്രവർത്തനമാണ് അവതരിപ്പിച്ചത്. 
സാമൂഹ്യ ശാസ്ത്രത്തിലെ അക്ഷാംശ രേഖാംശ പഠനം എളുപ്പമാക്കുന്ന രീതിയാണ് മാലൂർ യുപി സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ചത്. പാട്ട്, നൃത്തം, സ്‌കിറ്റ് തുടങ്ങിയവയിലൂടെ കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ ശേഷി വർധിപ്പിച്ച അനുഭവമാണ് ചെറുവാക്കര ഗവ. വെൽഫെയർ എൽപി സ്‌കൂളിൽനിന്നുള്ള സംഘം പങ്കുവച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു.  വി എ ശശീന്ദ്രവ്യാസ് അധ്യക്ഷനായി.
 
 
 
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top