28 March Thursday

‘‘ജോലി ഞങ്ങൾക്ക്‌ സ്‌നേഹപൂർണമായ കരുതൽ’’

ജസ്‌ന ജയരാജ്‌Updated: Thursday Mar 26, 2020
കണ്ണൂർ
അവർ ഏഴുപേരുണ്ടായിരുന്നു. എല്ലാവരുടെയും കൈയിൽ ലഗേജ്‌. സ്ക്രീൻചെയ്യാൻ തുടങ്ങുമ്പോൾ ഒരാൾ പറഞ്ഞു–-‘‘സിസ്റ്ററേ, എന്തെങ്കിലും കഴിക്കാൻ വാങ്ങിച്ചുതരുമോ... ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായി’’. അപ്പോഴാണ് ശ്രദ്ധിച്ചത് . എല്ലാവരും നന്നേ ക്ഷീണിതർ. ഗൾഫിൽനിന്ന് ബംഗളൂരു, അവിടെനിന്ന് കണ്ണൂർ ജില്ലാ ആശുപത്രി. എവിടെയും തങ്ങാതെയുള്ള യാത്ര.  ക്യാന്റീനിലേക്കു വിളിച്ച് അവർക്ക് ഭക്ഷണമെത്തിച്ചുകൊടുത്തു. വല്ലാത്ത സങ്കടം തോന്നി. ഒരു രോഗം മനുഷ്യനെ എത്ര വിഷമകരമായ സാഹചര്യങ്ങളിലേക്കാണ് തള്ളുന്നത്.  കണ്ണൂർ ജില്ലാ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിന്റെ ചുമതലയുള്ള ഹെഡ് നേഴ്സ്  ബിന്ദുവാണ്‌ ഈ അനുഭവം വിവരിച്ചത്‌.
    കോവിഡ്‌ രോഗഭീതിയോടെ മുന്നിലേക്കുവരുന്ന അനേകം മനുഷ്യരെ കേട്ടും  അറിഞ്ഞുമാണ് ബിന്ദുസിസ്റ്ററുടെ ഒരോ ദിവസവും കടന്നുപോകുന്നത്. ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിന്റെ ചുമതലക്കപ്പുറം  സ്നേഹപൂർണമായ കരുതലാണ്‌ അവർ നൽകുന്നത്‌.
    ഒന്നര മാസം പിന്നിടുന്ന ഐസൊലേഷൻ വാർഡ് അനുഭവങ്ങളെക്കുറിച്ച് ബിന്ദുസിസ്റ്റർ പറയുന്നതിങ്ങനെ: ‘‘കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഐസൊലേഷൻ വാർഡ് പ്രവർത്തനം തുടങ്ങുന്നത്. അന്നത്തെപ്പോലെ സംശയം തീർക്കാൻ സാമ്പിൾ പരിശോധനയ്ക്ക് വരുന്നവരല്ല ഇന്ന്. സ്ഥിതിയാകെ മാറി. പേടിച്ചുവിറച്ചാണ് ഓരോരുത്തരും വാർഡിലെത്തുന്നത്. രോഗം സംശയിക്കുന്നവരുടെ എണ്ണം കൂടിയപ്പോൾ ഞങ്ങളുടെ ജോലിയും കൂടി. ശരിക്കും പറഞ്ഞാൽ എല്ലാവരും നന്നായി പണിയെടുക്കുന്നു. ആദ്യം നമ്മുടെ കൂട്ടത്തിൽതന്നെ ചിലർക്ക് പേടിയായിരുന്നു. പിന്നെ അതെല്ലാം മാറി. ഇതൊരു ടീം വർക്കാണല്ലോ.’’ 
   ‘ ‘ഞങ്ങൾക്ക് തളർന്നിരിയ്‌ക്കാനാവില്ല. നല്ല വാർത്ത കേൾക്കാൻ കാത്തിരിക്കുന്നവരാണ്‌ ചുറ്റും. അവർക്ക് പ്രതീക്ഷയും പിന്തുണയും നൽകേണ്ടതും ഉത്തരവാദിത്തമാണ്. ഒരാളുടെ ഫലം നെഗറ്റീവാണെന്ന റിപ്പോർട്ട് വന്നാൽ എത്രയും പെട്ടെന്ന് അയാളെ വിവരമറിയിക്കും. വീടുകളിലേക്ക് വിടാനുള്ള കാര്യങ്ങൾ പെട്ടെന്ന് ചെയ്യും.  ഭൂരിഭാഗം ജീവനക്കാരും സമയത്ത് ഉച്ചഭക്ഷണം  കഴിച്ചിട്ട് ഒരു മാസത്തോളമായി.  ആരോഗ്യവകുപ്പും ആശുപത്രി സൂപ്രണ്ട് ഡോ. രാജീവും നോഡൽ ഓഫീസർ ഡോ. അഭിലാഷുമൊക്കെ അതീവ ജാഗ്രതയിലാണ്  പ്രവർത്തിക്കുന്നത്‌. 
ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന ക്യാന്റീൻ അധികൃതരുടെ സഹകരണം  എടുത്തുപറയണം. 29 വർഷത്തെ ഔദ്യോഗികജീവിതത്തിൽ ഇതുവരെയില്ലാത്ത അനുഭവമാണ് ഈ കൊറോണക്കാലം. ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാൻ കുംടുംബത്തിന്റെ പരിപൂർണ പിന്തുണയുണ്ട്’’. സംസാരം അവസാനിപ്പിക്കുമ്പോൾ സിസ്റ്റർ കൂട്ടിച്ചേർത്തു–- ‘‘ഇത് ഞങ്ങൾക്ക് ഒരു ദൗത്യമാണ്‌. കേസുകളുടെ എണ്ണം കുറഞ്ഞ് ഒന്നും ഇല്ലാതാവുന്ന ദിവസത്തെയാണ് ഞങ്ങൾ കാത്തിരിക്കുന്നത്. അന്നേ സമാധാനമുണ്ടാകൂ’’.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top