29 March Friday

ഹോം ഡെലിവറി ഫലപ്രദമാക്കാന്‍ ഇടപെടണം: എം വി ജയരാജന്‍

പ്രത്യേക ലേഖകൻUpdated: Thursday Mar 26, 2020

കണ്ണൂർ

ജില്ലയിൽ നീതിസ്റ്റോറുകളും നീതി മെഡിക്കൽ സ്റ്റോറുകളും നടത്തുന്ന മുഴുവൻ സഹകരണ സ്ഥാപനങ്ങളും ഹോം ഡെലിവറി സംവിധാനത്തിലൂടെ അവശ്യസാധനങ്ങളും മരുന്നും വീടുകളിൽ എത്തിച്ചുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു. ജില്ലയിൽ 64 നീതി സ്റ്റോറുകളും 38 നീതി മെഡിക്കൽ സ്റ്റോറുകളുമാണുള്ളത്. സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന ഈ നീതി സംവിധാനത്തിന് മരുന്നും നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കാൻ സർക്കാരും കൺസ്യൂമർഫെഡും  നടപടി സ്വീകരിക്കണം. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള വർഗ–- ബഹുജന സംഘടനകളുടെയും പ്രവർത്തകർ ഇതിനാവശ്യമായ സഹായം നൽകണമെന്നും  പ്രസ്താവനയിൽ പറഞ്ഞു.
സമ്പൂർണ ലോക്ക്ഡൗണിനെ തുടർന്ന് വീടുകളിൽ തളച്ചിടപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും മരുന്നും ലഭ്യമാക്കാൻ സർക്കാർതന്നെ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻപേർക്കും ഭക്ഷ്യവസ്തുക്കളടങ്ങിയ പ്രത്യേക കിറ്റ് നൽകുന്നു. ബിപിഎൽ–- എപിഎൽ വ്യത്യാസമില്ലാതെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ റേഷൻ നൽകാൻ നടപടി സ്വീകരിച്ചു. വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ ഹോം ഡെലിവറിയായിട്ടാണ് നടത്തുന്നത്. ഇതൊക്കെയാണെങ്കിലും അവശ്യം വേണ്ട നിത്യോപയോഗ സാധനങ്ങൾ ലഭിക്കാതെ പ്രയാസപ്പെടുന്ന ധാരാളം കുടുംബങ്ങളുണ്ടാകും. അവരെ വീടുകളിൽതന്നെ പിടിച്ചുനിർത്തി ലോക്ക്ഡൗൺ  പൂർണമാക്കണമെങ്കിൽ അവശ്യസാധനങ്ങൾ എത്തിച്ചുകൊടുത്തേ പറ്റൂ. ഈ സാമൂഹ്യ ഉത്തരവാദിത്തമാണ് സഹകരണസ്ഥാപനങ്ങളും പാർടി ഘടകങ്ങളും വർഗ–- ബഹുജന സംഘടനാ പ്രവർത്തകരും ഏറ്റെടുക്കേണ്ടത്.
കൊറോണ വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും മറവിൽ കരിഞ്ചന്തയ്ക്കും കൊള്ളലാഭത്തിനുമുള്ള ശ്രമങ്ങളും ശക്തമാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കലക്ടർ വ്യാപാരികളുടെ യോഗങ്ങളടക്കം വിളിച്ചുചേർത്ത് നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും  പല സാധനങ്ങൾക്കും അമിത വില നൽകേണ്ടിവരുന്നു. ഹോം ഡെലിവറി പ്രവർത്തനങ്ങൾ ഊർജിതമാകുന്നതോടെ ഇത്തരം  പ്രവണതകളെ  തടയാൻ കഴിയും. ഈ പ്രശ്നത്തിൽ ജനപ്രതിനിധികളും തദ്ദേശസ്ഥാപന ഭാരവാഹികളും ഫലപ്രദമായി ഇടപെടണമെന്നും എം വി ജയരാജൻ പ്രസ്താവനയിൽ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top