18 April Thursday

ധർമം കാക്കും ചരിത്രഭൂമിക

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021
കണ്ണൂർ 
പത്തുവയസ്സേ ആയിട്ടുള്ളൂ ധർമടം നിയോജകമണ്ഡലത്തിന്‌. മണ്ഡലം രൂപീകരിച്ചശേഷമുള്ള മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ എത്തുമ്പോഴും  കളംനിറയാൻ എൽഡിഎഫ്‌ മാത്രം. പതിവുപോലെ എതിരാളികൾ ‘എഴുതിത്തള്ളുക’യാണ്‌ ഇത്തവണയും ഈ ഇടതുകോട്ടയെ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വികസനമെത്താത്ത ഒരു പ്രദേശവും ഇല്ലെന്നതും‌ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിന്റെ സവിശേഷതയാണ്‌. ഇടതുപക്ഷത്തെ വിജയിപ്പിക്കുകയെന്ന ധർമമാണ്‌ ഈ ചരിത്ര ഭൂമിക പാലിച്ചുപോരുന്നത്‌.
   കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ സമ്മേളനത്തിന് വേദിയായ പിണറായി പാറപ്രം ഉൾപ്പെടുന്ന മണ്ഡലമാണ് ധർമടം. പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ ജന്മനാടായ പെരളശേരിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ കണ്ണുചിമ്മാതെ കാത്തുസൂക്ഷിച്ച മാവിലായിയുമടക്കമുള്ള പ്രദേശങ്ങളും ഇവിടെയാണ്‌.
    എടക്കാട്‌ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്പിൽ ഉൾപ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശേരിയുടെ ഭാഗമായിരുന്ന ധർമടം പഞ്ചായത്തും ഉൾപ്പെടുത്തി 2011ലാണ്‌ ധർമടം നിയമസഭാമണ്ഡലം രൂപംകൊണ്ടത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1,79,416 വോട്ടർമാരായിരുന്നു. ഇക്കുറി 1,89,166. 1,01,697 സ്‌ത്രീകളും 87,467 പുരുഷന്മാരും രണ്ട്‌ ട്രാൻസ്‌ജെൻഡറും.
     ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ കെ നാരായണൻ 15,162 വോട്ടിന്റെ‌ ഭൂരിപക്ഷം നേടിയാണ്‌ വിജയിച്ചത്‌. കെ കെ നാരായണൻ 72,354 വോട്ട്‌ നേടിയപ്പോൾ യുഡിഎഫിലെ മമ്പറം ദിവാകരന്‌ 57,192 വോട്ട്‌. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി കെ ശ്രീമതിക്ക്‌ ധർമടം 14,961 വോട്ടിന്റെ ലീഡ്‌ നൽകി. 
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫിന്‌ 30,337 വോട്ടിന്റെ ലീഡ്. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ‌ 36,905 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ്‌ ധർമടം കേരളത്തിന്റെ നായകനാക്കിയത്‌. മമ്പറം ദിവാകരൻ തന്നെയായിരുന്നു എതിരാളി. 87,329 വോട്ട്‌ പിണറായി നേടിയപ്പോൾ യുഡിഎഫ്‌ 50,424ൽ ഒതുങ്ങി. 
    യുഡിഎഫ്‌ നേട്ടമുണ്ടാക്കിയ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ധർമടം എൽഡിഎഫിന്‌ 4099 വോട്ടിന്റെ ലീഡ്‌ നൽകി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിലുൾപ്പെടുന്ന പഞ്ചായത്തുകളിൽ 49,180 ആയി എൽഡിഎഫ്‌ ഭൂരിപക്ഷമുയർത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top