20 April Saturday

പൂ വിടർന്നു, 
പുഷ്‌പോത്സവമായി

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

ചിരിവിടര്‍ത്തും പൂക്കാലം .. ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്പോത്സവം- 23 ഉദ്ഘാടനം ചെയ്ത കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുഷ്പങ്ങൾ നോക്കിക്കാണുന്നു. മേയര്‍ ടി ഒ മോഹനന്‍ സമീപം.

കണ്ണൂർ

മനുഷ്യരെ ചിരിപ്പിക്കാൻ പഠിപ്പിച്ചത്‌ പൂക്കളാണെന്ന്‌ ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി.  നൃത്തം അറിയാത്ത പെൺകുട്ടികൾ പൂക്കളെ നോക്കിയാൽ അറിയാതെ നൃത്തം പഠിക്കും. ചെളിയിൽ വളരുന്ന ചെടികൾ നമുക്ക്‌ തരുന്നത്‌ അതിമനോഹരമായ പൂക്കളും മണവും പുഞ്ചിരിയുമാണ്‌. വിദ്യയും സമ്പത്തും കൂടുമ്പോൾ വിനയവും കൂടണം. കണ്ണൂർ പൊലീസ്‌  മൈതാനിയിൽ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പുഷ്പോത്സവം  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കൈതപ്രം. 
‘എന്നെന്നും കണ്ണേട്ടൻ’  സിനിമയിലെ തന്റെ ആദ്യ ഗാനമായ ‘ഓ...പൂ വട്ടക തട്ടിച്ചിന്നി പൂമലയിൽ പുതുമഴ ചിന്നി പൂക്കൈതക്കയ്യും വീശി...’ പാടിയാണ്‌ കൈതപ്രം ഉദ്‌ഘാടന പ്രസംഗം തുടങ്ങിയത്‌.  ‘മക്കളെ നിങ്ങൾക്കുവേണ്ടി ചുവന്ന പ്രഭാതം പുലരും. അത്‌ കാണാൻ ഞാൻ ഉണ്ടാവില്ല. പക്ഷേ, അത്‌ സത്യമാണ്‌ ’ എന്ന എ കെ ജിയുടെ വാചകവും കൈതപ്രം ഉദ്ധരിച്ചു. ആ പ്രഭാതത്തെ ഓർമിപ്പിക്കുന്ന മനോഹരമായ  പൂക്കളാണ്‌ ഈ പുഷ്‌പോത്സവത്തെ മനോഹരമാക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. 
 സംഘാടകസമിതി വൈസ്‌ ചെയർമാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി വി ഷൈലജ അധ്യക്ഷയായി. മേയർ ടി ഒ മോഹനൻ, ഗായകൻ അതുൽ നറുകര എന്നിവർ  സംസാരിച്ചു.  സംഘാടകസമിതി ജനറൽ കൺവീനർ വി പി കിരൺ സ്വാഗതവും വൈസ്‌ ചെയർമാൻ ഡോ. കെ സി വത്സല നന്ദിയും പറഞ്ഞു. അതുൽ നറുകര നയിച്ച സൂപ്പർ മെഗാ ഹിറ്റ്‌  ഗാനമേളയും അരങ്ങേറി. 
 വ്യാഴം രാവിലെ  പത്തിന്‌ പുഷ്‌പാലങ്കാര ക്ലാസും പകൽ 2.30ന്‌ വെജിറ്റബിൾ കാർവിങ്‌ ക്ലാസും.  ദീർഘകാലം അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി സാരഥികളായിരുന്ന എസ്‌ ഇസ്‌മയിൽ ഷാ,  മീര പ്രഭാകരൻ എന്നിവരെ വൈകിട്ട്‌ നാലിന്‌ ആദരിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്‌ഘാടനം ചെയ്യും.  6.30ന്‌ നൃത്തസംഗീതനിശ.
രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ്‌ പുഷ്‌പോത്സവത്തിൽ പ്രവേശനം. 50 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top