26 April Friday
കണ്ണൂർ കോർപറേഷൻ

തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ യുഡിഎഫ്‌ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

കണ്ണൂർ കോർപറേഷൻ സിഡിഎസ് തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ശ്രമിച്ച ഡെപ്യൂട്ടി മേയർ 
കെ ഷബീനയും മറ്റ് യുഡിഎഫ് കൗൺസിലർമാരും പൊലീസിനോട് കയർക്കുന്നു.

കണ്ണൂർ
കോർപറേഷൻ കുടുംബശ്രീ സിഡിഎസ്‌ തെരഞ്ഞെടുപ്പ്‌ തടസ്സപ്പെടുത്താൻ യുഡിഎഫ്‌ ശ്രമം. മുനിസിപ്പൽ ഹൈസ്‌കൂളിൽ ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം നടത്തിയ സിഡിഎസ്‌  ചെയർപേഴ്‌സൺ, വൈസ്‌ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പാണ്‌ യുഡിഎഫുകാരായ സ്ഥിരംസമിതി അധ്യക്ഷരും കൗൺസിലർമാരും ചേർന്ന്‌ തടസ്സപ്പെടുത്താൻ ശ്രമിച്ചത്‌. ഇവർ ഹാളിൽ അനധികൃതമായി പ്രവേശിച്ച്‌ ബഹളംവയ്‌ക്കുകയായിരുന്നു. 
വോട്ടുചെയ്യാനെത്തിയ കുടുംബശ്രീ അംഗം എം ഷീജയെ യുഡിഎഫ് കൗൺസിലർമാർ മർദിക്കുകയും മൊബൈൽഫോൺ എറിഞ്ഞുടയ്‌ക്കുകയും ചെയ്തു. പരിക്കേറ്റ ഷീജ ആശുപത്രിയിൽ ചികിത്സ തേടി. 
55 വാർഡുകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ്‌ അംഗങ്ങൾക്കും തെരഞ്ഞെടുപ്പ്‌ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്കും മാത്രമാണ്‌ ഹാളിൽ പ്രവേശനം. എന്നാൽ പൊലീസിനെ തള്ളിമാറ്റി  യുഡിഎഫ്‌ കൗൺസിലർമാർ അകത്ത്‌ പ്രവേശിച്ചു. ബിപിഎൽ സംവരണമുള്ള നീർച്ചാൽ വാർഡിൽ എപിഎൽ അംഗമാണ്‌ തെരഞ്ഞെടുക്കപ്പെട്ടതെന്നും അതിനാൽ സിഡിഎസ്‌ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ്‌ മാറ്റണമെന്നുമായിരുന്നു യുഡിഎഫ്‌ ആവശ്യം. 
നിയമവിരുദ്ധ ആവശ്യം അംഗീകരിക്കപ്പെടില്ലെന്ന്‌ ഉറപ്പായതോടെ യുഡിഎഫുകാർ ബഹളംവച്ചു. തെരഞ്ഞെടുപ്പ്‌ ഹാളിൽ അനധികൃതമായി പ്രവേശിച്ചവർ പുറത്തിറങ്ങണമെന്ന്‌ അധികൃതർ ആവശ്യപ്പെട്ടു. അറസ്‌റ്റ്‌ ചെയ്‌താലേ പുറത്തുപോകൂവെന്ന്‌ യുഡിഎഫ്‌ വനിതാ കൗൺസിലർമാർ പറഞ്ഞു. വനിതാ പൊലീസെത്തി ഇവരെ ഹാളിൽനിന്ന്‌ പുറത്താക്കി അറസ്‌റ്റ്‌ചെയ്‌ത്‌ നീക്കാൻ തീരുമാനിച്ചതോടെ മേയർ ടി ഒ മോഹനനും കോൺഗ്രസ്‌, ലീഗ്‌ കൗൺസിലർമാരും എത്തി.  പൊലീസ്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഘം, തെരഞ്ഞെടുപ്പ്‌ തടസ്സപ്പെടുത്തിയ യുഡിഎഫ്‌ കൗൺസിലർമാരെ പുറത്തിറക്കി കോർപറേഷൻ ഓഫീസിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. 
തുടർന്ന്‌  35 വോട്ടുകൾ വീതം നേടി വി ജ്യോതിലക്ഷ്‌മി ചെയർപേഴ്‌സണായും  വി ജി വിനീത വൈസ്‌ ചെയർപേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ്‌ പ്രേരണയിൽ മത്സരിച്ചവർക്ക്‌ 19 വോട്ടു വീതമാണ്‌ ലഭിച്ചത്‌. വിജയികളെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഹാരമണിയിച്ച്‌ സ്വീകരിച്ചു.  ആഹ്ലാദപ്രകടനവുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top