29 March Friday

ഉയർന്നുയർന്ന് 
കോവിഡ് 2,578

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

 കണ്ണൂർ

ചൊവ്വാഴ്ച ജില്ലയിൽ 2,578 പേർക്കുകൂടി കോവി ഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 21 നാണ് പ്രതിദിന കോവിഡ് കണക്ക് അവസാനമായി രണ്ടായിരം കടന്നത്. 2,015 പേരാണ് അന്ന് പോസിറ്റീവായത്. 
ചൊവ്വാഴ്ച പരിശോധന നടത്തിയത് 6,225 പേരാണ്. 1,170 പേർ രോഗമുക്തി നേടി. ആശുപത്രിയിൽ  379 പേരാണുള്ളത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും കോവിഡ് മാനദണ്ഡം കർശനമായി പാലിച്ച് വ്യാപനം തടയണമെന്നും ജില്ലാ ആരോഗ്യവിഭാഗം നിർദേശിക്കുന്നു.
   ഈ മാസം ഒന്നിന് 225 രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. 25ന് 379 (68.4 ശതമാനം വർധന ) ആയി. ഐസിയു കേസ് 47 പേർ ഉണ്ടായിരുന്നത് 90 (91.4 ശതമാനം വർധന ) ആയി. ആശുപത്രികളിലെ രോഗികളിൽ 12.9 ശതമാനം ആണ് കോവിഡ് രോഗികൾ.
 
ഒമിക്രോണ്‍ : 
ബോധവൽക്കരണം ഇന്ന്
കണ്ണൂർ
കോവിഡ് മൂന്നാം തരംഗം നേരിടാൻ പൊതുജനങ്ങൾക്കായി ആരോഗ്യ  വകുപ്പിന്റെ പ്രത്യേക അവബോധ പരിപാടി ബുധനാഴ്ച നടക്കും.  പകൽ മൂന്നിന്  യൂട്യൂബിലൂടെയും  സാമൂഹ്യ മാധ്യമങ്ങളിലൂടെയും പരിപാടി കാണാം. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം,  പ്രതിരോധ/ ചികിത്സാ സംവിധാനം  എന്നിവയെക്കുറിച്ച്  അറിവ് നൽകുകയാണ് ലക്ഷ്യം. 
facebook.com/nhmkerala/, facebook.com/keralahealthservices ലൂടെ ഫേസ്ബുക്ക് പേജിലും  youtube.com/c/keralaHealthOnlineTraining  യുട്യൂബിലും കാണാം.
 
സ്വകാര്യ ആശുപത്രികൾ 
50 ശതമാനം 
കിടക്ക നൽകണം
കണ്ണൂർ
ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും ആകെയുള്ള സാധാരണ കിടക്ക, ഓക്‌സിജന്‍ കിടക്ക, ഐസിയു കിടക്ക, വെന്റിലേറ്റര്‍ എന്നിവയുടെ അമ്പത് ശതമാനം കോവിഡ് ചികിത്സക്കായി മാറ്റിവയ്‌ക്കാൻ നിർദേശം. കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗ തീരുമാനമനുസരിച്ചാണ് മാര്‍ഗ നിര്‍ദേശമിറക്കിയത്. 
സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കുന്ന ഡയാലിസിസ് രോഗികള്‍ കോവിഡ് പോസിറ്റിവ് ആയാല്‍ അവരെ ഡയാലിസിസ് ചെയ്യാൻ അതത് ആശുപത്രികളില്‍ തന്നെ പ്രത്യേകം സംവിധാനം ഒരുക്കണം.
പോസിറ്റീവ് ആകുന്നവരുടെയും അഡ്മിഷന്‍ -ഡിസ്ചാര്‍ജ് ആകുന്നവരുടെയും വിവരങ്ങളും ആശുപത്രികളിലെ സാധാരണ കിടക്ക, ഓക്‌സിജന്‍ കിടക്ക, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ എന്നിവയുടെ കൃത്യമായ വിവരങ്ങളും യഥാസമയം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നല്‍കണം. ആരോഗ്യ വകുപ്പിന്റെ അഡ്മിഷന്‍- ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശം സ്വകാര്യ ആശുപത്രി അധികൃതർ കൃത്യമായി പാലിക്കുകയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇത് ഉറപ്പു വരുത്തുകയും ചെയ്യണം. മറ്റു രോഗങ്ങള്‍ ഇല്ലാത്ത എ കാറ്റഗറി രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുത്. 
എല്ലാ സ്വകാര്യ ആശുപതികളും ഒരു സര്‍ജ് പ്ലാന്‍ തയ്യാറാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടണം. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന ഗര്‍ഭിണികള്‍ പോസിറ്റീവ് ആയാൽ  പ്രസവമടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേകം സംവിധാനം ഒരുക്കണമെന്നും മാര്‍ഗ നിര്‍ദേശത്തിലുണ്ട്.
 
ആൾക്കൂട്ടം തടയാൻ 
കർശന പരിശോധന
കണ്ണൂർ
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആൾക്കൂട്ടം തടയാൻ കർശന പരിശോധന. ജില്ല എ കാറ്റഗറിയായതിനാല്‍ പൊതുപരിപാടികളില്‍ 50 പേര്‍ മാത്രമേ പാടുള്ളൂ. ഇക്കാര്യം പൊലീസ് ഉറപ്പുവരുത്തണമെന്ന് കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശിച്ചു.
 
രജിസ്ട്രേഷൻ നിർബന്ധം
 വിവാഹം, ഉത്സവം, പൊതുപരിപാടി തുടങ്ങിയവ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.  രാത്രികാല ടര്‍ഫ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ അമ്പതിലേറെ പേര്‍ കൂട്ടംകൂടുന്നത് നിയന്ത്രിക്കും. സമീപ ദിവസങ്ങളിലായി 150 ലേറെ ഉത്സവങ്ങള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നടക്കാനിടയുണ്ടെന്ന് പൊലീസ് യോഗത്തില്‍ അറിയിച്ചു. ഉത്സവങ്ങള്‍ക്ക് ആളുകളെ പരിമിതപ്പെടുത്തുന്നതും കലാപരിപാടി ഒഴിവാക്കുന്നതും സംബന്ധിച്ച് ഉത്സവ കമ്മറ്റികള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കും. 
വാര്‍ഡ്തല ജാഗ്രതാ സമിതികളുടെയും റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും  പ്രവര്‍ത്തനം ശക്തിപ്പെടുത്തും. 
 
കൺട്രോൾ റൂം 
സേവനം തേടണം
 ആശുപത്രി സേവനം ആവശ്യമുള്ള കോവിഡ് രോഗികള്‍ നിര്‍ബന്ധമായും കണ്‍ട്രോള്‍ റൂമിന്റെ (0497 2700 194) സഹായം തേടണം. കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ ജില്ലാ കണ്‍ട്രോള്‍ റൂം വഴി മാത്രമാണ് കോവിഡ് രോഗികളെ പ്രവേശിപ്പിക്കുക. തളിപ്പറമ്പ് എഫ്എല്‍ടിസിയില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച സാഹചര്യത്തിൽ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലെ ബി കാറ്റഗറി രോഗികളെ അങ്ങോട്ട് മാറ്റും. മെഡിക്കൽ കോളേജിലെ രോഗികളില്‍ 50 ശതമാനവും ബി കാറ്റഗറിയിലുള്ളവരാണ്. ഗുരുതരാവസ്ഥയിലുള്ള സി കാറ്റഗറി  രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണിത്. കുട്ടികളുടെ വാക്‌സിനേഷന്‍ ഇതിനകം 89 ശതമാനം പൂര്‍ത്തീകരിച്ചു. ആദിവാസി  മേഖലകളില്‍ കോവിഡ് പരിശോധന കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ഡിഎംഒ ഡോ. കെ നാരായണ നായ്ക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top