28 March Thursday
അഭിമാനിക്കാം കേരള പൊലീസിന്‌

പ്രതികളെ വലയിലാക്കിയത്‌ 
24 മണിക്കൂറിനകം

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

തലശേരി

സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ ഷെമീറിനെയും കെ ഖാലിദിനെയും കുത്തിക്കൊന്നശേഷം രക്ഷപ്പെടാൻ ശ്രമിച്ച ലഹരിമാഫിയാ സംഘത്തിലെ  പ്രതികളെ 24 മണിക്കൂറിനുള്ളിൽ പൊലീസ്‌ വലയിൽ വീഴ്‌ത്തിയത്‌ ശാസ്‌ത്രീയ അന്വേഷണത്തിലൂടെ. കൊലപാതകം നടന്ന ശേഷം നാല്‌ സംഘമായി നടത്തിയ അന്വേഷണമാണ്‌ ലക്ഷ്യംകണ്ടത്‌. കൃത്യം നടന്ന്‌ മണിക്കൂറുകൾക്കകം മൂന്നുപേരെ തലശേരിയിൽ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇവരിൽനിന്ന്‌ ലഭിച്ച വിവരവും നിർണായകമായി. 
  കൃത്യം നടത്തിയശേഷം കാറിൽ കർണാടകത്തിലേക്ക്‌ കടന്ന മുഖ്യപ്രതി പാറായി ബാബുവിനെ തേടി വയനാട്‌, മൈസൂരു, മടിക്കേരി, മംഗളൂരു എന്നിവിടങ്ങളിലും പൊലീസ്‌ സംഘമെത്തി. അന്വേഷണം കർണാടകത്തിലേക്ക്‌ വ്യാപിപ്പിച്ചതോടെ തിരിച്ച്‌ വരുംവഴി ഇരിട്ടി പൊലീസ്‌ ബാരിക്കേഡ്‌ വച്ച്‌ തടഞ്ഞാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. വടക്കുമ്പാട്‌ പാറക്കെട്ടിലെ മുഹമ്മദ്‌ ഫർഹാൻ ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ എം അനിൽ വാഹനം കുറുകെയിട്ടാണ്‌ സാഹസികമായി  പിടിച്ചത്‌. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തയാളാണ്‌ മുഹമ്മദ്‌ ഫർഹാൻ. 
 അന്വേഷണത്തിന്റെ ഭാഗമായി അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി എഎസ്‌പി പി നിധിൻ രാജ്‌ പറഞ്ഞു. അഞ്ചുപേർ ഓട്ടോറിക്ഷയിലെത്തിയാണ്‌ കൊലപാതകം നടത്തിയത്‌. നാലുപേർ കൃത്യത്തിൽ നേരിട്ട്‌ പങ്കെടുത്തു. ഒരാൾ ഓട്ടോറിക്ഷയിലിരുന്നു. മുഖ്യപ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരാണ്‌ മറ്റുള്ളവർ. ഇരിട്ടി വഴി മടിക്കേരിയിലേക്കാണ്‌ രക്ഷപ്പെട്ടത്‌. 
കഞ്ചാവുമായി ബന്ധപ്പെട്ട പൊലീസിന്റെ നിരീക്ഷണത്തിലുള്ള ആളാണ്‌ ജാക്‌സൺ. കൊലയാളി സംഘം യാത്രചെയ്‌ത ഓട്ടോറിക്ഷയും രക്ഷപ്പെടാനുപയോഗിച്ച കാറും കസ്‌റ്റഡിയിലെടുത്തു. കണ്ണൂർ സിറ്റി പൊലീസ്‌ കമീഷണർ അജിത്‌കുമാർ, എഎസ്‌പി പി നിധിൻ രാജ്‌, കൂത്തുപറമ്പ്‌ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, ചൊക്ലി സിഐ സി ഷാജി, കതിരൂർ സിഐ മഹേഷ്‌ എന്നിവരുൾപ്പെട്ട സംഘമാണ്‌ അന്വേഷിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top