29 March Friday

വൃക്കയിലെ കല്ല്; തലശേരി ജനറൽ ആശുപത്രിയിൽ 
താക്കോൽദ്വാര ശസ്‌ത്രക്രിയ

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
തലശേരി
വൃക്കയിലെ കല്ല്‌ നീക്കുന്ന താക്കോൽദ്വാര ശസ്‌ത്രക്രിയ തലശേരി ജനറൽ ആശുപത്രിയിലും തുടങ്ങി. വൃക്ക തുറക്കാതെ ദ്വാരം ഉണ്ടാക്കി കല്ല്‌ നീക്കുന്ന പെർക്യൂട്ടേനിയസ്‌ നെഫ്രോലിത്തോട്ടമി (പിസിഎൻഎൽ) ശസ്‌ത്രക്രിയയാണ്‌ ആരംഭിച്ചത്‌. ചൊവ്വാഴ്‌ച മൂന്ന്‌ രോഗികളുടെ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. രാവിലെ എട്ടിന്‌ തുടങ്ങി വൈകിട്ട്‌ അഞ്ചരക്കാണ്‌ കഴിഞ്ഞത്‌. രോഗികൾ ആശുപത്രിയിൽ സുഖംപ്രാപിച്ചുവരുന്നു. 
യൂറോളജി വിഭാഗം മേധാവി ഡോ. രമേഷ്‌ബാബു മൊട്ടേമ്മലിന്റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. ഡോക്ടർമാരായ സുബീഷ്‌ പാറോൾ, കവിത, അനീഷ്‌ മോഹൻ, നഴ്‌സിങ്‌ ഓഫീസർമാരായ ഷീബ, ഉഷ, ഹേമന്ത്‌, അനസ്‌തേഷ്യാ ടെക്‌നീഷ്യന്മാരായ സമീർ, ജുബിന എന്നിവരും സഹായികളായി.  ജനറൽ ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്തരമൊരു ഓപ്പറേഷൻ നടക്കുന്നത്‌. നവീകരിച്ച ഓപ്പറേഷൻ തിയേറ്ററിലെ ആധുനിക ഉപകരണങ്ങളാണ്‌ ഇതിന്‌ സഹായിച്ചത്‌. 
സുപ്രണ്ട്‌ ഡോ. ആശാദേവി, ഡപ്യൂട്ടി സുപ്രണ്ട്‌ ഡോ. കെ സന്തോഷ്‌, ആർഎംഒ ഡോ. വി എസ്‌ ജിതിൻ എന്നിവരാണ്‌ ആവശ്യമായ ഉപകരണങ്ങൾ ഏർപ്പാട്‌ ചെയ്‌തത്‌. എ എൻ ഷംസീർ എംഎൽഎയുടെ ആസ്‌തിവികസന ഫണ്ട്‌ ഉപയോഗിച്ച്‌ നവീകരിച്ചശേഷം സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ശസ്‌ത്രക്രിയ ആദ്യമായാണ്‌. മെഡിക്കൽ കോളേജുകളിലാണ്‌ സങ്കീർണമായ ഇത്തരം ശസ്‌ത്രക്രിയ സാധാരണ നടക്കുന്നത്‌. സ്വകാര്യാശുപത്രികളിൽ ഒന്നര മുതൽ രണ്ടര ലക്ഷംവരെ ചെലവ്‌ വരുന്നതാണ്‌. ആരോഗ്യ ഇൻഷുറൻസുള്ളവർക്ക്‌ ഗവ. ആശുപത്രിയിൽ സാമ്പത്തിക ബാധ്യതവരില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top