18 December Thursday

സർക്കസിന്റെ കഥ 
വെള്ളിത്തിരയിലും നിറച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023
തലശേരി
മലയാളിയുടെ ചലച്ചിത്രാസ്വാദനത്തിൽ നവഭാവുകത്വം പകർന്ന കെ ജി ജോർജ്‌ സർക്കസിന്റെ കഥയും അഭ്രപാളിയിൽ പകർത്തി. പാനൂരിനടുത്ത നവോദയകുന്നിലും പരിസരത്തും ചിത്രീകരിച്ച ‘മേള’യിലൂടെയാണ്‌ സർക്കസ്‌ ജീവിതം വെള്ളിത്തിരയിലെത്തിച്ചത്‌. ശ്രീധരൻ ചമ്പാടിന്റെ കഥയിൽ കെ ജി ജോർജ്‌ ഒരുക്കിയ ചിത്രം തമ്പിന്റെ വിസ്‌മയ കാഴ്‌ചയിലേക്കാണ്‌ ചലച്ചിത്രാസ്വാദകരെ നയിച്ചത്‌. 1980ൽ പുറത്തിറങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 
  നവോദയകുന്നിലെ മേളയുടെ ചിത്രീകരണവും സംവിധായകൻ കെ ജി ജോർജിന്റെ സാന്നിധ്യവും നാട്ടുകാരുടെ മനസിൽ ഇന്നുമുണ്ട്‌. ചിത്രീകരണം കാണാൻ അന്ന്‌ വൻജനാവലിയാണ്‌ തടിച്ചുകൂടിയത്‌. ‘മേള’യുടെ തിരക്കഥയിലും സംഭാഷണത്തിലും കെ ജി ജോർജിന്റെ സഹായവും പങ്കാളിത്തവുമുണ്ടായെങ്കിലും കഥ ശ്രീധരന്റേതായിരുന്നു. 
  മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും അഭിനയജീവിതത്തിൽ വഴിത്തിരിവായ സിനിമ കൂടിയായിരുന്നു ‘മേള’. രഘു എന്ന ശശിധരൻ നായകനായ  സിനിമയിൽ വിജയൻ എന്ന മോട്ടോർ സൈക്കിൾ അഭ്യാസിയുടെ വേഷത്തിലായിരുന്നു മമ്മൂട്ടി. സർക്കസ്‌ കൂടാരത്തിലാണ്‌ പ്രധാനമായും കഥ നടക്കുന്നത്‌. സർക്കസ്‌ കോമാളിയായ കുള്ളന്റെ സുന്ദരിയായ ഭാര്യയും പുതുതായി വന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും തമ്മിൽ രൂപപ്പെടുന്ന പ്രണയവും ജീവിതത്തിലെ സംഘർഷവുമാണ്‌ പ്രമേയം. 
മനസ്സൊരു മാന്ത്രിക കുതിരയായ്‌... എന്ന മനോഹര ഗാനം കെ ജെ യേശുദാസിന്റെ സ്വരമാധുരിയിൽ ആസ്വാദക മനസ്‌ തൊട്ടതും ‘മേള’യിലൂടെയാണ്‌.  ശ്രീധരൻ ചമ്പാടിന്റെ പേര്‌ വെള്ളിത്തിരയിൽ ആദ്യമായി തെളിഞ്ഞ ചലച്ചിത്രം കൂടിയാണ്‌ മേള. പാട്യത്തിനടുത്ത പത്തായക്കുന്ന്‌ ശ്രീവത്സത്തിൽ ശ്രീധരൻ ചമ്പാടിന്റെ  മനസ്‌ നിറയെ മേളയുടെ ദൃശ്യങ്ങളാണിപ്പോഴും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top