16 April Tuesday

ഇല്ലത്തെ നീന്തൽ, അല്ലലില്ലാതെ

പ്രകാശൻ പയ്യന്നൂർUpdated: Sunday Sep 25, 2022

കോറോം ദേവീസഹായം യുപി സ്‌കൂൾ വിദ്യാർഥികൾക്കായി പുല്ലേരി വാധ്യാരില്ലം കുളത്തിൽ നടക്കുന്ന നീന്തൽ പരിശിലനം

പയ്യന്നൂർ
‘‘എന്തിന്‌ പേടിക്കുന്നു... കുളത്തിലിറങ്ങിക്കോളൂ, കുളിച്ചോളൂ... നീന്തിക്കോളൂ, - അതോ നീന്തലറിയില്ലേ പഠിപ്പിക്കാനും ഇവിടെയാളുണ്ടല്ലോ’’–-  കോറോം പുല്ലേരി വാധ്യാരില്ലത്തെ മനോഹരമായ കുളത്തിനടുത്തെത്തിയാൽ പലപ്പോഴും കുളിർമയേറിയ ഈ വാക്കുകൾ കേൾക്കാം. നീന്താനും കുളിക്കാനും ഇവിടെ  ജാതിമത വേർതിരിവുകളില്ല. കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ അധ്യാപകരുമുണ്ട്‌.  ജാതി, മത, വർണ, ലിംഗ വിവേചനമില്ലാതെ കോറോം ദേവീസഹായം യുപി സ്‌കൂൾ വിദ്യാർഥികളെ  കുളത്തിൽ  നീന്തൽ പരിശീലിപ്പിക്കാൻ തുടങ്ങിയിട്ട് 35 വർഷമായി. 1925ൽ പുല്ലേരി വാധ്യാരില്ലത്ത് നാരായണൻ നമ്പൂതിരിയാണ് സ്‌കൂൾ സ്ഥാപിച്ചത്. അവർണർക്ക് വിദ്യാഭ്യാസം നൽകുന്നതിൽ പ്രതിഷേധിച്ച് സവർണർ സ്‌കൂൾ ബഹിഷ്‌കരിച്ചപ്പോൾ തടയാൻ നിൽക്കാതെ വിദ്യാഭ്യാസം എല്ലാവർക്കുമുള്ളതാണ് എന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്. 
   നിരവധി കമ്യൂണിസ്‌റ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞതിന്റെ ഓർമകളുള്ള ഇല്ലമാണിത്‌. 1985ലാണ് സ്‌കൂളിലെ സ്‌കൗട്ട് വളന്റിയർമാർക്കായി ഇല്ലക്കുളത്തിൽ നീന്തൽ പരിശീലനം നൽകാൻ തീരുമാനിച്ചത്. ഇതിനെതിരെ  വ്യാപക വിമർശങ്ങളുയർന്നു.  ഇത്‌ വകവയ്‌ക്കാതെ ആരംഭിച്ച പരിശീലനം പിന്നീട് സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കുമായി. 
   സ്‌കൂൾ മാനേജരും റിട്ട. പ്രധാനാധ്യാപകനും നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ   പി വി രവീന്ദ്രൻ, റിട്ട. പ്രധാനാധ്യാപകൾ പി വി വിജയൻ, പ്രധാനാധ്യാപിക പി ഉഷ, പി ലക്ഷ്‌മണൻ എന്നിവരായിരുന്നു പരിശീലകർ. അധ്യാപകനായ പി വി അർജുനും  ഈവർഷംമുതൽ ഇവർക്കൊപ്പമുണ്ട്.  രാവിലെ 6.30ന് തുടങ്ങുന്ന പരിശീലനം 8.30 വരെ നീളും. മൂന്ന് ബാച്ചുകളിലായാണ്‌ പരിശീലനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top