20 April Saturday

രാഷ്ട്രീയത്തിനതീതമായ സൗഹൃദവലയം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

വി കെ അബ്ദുൾഖാദർ മൗലവിയുടെ മൃതദേഹം കണ്ണൂർ മുഴത്തടത്തെ വീട്ടിൽ പൊതുദർശനത്തിനുവച്ചപ്പോൾ

 കണ്ണൂർ 

സൗമ്യമായ പെരുമാറ്റത്തിലൂടെ രാഷ്ട്രീയത്തിനതീതമായി ജനമനസുകളിൽ  ഇടംനേടിയ നേതാവായിരുന്നു വി കെ അബ്ദുൾഖാദർ മൗലവി. അരനൂറ്റാണ്ടായി കണ്ണൂരിലെയും മലബാറിലെയും മുസ്ലിംലീഗിന്റെ പ്രധാന നേതാവായി അദ്ദേഹത്തിന് പ്രവർത്തിക്കാനായതും ഈ സ്വഭാവ വിശേഷത്താലാണ്‌. 
ജില്ലയിൽ മുസ്ലിംലീഗിലും യൂത്ത് ലീഗിലും ഉണ്ടാകുന്ന തർക്കങ്ങളിൽ പരിഹാരത്തിനുള്ള അവസാന വാക്കും മൗലവിയുടേതാണ്‌. പ്രവർത്തന പരിചയമുള്ള നേതാവാണെങ്കിലും പാർടി പറഞ്ഞ ചുമതലകൾ മാത്രമേ അദ്ദേഹം ഏറ്റെടുത്തുള്ളൂ. സമുദായ ഐക്യത്തിനും മതസൗഹാർദത്തിനുമൊക്കെ അദ്ദേഹം മുന്നിൽ നിന്നു. പാണക്കാട് കുടുംബവുമായും മുതിർന്ന സംസ്ഥാന നേതാക്കളുമായും ആത്മബന്ധം പുലർത്തി. ‌
1960 കളിലാണ്‌ രാഷ്ട്രീയ രംഗത്ത്‌ സജീവമായത്‌. എംഎസ്എഫിലും യൂത്ത്‌ലീഗിലും തുടർന്ന്‌ മുസ്ലിംലീഗിലും വിവിധ ചുമതലകൾ വഹിച്ചു.  1975 മുതൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗം. 1996 ൽ ജില്ലാ ജനറൽ സെക്രട്ടറിയും 2004 ൽ ജില്ലാ പ്രസിഡന്റുമായി. 2012 മുതൽ സംസ്ഥാന വൈസ് പ്രസിഡന്റാണ്‌. തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, ദീനുൽ ഇസ്ലാംസഭ എച്ച്എസ്എസ് എന്നിവയുടെ അമരത്തും തിളങ്ങി. 
 1987ൽ അഴീക്കോട് മണ്ഡലത്തിൽ നിയമസഭയിലേക്ക് പത്രിക നൽകിയെങ്കിലും എം വി രാഘവനെ മത്സരിപ്പിക്കാൻ പാർടി നിർദേശിച്ചതോടെ പിന്മാറി. 2006ൽ പെരിങ്ങളത്ത്‌ മത്സരിച്ച്‌ പരാജയപ്പെട്ടു. 1991ൽ ജില്ലാ കൗൺസിൽ അംഗവും 1995ലും 2000ലും ജില്ലാ പഞ്ചായത്ത് അംഗവുമായി.  
രാഷ്ട്രീയ–- സാമൂഹ്യ–- സംസ്കാരികരംഗത്തെ നിരവധി പേര്‍ അനുശോചിച്ചു.  മുഴത്തടത്തെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍, എം കെ രാഘവന്‍ എംപി, മുസ്ലിംലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി,  പി എം എ സലാം,  സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, സണ്ണി ജോസഫ്, കെ പി മോഹനന്‍, മേയര്‍ ടി ഒ മോഹനന്‍, ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, എല്‍ജെഡി സംസ്ഥാന സെക്രട്ടറി വി രാജേഷ് പ്രേം, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി പി ടി ജോസ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top